Skip to main content
ഓണം വരാഘോഷ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്യുന്നു.

ഓണം ടൂറിസം വാരാഘോഷത്തിന് കൊടിയിറങ്ങി.                 

 

ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും  നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് ചെറുതോണിയില്‍ കൊടിയിറങ്ങി. ചെറുതോണി ടൗണില്‍ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാരികള്‍ക്ക്  നമ്മുടെ നാടിന്റെ സൗന്ദ്യരം ആസ്വദിക്കാനുള്ള അവസരം ആതിഥേയരായ നമ്മള്‍ ഒരുക്കി കൊടുക്കണമെന്ന് സമാപന സമ്മേളനം ഉദ്്ഘാടനം ചെയ്ത് അവര്‍ പറഞ്ഞു.

കേരളത്തിലെ ആഭ്യന്തര വരുമാനത്തിന്റെ 35 ശതമാനവും വിനോദ സഞ്ചാര മേഖലയിലൂടെയാണെന്നും  സഹകരണമേഖലയുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജില്ലയിലെ വിനോദ സഞ്ചാര മേഖലയുടെ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും  കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി വര്‍ഗീസ് ഓണം സന്ദേശം നല്‍കി പറഞ്ഞു. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ മുഖ്യപ്രഭാഷണം നടത്തി.

 

പരുന്താട്ടം,  കഥകളി, പുലികളി, തെയ്യം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത വര്‍ണശബള ഘോഷയാത്രയോടെയാണ് സമാപന സമ്മേളത്തിന് തുടക്കമായത്. രസം കൊല്ലിയായി എത്തിയ മഴയെ അവഗണിച്ച് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ അംഗങ്ങളും അടക്കം നിരവധി പേര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. കഴിഞ്ഞ ഒരാഴ്ചായായി ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലങ്ങളില്‍  ഒണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പരിപാടിയോടനുബന്ധിച്ച് പാലകമ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.  

 

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിന്‍സി സിബി സമാപന സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, ഡിടിപിസി സെക്രട്ടറി ജയന്‍ പി വിജയന്‍,  ഡിടിപിസി എക്‌സിക്യൂട്ടീവ് അംഗം അനില്‍ കൂവപ്ലാക്കല്‍ , ലിസമ്മ സാജന്‍, ടിന്റു സുഭാഷ്, ബാബു ജോര്‍ജ്, സെലിന്‍ വിഎം, അമ്മിണി ജോസ് തുടങ്ങി ത്രിതലപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരടക്കം നിരവധി പേര്‍ ഓണം വാരാഘോഷ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.

date