Skip to main content

വിദ്യാർത്ഥികൾക്ക്  വിവിധ മത്സരങ്ങൾ 

ആലപ്പുഴ: ഒക്‌ടോബർ രണ്ടു മുതൽ എട്ടു വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് കേരള വനം-വന്യജീവി  വകുപ്പ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. എൽ.പി., യു.പി. വിഭാഗങ്ങൾക്ക് പ്രകൃതിയെയും വന്യജീവികളെയും         അടിസ്ഥാനമാക്കി പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് ഇനങ്ങളിലും, ഹൈസ്‌ക്കൂൾ, കോളേജ് വിഭാഗങ്ങൾക്ക് ക്വിസ്സ്, ഉപന്യാസം, പ്രസംഗം, പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് ഇനങ്ങളിലുമാണ് മത്സരം.  സർക്കാർ, എയിഡഡ്, സ്വാശ്രയ സ്‌ക്കൂളുകളിലെയും കോളേജുകളിലേയും പ്രൊഫഷണൽ കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. ക്വിസ്സ് മത്സരത്തിൽ രണ്ട് പേര് അടങ്ങുന്ന ഒരു ടീമിനും മറ്റ് മത്സരങ്ങളിൽ ഒരു സ്ഥാപനത്തിൽ നിന്ന് ഒരിനത്തിൽ രണ്ട് പേർക്കു  വീതവും മത്സരിക്കാം. പ്രസംഗം, ഉപന്യാസമത്സരങ്ങൾ മലയാളത്തിലായിരിക്കും. ജില്ലാതല മത്സരങ്ങൾ 2019 ഒക്‌ടോബർ 2, 3 തീയതികളിൽ സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ ആലപ്പുഴ കൊമ്മാടിയിലെ ഓഫീസിൽ നടക്കും. രണ്ടിന് രാവിലെ ഒമ്പതു മുതൽ പെൻസിൽ ഡ്രോയിംഗ്, ഉപന്യാസം എന്നിവയും ഉച്ച കഴിഞ്ഞ്  2.15 മുതൽ വാട്ടർ കളർ പെയിന്റിംഗ് മത്സരവും നടക്കും. മൂന്നിന് രാവിലെ 10 മുതൽ ക്വിസ്സ് മത്സരവും രണ്ടിന് പ്രസംഗ മത്സരവും നടക്കും. താല്പര്യമുള്ളവർ സ്‌ക്കൂൾ / കോളേജ് മേധാവിയുടെ സാക്ഷ്യപത്രം സഹിതം അപേക്ഷ ഒക്‌ടോബർ ഒന്നിനകം ആലപ്പുഴ സാമൂഹ്യവനവൽക്കരണ വിഭാഗം ഓഫീസിൽ ലഭ്യമാക്കണം. ഫോൺ നമ്പർ  0477 2246034

 

 

date