Skip to main content

സംരംഭകത്വ പരിശീലനം: അപേക്ഷ 18 ന് മുമ്പ് നൽകണം

മൃഗസംരക്ഷണ മേഖലയിലെ നവ സംരംഭകർക്കായി, സെപ്റ്റംബർ 25ന് താമരശ്ശേരി അമ്പായത്തോട്ടിൽ ഹരിത വിദ്യ ഓഡിറ്റോറിയത്തിൽ താലൂക്കുതല ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇങ്ങാപ്പുഴയിലെ പുതുപ്പാടി വെറ്ററിനറി ആശുപത്രിയിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഈ മാസം 18 ന് മുമ്പ് അതേ ഓഫീസിൽ പൂരിപ്പിച്ച് നൽകണം. ഫോൺ 0495 2234811.

 

 

 

 

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് റസ്ക്യൂ മിഷൻ

 

 

 

2019 2019 -20 വാർഷിക പദ്ധതിയുടെ ഭാഗമായി ദുരന്ത നിവാരണ സേനയിലേക്ക് സന്നദ്ധ സേവകരാവാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സന്നദ്ധ സേവനത്തിന്നും ജീവൻ രക്ഷാപ്രവർത്തനത്തിനും താൽപര്യമുള്ള കടലുണ്ടി ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ സ്ഥിര താമസമുള്ളവർക്ക് സെപ്റ്റംബർ 17നുള്ളിൽ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

 

 

 

സൂഫിയാനാ കലാമിന്റെ നിറ മഴയിൽ ജില്ലാ ഭരണകൂടത്തിന്റെ ഓണാഘോഷം

 

 

 

ഞാന്‍ മജ്നുവാകുന്നു , നീ ലൈലയും. എങ്കിലും നമ്മള്‍ ഒറ്റ ആത്മാവാകുന്നു. പ്രണയം തീര്‍ക്കുന്ന അദ്വൈതഭാവം..... സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും പാടിത്തുടങ്ങുകയായി. ഭൂമിയിൽ നിന്നും ആകാശങ്ങളിലേക്ക് പടരുന്ന പ്രണയാനുഭവങ്ങളുടെ ദിവ്യസംഗീതമായ സൂഫിയാനാ കലാം. സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് നടത്തുന്ന ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഹ്ഫിൽ രാത്ത് മനസ്സ് നിറയുന്ന അനുഭവമായി. സൂഫി കാവ്യാലാപനത്തിൽ പതിറ്റാണ്ട് പിന്നിട്ട ഗായകരാണ് സമീർ ബിൻസി, ഇമാം മജ്ബൂർ എന്നിവര്‍. ആലാപന മികവിനെ ആത്മീയാനുഭവമാക്കി മാറ്റി, സൂഫി കാവ്യാലാപനത്തെ ജനകീയമാക്കുന്നതിൽ സമീർ ബിൻസിയും സംഘവും മുൻനിരയിലുണ്ട്. ഇബ്നു അറബി, മൻസൂർ ഹല്ലാജ്, റാബിഅ ബസരിയ്യ തുടങ്ങിയവരുടെ അറബി കാവ്യങ്ങൾ, ജലാലുദ്ദീൻ റൂമി, ഹാഫിസ്, ജാമി തുടങ്ങിയവരുടെ പേർഷ്യൻ കാവ്യങ്ങൾ, ഖാജാ മീർ ദർദ് , ഹസറത്ത് മൊഹാനി, തുടങ്ങിയവരുടെ ഉർദു ഗസലുകൾ , ഇച്ച മസ്താൻ, അബ്ദുൽ റസാഖ് മസ്താൻ, മസ്താൻ കെ.വി.അബൂബക്കർ മാസ്റ്റർ, തുടങ്ങിയവരുടെ മലയാളം സൂഫി കാവ്യങ്ങൾ, ഇങ്ങനെ വൈവിധ്യമാര്‍ന്ന സംഗീതരത്നങ്ങള്‍ കോര്‍ത്ത് സമീർ ബിൻസിയും സംഘവും ഒരുക്കുന്ന "സൂഫിയാന കലാം" തനത് സൂഫി കാവ്യാലാപനം സവിശേഷ ശ്രദ്ധ നേടി. കേരളീയ യുവത നെഞ്ചിലേറ്റിയ സംഗീതമാണിത്. ശ്രീനാരായണ ഗുരുവിന്‍റേയും ഗുരു നിത്യചൈതന്യയതിയുടേയും യോഗത്മക ശീലുകളുടെ ആലാപനം കൂടി ഇവരുടെ സൂഫീ സദിരുകളോട് കണ്ണി ചേരുന്നത് കാണാം. നിറഞ്ഞ കരഘോഷത്തോടെ സദസ്സ് ഇശലുകളേറ്റെടുത്തപ്പോൾ കോഴിക്കോട് നോർത്ത് എം എൽ എ. എ പ്രദീപ്കുമാറും അവർക്കൊപ്പമുണ്ടായിരുന്നു. സമീർ ബിൻസി, ഇമാം മജ്‌ബൂർ എന്നീ ഗായകർക്കൊപ്പം സ്ട്രിങ്സ് -ബേണി (ഇഗ്നേഷ്യസ്,) പെർക്യൂഷൻസ് -അസീസ് തബല -അക്ബർ കീ ഹാർമോണിയം - അസ്‌ലം വയലിൻ -ഹെറാൾഡ് വോക്കൽ -മിഥുലേഷ് എന്നിവര്‍ പിന്നണിയിലും ശ്രദ്ധേയമായി. ഓണാഘോഷത്തിന്റെ രണ്ടാം ദിനമായ ഇന്ന് പ്രേമൻ ചേളന്നൂരിന്റെ നേതൃത്വത്തിൽ ചേളന്നൂർ ഗോത്രകലാഗ്രാമം അവതരിപ്പിച്ച ഗോത്രപൊലിമ മാനാഞ്ചിറയിൽ നടന്നു. പരമ്പരാഗത അനുഷ്ഠാന കലകളും ഗോത്ര കലകളും ചേർത്തിണക്കിയ പരിപാടിയിൽ 35ഓളം കലാകാരന്മാരാണ് അണിനിരന്നത്. നാടൻ പാട്ടുകളും തെയ്യവും തിറയുമെല്ലാം അരങ്ങുണർത്തിയപ്പോൾ കാണികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടർന്ന് റെൻസി ദിലീപും സംഘവും നയിച്ച കരാട്ടെ പ്രദർശനവും മാനാഞ്ചിറയിലെ വേദിയിൽ നടന്നു. വൈകീട്ട് 6 മുതൽ 7 മണി വരെ നടന്ന പ്രദർശനത്തിൽ 60 ഓളം പേർ പങ്കെടുത്തു. വനിതകളുൾപ്പെടെയുള്ളവർ നടത്തിയ അഭ്യാസങ്ങൾ കാണികളിൽ ആവേശമുണർത്തി. ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന നാടകോത്സവത്തിൽ വള്ളുവനാട് ബ്രഹ്മ അവതരിപ്പിക്കുന്ന പാട്ടുപാടുന്ന വെള്ളായി നാടകമാണ് ടൗൺഹാളിൽ. സംവിധാനം രാജേഷ് ഇരുളവുമാണ്. മാനസിക സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിക്കാത്ത ഇന്നത്തെ ചെറിയ തലമുറയെയാണ് നാടകം പറഞ്ഞുവെക്കുന്നത്. 4 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികൾ 12ന് സമാപിക്കും. 11ന് വൈകിട്ട് ആറിന് ടാഗോള്‍ഹാളില്‍ മ്യുസീഷ്യന്‍സ് വെല്‍ഫെയര്‍ കോ - ഓപ് സൊസൈറ്റിയുടെ ഗാനമേള അരങ്ങേറും. മാനാഞ്ചിറയിലെ വേദിയില്‍ വുഷു പ്രദര്‍ശനം, കരകാട്ടം, കാവടിയാട്ടം, നാടന്‍ പാട്ടുകളും ദൃശ്യാവിഷ്‌കരണവും എന്നിവ നടക്കും. 11 മുതലാണ് കുറ്റിച്ചറിയിലെ വേദി ഉണരുക.11, 12 തിയ്യതികളില്‍ വൈകിട്ട് ഏഴിന് ഇവിടെ ഗാനമേള അരങ്ങേറും.

date