Skip to main content

പ്രളയം  -ജില്ലയിലെ നാശ നഷ്ടം വിലയിരുത്തി കേന്ദ്രസംഘം

     ജില്ലയില്‍ ഈ വര്‍ഷമുണ്ടായ പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം പര്യടനം നടത്തി. കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തില്‍ കൃഷിസഹകരണംകര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ.കെ മനോഹരന്‍, സാമ്പത്തിക മന്ത്രാലയം ജോയിന്റ് ഡയറക്ടര്‍ എസ്.സി മീണ , വൈദ്യുതി മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ഒ.പി സുമന്‍ എന്നിവര്‍ ഉള്‍പ്പെട്ട നാലംഗ സംഘമാണ് ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്. രാവിലെ 9.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍  എത്തിയ സംഘത്തെ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്നു  മഞ്ചേരി വി.പി ഹാളില്‍  ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംഘം പങ്കെടുത്തു. പ്രളയത്തെ തുടര്‍ന്നു ജില്ലയിലുണ്ടായ നാശ നഷ്ടങ്ങളുടെ വിവരണം കലക്ടര്‍ സംഘത്തിനു മുന്‍പാകെ അവതരിപ്പിച്ചു.
   യോഗത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ട് യു. അബ്ദുല്‍ കരീം, ഡെപ്യൂട്ടി കലക്ടര്‍മാരായ പി.എന്‍. പുരുഷോത്തമന്‍, ഡോ.ജെ.ഒ. അരുണ്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
   തുടര്‍ന്നു സംഘം വിവിധ  ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. ആദ്യം പ്രളയത്തെ തുടര്‍ന്നു പൂര്‍ണമായി തകര്‍ന്ന  കൈപ്പിനിക്കടവ് പാലം സന്ദര്‍ശിച്ചു.പൂക്കോട്ടുമണ്ണ റെഗുലേറ്റര്‍ കം ബ്രിഡ്ജും പരിസരവും നോക്കിക്കണ്ടു. പിന്നീട് പൂര്‍ണ്ണമായി ഒലിച്ചുപോയ പാതാര്‍ അങ്ങാടിയിലാണ് സംഘമെത്തിയത്. തുടര്‍ന്നു ഏറ്റവുമധികം ജീവഹാനിയുണ്ടായ കവളപ്പാറ, തകര്‍ന്ന അമ്പിട്ടാന്‍ പൊട്ടി പാലം, പ്രളയത്തെ തുടര്‍ന്നു പുഴയോട് ചേര്‍ന്നു ഒലിച്ചു പോയ മുണ്ടേരി മുക്കത്തെ ബിനു ഫിലിപ്പിന്റെ  ആറ് ഏക്കര്‍ കൃഷി ഭൂമി,  മുണ്ടേരി സീഡ് ഫാം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.  
     ഉച്ചക്ക് ശേഷം പ്രളയത്തെ തുടര്‍ന്നു വെള്ളത്തിലായ മമ്പാട് ഗ്രാമ പഞ്ചായത്ത് ഓഫീസ്,  മമ്പാട് പ്രാഥമിക ആരോഗ്യ കേന്ദ്രം,  മമ്പാട് തൂക്കു പാലം, നാല് പേരുടെ മരണത്തിനിടയാക്കിയ എടവണ്ണ കുണ്ടുതോടിലെ തകര്‍ന്ന വീട്,  കുണ്ടുതോടിലെ കൃഷി ഭൂമി,  ആറോളം വീടുകള്‍ തകര്‍ന്ന എടവണ്ണ ചെരിയപറമ്പ് കോളനി, എടവണ്ണ യിലെ  പുഴയോരം, അരീക്കോട് പാലത്തിന്റെ സമീപത്തെ ഇടിഞ്ഞു പോയ പുഴയോരം,  വിളയംകണ്ടം റോഡ്,  വെസ്റ്റ് പത്തനാപുരത്തു വീടുകള്‍ തകര്‍ന്നതും  പുഴയോട് ചേര്‍ന്നതുമായ പ്രദേശം എന്നിവ സന്ദര്‍ശിച്ചു. 
    വിവിധ കേന്ദ്രങ്ങളില്‍ പി. വി. അന്‍വര്‍ എം. എല്‍. എ,  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍,  അംഗങ്ങള്‍,  ജില്ലാ തല ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവര്‍ ദുരന്തത്തെയും നാശ നഷ്ടത്തെയും  കുറിച്ച് സംഘത്തിന് വിശദീകരിച്ചു നല്‍കി. സംഘം രാത്രിയോടെ വയനാട് ജില്ലയിലേക്ക് പോയി.
 

date