Skip to main content

വനിതാ സംരംഭകരുടെ 11 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ 

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീയുടെ മൈക്രോ സംരംഭങ്ങള്‍ നിര്‍മിച്ച 11 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ നിര്‍മിച്ച ചോക്കോസോഫ്റ്റ് ചോക്ലേറ്റ്‌സ്, യാഹൂ ബിസ്‌ക്കറ്റ്‌സ്, സെന്റ് ജോര്‍ജ് ഓര്‍ഗോ ക്ലീനര്‍, ഷൈസോള്‍ ക്ലോത്ത് സാന്‍ഡല്‍സ്, ഊര്‍ജ്ജശ്രീ പായസം, സഹ്യശ്രീ ഹണി തുടങ്ങിയ 11 ഉല്‍പ്പന്നങ്ങളുടെ പ്രകാശനം തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. മുണ്ടേരി, കൊട്ടിയൂര്‍, പാട്യം, കൊട്ടിയൂര്‍, പേരാവൂര്‍, കണ്ണൂര്‍, തൃപ്രങ്ങോട്ടൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ 10 മൈക്രോ സംരംഭങ്ങളുടേതാണ് ഉല്‍പ്പന്നങ്ങള്‍. 
    കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലൂടെ വിവിധ തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനായത് സ്ത്രീശാക്തീകരണ രംഗത്തെ പുത്തന്‍ ചുവടുവയ്പാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി. വനിതാ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമായാണ് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 10 ലക്ഷം രൂപ കുടുംബശ്രീ മൈക്രോ സംരംഭങ്ങള്‍ക്ക് ഉല്‍പന്ന നിര്‍മാണത്തിനായി വകയിരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 
    ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, അംഗങ്ങളായ അജിത്ത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത്, കുടുംബശ്രീ സംസ്ഥാന ഗവേണിംഗ് ബോഡി അംഗം എ കെ രമ്യ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
പി എന്‍ സി/3220/2019  
 

date