Skip to main content

ചാമ്പ്യന്‍സ് ബോട്ട് ലീഗ് ജില്ലയില്‍;  ജലമാമാങ്കം പൊന്നാനി ബിയ്യം കായലില്‍ ഒക്ടോബര്‍ 19 ന്

സി.ബി.എല്‍ മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു
    കേരളത്തിന്റെ  തനത് കായിക വിനോദമായ വള്ളംകളി മത്സരങ്ങള്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് എന്ന പേരില്‍ ലീഗ് അടിസ്ഥാനത്തില്‍ ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകുന്നു. സംസ്ഥാനത്തെ 12 വേദികളിലായി നടക്കുന്ന മത്സരത്തില്‍  ജില്ലയില്‍ നിന്ന് ബിയ്യം കായല്‍ മാത്രമാണുളളത്. ഇതോടനുബന്ധിച്ച് പൊന്നാനിയില്‍ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ശ്രദ്ധേയമായ വിനോദ സഞ്ചാര മേഖലയാണ് വള്ളം കളിയെന്നും പൊന്നാനിയില്‍ ഈ മേഖലയില്‍ വൈദഗ്ധ്യം ഉള്ളവരെ സൃഷ്ടിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
    ഒക്ടോബര്‍ 19 ന് നടക്കുന്ന സി.ബി.എല്‍.മത്സരത്തിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങള്‍ നടത്താന്‍ സ്വാഗത സംഘ യോഗത്തില്‍ തീരുമാനിച്ചു. ഒക്ടോബര്‍ 12 ന് കോട്ടപ്പുറത്ത് നടക്കുന്ന മത്സരത്തിനു ശേഷം വള്ളങ്ങള്‍ കനോലി കനാല്‍ വഴി ബിയ്യം കായലിലെത്തും. ലീഗ് മത്സരത്തോടൊപ്പം പ്രാദേശിക ക്ലബ്ബുകളുടെ മത്സര വള്ളംകളിയും, ഘോഷയാത്രയും, നടത്തുന്നതിന് ധാരണയായി. വിവിധ തനത് കലാപരിപാടികളും നടക്കും.  

     എല്ലാ വര്‍ഷങ്ങളിലും നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തില്‍ ഏറ്റവും മികച്ച സമയം കുറിക്കുന്ന ഒമ്പത് ചുണ്ടന്‍ വള്ളങ്ങള്‍ അതിനടുത്ത വര്‍ഷം നടക്കുന്ന സിബിഎല്‍ ലേക്ക് യോഗ്യത നേടുന്നതായിരിക്കും.  ഒമ്പത് ചുണ്ടന്‍ വള്ളങ്ങളാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ മത്സര ഘടന പ്രകാരം മത്സരിക്കുക.  മൂന്ന് വള്ളങ്ങള്‍ പങ്കെടുക്കുന്ന മൂന്ന് ഹീറ്റ്‌സ് ഉണ്ടായിരിക്കും. ഇവയില്‍ ഏറ്റവും മികച്ച സമയം കുറിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ വരുന്ന വള്ളങ്ങള്‍ ഓരോ  മത്സരങ്ങളിലേയും ഫൈനലില്‍  മത്സരിക്കും. നാല്, അഞ്ച്,  ആറ് സ്ഥാനങ്ങളില്‍ വരുന്ന വള്ളങ്ങള്‍ ലൂസേഴ്‌സ് ഫൈനലില്‍ മത്സരിക്കും.   ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍ വരുന്ന വള്ളങ്ങള്‍ സെക്കന്റ് ലൂസേഴ്‌സ് ഫൈനലില്‍ മത്സരിക്കും. അങ്ങനെ ആറ്  മത്സരങ്ങളാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉണ്ടാകുക.
     ആലപ്പുഴയില്‍ നിന്നുള്ള ഒമ്പത് ചുണ്ടന്‍ വള്ളങ്ങളാണ് മത്സരത്തിനായി ബിയ്യം കായലിലിറങ്ങുക. മൂന്ന് ട്രാക്കുകളിലായാണ് ബിയ്യം കായലില്‍ മത്സരം ക്രമീകരിക്കുക. 12 സ്ഥലങ്ങളിലായി നടക്കുന്ന മത്സരത്തില്‍ കൂടുതല്‍ പോയന്റ് നേടുന്ന ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടും. ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങളിലെ വീറും വാശിയും വള്ളംകളിയിലും എത്തുമ്പോള്‍ ജല മാമാങ്കം തന്നെയായിരിക്കും ബിയ്യം കായലില്‍ ഉണ്ടാകുക. 
  സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ സി.പി.മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. ടൂറിസം ഡി.ഡി.കെ.കെ.പത്മകുമാര്‍, ടെക്‌നിക്കല്‍ കമ്മറ്റിയംഗം ആര്‍.കെ.കുറുപ്പ്, ഡി.ഡി. അഭിലാഷ്, തൃശൂര്‍ സബ് കളക്ടര്‍ ഗിരീഷ്,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം.ആറ്റുണ്ണിതങ്ങള്‍, കെ. ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  
 

date