Skip to main content

കേന്ദ്രസംഘം തീരദേശത്തെ  കടലാക്രമണ പ്രദേശങ്ങളും സന്ദർശിച്ചു

ആലപ്പുഴ: 2019 ലെ പ്രകൃതിക്ഷോഭ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി എത്തിയ കേന്ദ്രസംഘം  ഉച്ചയ്ക്ക് ശേഷം ജില്ലയിലെ കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ച് തകർന്ന വീടുകളും കടലേറ്റത്തിൻരെ രൂക്ഷതയും വിലയിരുത്തി. രാവിലെ കൈനകരിയിലെത്തിയ സംഘം ഏറെ നേരം മടവീണതും പുതിയ മടകെട്ടുന്നതുമായ ജോലികൾ നോക്കിക്കണ്ടു.മട നിർമാണത്തിന് നേതൃത്വം നൽകുന്ന മതി മോഹനനുമായി മടകെട്ടുന്ന രീതി സംബന്ധിച്ച് ചോദിച്ചറിഞ്ഞു. മണൽച്ചാക്ക് നിറയ്ക്കുന്നതിന് നേതൃത്വം നൽകുന്ന കുടുംബശ്രീ പ്രവർത്തകരുമായും സംഘം സംസാരിച്ചു. കാർഷിക സംരക്ഷണ പ്രവർത്തനത്തിൽ പങ്കെടുത്ത കുടുംബശ്രീ പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്താണ് സംഘം മടങ്ങിയത്. തുടർന്ന്
കേന്ദ്ര സംഘം ഉച്ചയോടെ വലിയ തുരുത്ത് പാടശേഖരത്തിന്റെ പരിസരം, ചെറു കായൽപ്പാടം, സി - ബ്ലോക്ക്, മാർത്താണ്ഡം കായൽ എന്നിവിടങ്ങളിൽ സന്ദർശനം പൂർത്തിയാക്കി. ഉച്ചയ്ക്ക് ശേഷം ആദ്യം തോട്ടപ്പള്ളി സ്പിൽവേയാണ് സന്ദർശിച്ചത്. പൊഴിമുറിച്ച ഭാഗങ്ങളും ആഴം കൂട്ടുന്ന പ്രവർത്തികളും സംഘം വിലയിരുത്തി. അവിടെ നിന്ന് എടത്വയിലെത്തി മീൻ വളർത്തൽകേന്ദ്രത്തിലുണ്ടായ നാശനഷ്ടം കണ്ടു. തുടർന്ന് അമ്പലപ്പുഴ വളഞ്ഞവഴി മാധവൻമുക്കിലെത്തി സംഘം കടലാക്രമണത്തിൽ തകർന്ന വീടുകൾ സന്ദർശിച്ചു. പിന്നീട് കാട്ടൂരിലെത്തി അവിടുത്തെ കടലാക്രമണ പ്രദേശങ്ങളും സന്ദർശിച്ചു. മൂന്നംഗ കേന്ദ്രസംഘത്തോടൊപ്പം ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള, സബ്കളക്ടർ വി.ആർ.കൃഷ്ണതേജ,  സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി വിദഗ്ധൻ ഡോ.ആൻഡ്ര്യൂ സ്‌പെൻസർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്.സന്തോഷ്‌കുമാർ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായി.

date