Skip to main content

ജില്ലാഭരണകൂടത്തിന്റെ ഓണാഘോഷപരിപാടികൾ

തിരുവോണനാളിൽ സംഗീത വിരുന്നൊരുക്കി ജില്ലാഭരണകൂടത്തിന്റെ ഓണാഘോഷപരിപാടികൾ

കോഴിക്കോടിന്റെ മനം കവർന്ന്
സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കിയ ഓണാഘോഷ പരിപാടികൾ. തിരുവോണ ദിനത്തിൽ മികച്ച ജനപ്രതികരണമാണ് വിവിധ ഇടങ്ങളിലായി നടന്ന പരിപാടികൾക്ക് ലഭിച്ചത്. മുഖ്യ വേദിയായ ടാഗോർ ഹാളിൽ ആസ്വാദകരുടെ മനം നിറച്ച്
മ്യൂസീഷ്യൻസ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഗാനമേള അരങ്ങേറി. കെ കെ നിഷാദ്, സിനോവ് രാജ്, രോഷ്നി മേനോൻ തുടങ്ങിയവർ നയിച്ച ഗാനമേളയിൽ കീർത്തന ശബരീഷ്, അമൽ സി അജിത് തുടങ്ങിയവർ പ്രേക്ഷകരുടെ പ്രിയ ഗാനങ്ങൾ വേദിയിൽ എത്തിച്ചു. പഴയകാല മെലഡി ഗാനങ്ങൾ സദസ്സ് നിറഞ്ഞ കൈയടിയോടെയാണ് ഏറ്റെടുത്തത്.

മാനാഞ്ചിറയിലെ വേദിയിലെ വുഷു പ്രദർശനം കാഴ്ചക്കാർക്ക് വേറിട്ട അനുഭവമായി. ചൈനീസ് ആയോധനകലയായ വുഷു സ്പോർട്സ് കൗൺസിൽ അംഗീകാരം നേടിയ കായിക ഇനമാണ്. സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ ടീമാണ് കാഴ്ചക്കാർക്ക് മുന്നിലേക്ക് വുഷു അഭ്യാസവുമായി എത്തിയത്. 35 പേരാണ് മലയാളികൾക്ക് അധികം സുപരിചിതമല്ലാത്ത ആയോധനകലയുമായി വേദിയിൽ എത്തിയത്. കൊയിലാണ്ടി അരങ്ങ്, നാട്ടുണർവ്വ് കലാ സംഘത്തിന്റെ കരകാട്ടം, കാവടിയാട്ടം, നാടൻ പാട്ടുകൾ ദൃശ്യാവിഷ്കാരങ്ങൾ എന്നിവയും അരങ്ങേറി.

ടൗണ്‍ഹാളില്‍ കോഴിക്കോട് സങ്കീർത്തനയുടെ 'വേനലവധി' എന്ന നാടകം അരങ്ങിലെത്തി. 2 മണിക്കൂറും25 മിനിറ്റ് ദൈർഘ്യമുള്ളതാണ് നാടകം. പുതിയ തലമുറയിലെ ഒരു കുടുംബത്തിനുള്ളിൽ നടക്കുന്ന പ്രശ്നങ്ങളാണ് നാടകത്തിന്റെ ഇതിവൃത്തം. തന്റെ മകൾ വഴിതെറ്റി പോകുമ്പോൾ ഒരച്ഛൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളാണ് കഥാ തന്തു. പുതുതലമുറ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ വീടിനുള്ളിൽ തുറന്നു സംസാരിച്ചാൽ തീരാവുന്നതേയുള്ളൂ എന്ന ആശയമാണ് നാടകം മുന്നോട്ടുവയ്ക്കുന്നത്. ഹേമന്ത്‌ കുമാർ രചനയും രാജേഷ് ഇരുളം സംവിധാനവും നിർവഹിച്ചിരിക്കുന്ന നാടകത്തിൽ സജി മൂരാട്, കോതമംഗലം മനോജ്, ലിഷോയ് ഉണ്ണികൃഷ്ണൻ, അനിൽ കൃഷ്ണൻ, പ്രിയദർശിനി, മല്ലിക തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

date