Skip to main content

ജില്ലയിൽ ഗ്രന്ഥശാല വാരാചരണം 8 മുതൽ 14 വരെ

ലോക സാക്ഷരതാദിനമായ സെപ്തംബർ 8 മുതൽ ഗ്രന്ഥശാലദിനമായ 14 വരെ ജില്ലയിലെ ലൈബ്രറികളിൽ ഗ്രന്ഥശാല വാരാചരണ പരിപാടികൾ സംഘടിപ്പിക്കും. വാരാചരണത്തിന് തുടക്കംകുറിച്ച് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് മുരളി പെരുനെല്ലി എംഎൽഎ ഗുരുവായൂർ മുനിസിപ്പൽ ലൈബ്രറിയിലും സെക്രട്ടറി കെ.എൻ ഹരി പൂങ്കുന്നം ജ്ഞാനോദയം ഗ്രന്ഥശാലയിലും, സ്റ്റേറ്റ് എക്‌സി അംഗങ്ങളായ ടികെ വാസു ചൂണ്ടൽ ഗ്രാമീണ വായനശാലയിലും, സുനിൽ ലാലൂർ അരണാട്ടുകര ഗ്രാമീണ വായനശാലയിലും, ജില്ലാ ജോയിയിൻറ് സെക്രട്ടറി രാജൻ എലവത്തൂർ കേച്ചേരി ഗ്രാമീണ വായനശാലയിലും പതാകയുയർത്തും.
വാരാചരണത്തിൻെ്‌റ ഭാഗമായി പുസ്തകസമാഹരണം, അംഗത്വ കാമ്പയിൻ, വരിസംഖ്യ കുടിശ്ശിക നിവാരണപ്രവർത്തനം, ഗ്രന്ഥലോകം വരിക്കാരെ ചേർക്കൽ, സെമിനാറുകൾ, ക്ലാസുകൾ, പുസ്തക ചർച്ചകൾ, മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരെ ആദരിക്കൽ എന്നിവ സംഘടിപ്പിക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന ഗ്രന്ഥശാലാ സംഘം 75ാം വാർഷികാഘോഷ പരിപാടികൾക്ക് സെപ്തംബർ 14 ഗ്രന്ഥശാലദിനത്തിൽ വായനശാലകളിൽ 75 അക്ഷരദീപങ്ങൾ തെളിയിച്ചുകൊണ്ട് തുടക്കം കുറിക്കും. വാരാചരണ കാലയളവിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർക്കുന്ന വായനശാലകൾക്ക് താലൂക്ക് അടിസ്ഥാനത്തിൽ പുരസ്‌കാരങ്ങൾ നൽകും.

date