Skip to main content

പ്രിസം പദ്ധതി: മൂന്ന് തസ്തികകളില്‍ ഒഴിവ്, ഇന്റര്‍വ്യൂ സെപ്തംബര്‍ 19 - ന്

 

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്ത പദ്ധതിയായ 'പ്രിസത്തിലേക്ക് ' സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റര്‍  ഒഴിവുകളിലേക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്തംബര്‍ 19 രാവിലെ 10.30 ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ ദിവസം രാവിലെ എട്ട് മണി മുതല്‍ 9.30 വരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെത്തി രജിസ്റ്റര്‍ ചെയ്യാം.

സബ് എഡിറ്റര്‍ തസ്തികയിലേക്ക്  ഏതെങ്കിലും വിഷയത്തില്‍ ബിരുദവും  ജേണലിസത്തില്‍ പി.ജി ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം /മാസ് കമ്യൂണിക്കേഷനില്‍ ബിരുദവുമാണ് യോഗ്യത. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ജില്ലയില്‍ ഒരു സബ് എഡിറ്റര്‍ ഒഴിവാണ് ഉള്ളത്. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസത്തില്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം / മാസ് കമ്യൂണിക്കേഷനില്‍ ബിരുദവുമാണ് യോഗ്യത. കണ്ടന്റ് എഡിറ്റര്‍ തസ്തികയ്ക്ക്  ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം ഡിപ്ലോമ അല്ലെങ്കില്‍ ജേര്‍ണലിസം / മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദമാണ് യോഗ്യത. സമൂഹമാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷന്‍ /ഗ്രാഫിക് ഡിസൈന്‍ എന്നിവയില്‍ പരിചയം ഉണ്ടാവണം.  മൂന്ന് തസ്തികകളിലേക്കും  ജേണലിസം /മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. ഇവര്‍ക്കുംപ്രവര്‍ത്തി പരിചയം നിര്‍ബന്ധമാണ്.

മൂന്ന് ഒഴിവുകളിലേക്കും അപേക്ഷിക്കുന്നവര്‍ക്ക് മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. പി.എസ്.സി മാനദണ്ഡപ്രകാരമുള്ള പ്രായപരിധി ബാധകമായിരിക്കും. ഒരാള്‍ക്ക് ഒരു തസ്തികയിലേക്കു മാത്രമെ അപേക്ഷിക്കാന്‍ സാധിക്കു. എം പാനല്‍ ചെയ്യപ്പെട്ടവര്‍ക്ക് ഇതര ജില്ലകളിലേക്ക് സ്ഥലം മാറ്റം അനുവദനീയമല്ല, സബ് എഡിറ്റര്‍ക്ക് പ്രതിമാസം 19800 രൂപയും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റര്‍ തസ്തികകളില്‍ പ്രവേശിക്കുന്നവര്‍ക്ക് 15400 രൂപയുമാണ് പ്രതിഫലം. വാക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തുന്നവര്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ www.prd.kerala.gov.in ല്‍ ലഭിക്കും.  

date