Skip to main content

പേരാമ്പ്രയില്‍ 1.36 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

  പേരാമ്പ്രയില്‍ റഗുലേറ്റഡ് മാര്‍ക്കറ്റിനായി ഏറ്റെടുത്ത 1.36 ഏക്കര്‍ ഭൂമി മുന്‍ ഉടമകള്‍ക്ക് തിരികെ നല്‍കാനുള്ള 2003 ലെ  ഉത്തരവ് റദ്ദാക്കിയും ഭൂമിയുടെ അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയും റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.  മലബാര്‍ റഗുലേറ്റഡ് മാര്‍ക്കറ്റിംഗ് കമ്മറ്റിക്കു വേണ്ടി 1958 ലാണ് പേരാമ്പ്ര മേഞ്ഞാണ്യം വില്ലേജിലെ സര്‍വെ നമ്പര്‍ 84/243ല്‍ ഉള്‍പ്പെട്ട  ഭൂമി ഏറ്റെടുത്തത്. റഗുലേറ്റഡ് മാര്‍ക്കറ്റ്  പദ്ധതി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഭൂമി സര്‍ക്കാരിലേക്ക് വകയിരുത്തുന്നതിനു പകരം ഉടമകള്‍ക്ക് തന്നെ തിരിച്ചുനല്‍കി 2003 ല്‍  അന്നത്തെ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.  
  ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചുനല്‍കാനുള്ള 2003ലെ  ഉത്തരവ് റദ്ദാക്കിയും  ഭൂമിയുടെ അവകാശം റവന്യൂ വകുപ്പില്‍ തന്നെ നിക്ഷിപ്തമാക്കിയും ഉത്തരവ് പുറപ്പെടുവിച്ചത്.  ഭൂമി ഏറ്റെടുത്ത് കൈയേറ്റങ്ങള്‍ ഒന്നുമില്ലാതെ സംരക്ഷിക്കാന്‍ ജില്ലാ കലക്ടര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
  സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ ചൊവ്വാഴ്ച ഭൂമി ഏറ്റെടുത്തു. പേരാമ്പ്ര ടൗണിന്‍റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന  ഭൂമിയാണ് അന്യാധീനപ്പെട്ടുപോകാതെ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയത്.  
 പേരാമ്പ്ര എംഎല്‍എയും തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പ് മന്ത്രിയുമായ ടി പി രാമകൃഷ്ണന്‍റെ ശ്രമകരമായ ഇടപെടലിനെ തുടര്‍ന്നാണ്
ഇത് സാധ്യമായത്.

 

റബ്ബര്‍പാല്‍, ഡ്രൈ റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നതിന് പ്രായോഗിക പരിശീലനം

 

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി, പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബര്‍ പാലില്‍ നിന്നും ഡ്രൈ റബ്ബറില്‍ നിന്നും ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നതിന് താല്‍പര്യമുളളവര്‍ക്കുവേണ്ടി മൂന്ന് ദിവസത്തെ പ്രായോഗിക പരിശീലനം നടത്തുന്നു.  സെപ്തംബര്‍ 26 മുതല്‍ 28 വരെ നടത്തുന്ന  പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ 585/-രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി 2019 സെപ്തംബര്‍  20 നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന വിലാസവുമായി ബന്ധപ്പെടുക. അസിസ്റ്റന്റ് ഡയറക്ടര്‍, കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്റര്‍, പയ്യനാട് (പി.ഒ), മഞ്ചേരി, മലപ്പുറം, പിന്‍ 676122.  ഫോണ്‍ : 9846797000.

 

ഇശൽ നിലാവ് ഒക്ടോബർ 3ന് -- ആദ്യ ടിക്കറ്റ് വിൽപ്പന ജില്ലാ കലക്ടർ സാബ ശിവ റാവു നിർവ്വഹിച്ചു

 

കുടുംബശ്രീയുടെ ജ്വാല ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന സംഗീത വിരുന്ന് ഇശൽ നിലാവ് ഒക്ടോബർ മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് ടാഗോർ ഹാളിൽ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.  പരിപാടിയുടെ ആദ്യ ടിക്കറ്റ് വിൽപ്പന ജില്ലാ കലക്ടർ സാബ ശിവ റാവു നിർവ്വഹിച്ചു.  ജില്ലാ മിഷൻ കോർഡിനേറ്റർ പി സി കവിത ടിക്കറ്റ് ഏറ്റുവാങ്ങി. ട്രാൻസ്ജെൻഡർ അംഗങ്ങൾ ഉൾപ്പെട്ട കുടുംബശ്രീ സ്പെഷ്യൽ അയൽക്കൂട്ടത്തിന്റെ പുതിയ സംരംഭമായ ഇവൻറ് മാനേജ്മെൻറ് ഗ്രൂപ്പാണ് ജ്വാല. 

 

പ്രശസ്ത സിനിമ പിന്നണി ഗായകരായ കെ.ജി മാർക്കോസ്, രഹന എന്നിവരാണ് ഇശൽ നിലാവിനെ നയിക്കുന്നത്. 

 

 ജ്വാല നടത്തുന്ന ആദ്യ പരിപാടിയാണ് ഇശൽ നിലാവ്. വൈഗ സുബ്രഹ്മണ്യം, തൻസി, സഞ്ജന ചന്ദ്രൻ, അനുരാധ, സാനിയ, അനുപമ എന്നിവരാണ് ഇവന്റ് മാനേജ്മെൻറ് ഗ്രൂപ്പിന്റെ അമരക്കാർ.  600, 300 രൂപ നിരക്കിലാണ് ടിക്കറ്റുകൾ വിൽക്കുന്നത്. ടിക്കറ്റുകൾ   9188358322, 8089408723 എന്നി നമ്പറുകളിൽ ലഭിക്കും. കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ  ജ്വാല ഇവൻറ് മാനേജ്മെന്റ് അംഗങ്ങൾ പങ്കെടുത്തു.

 

 

ലീഗല്‍ കൗണ്‍സിലര്‍, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ നിയമനം

 

വനിത ശിശു വികസന വകുപ്പിലെ വെള്ളിമാട്കുന്ന്  സാമൂഹ്യനീതി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് ലീഗല്‍ കൗണ്‍സിലര്‍, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍  (സ്ത്രീകള്‍ മാത്രം) എന്നീ തസ്തികകളില്‍ ഓരോ ഒഴിവിലേക്ക്  കരാര്‍   അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മേഖലയിലെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്തംബര്‍ 23 ന് രാവിലെ 10 മണിയ്ക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍   ഹാജരാകണം.   കോഴിക്കോട് ജില്ലയില്‍ സ്ഥിര താമസക്കാരായവര്‍ക്ക് മുന്‍ഗണന.

 

ലീഗല്‍ കൗണ്‍സിലര്‍ : പ്രായപരിധി 25-45. ഹോണറേറിയം -10,000 രൂപ. യോഗ്യത: നിയമ ബിരുദം (എല്‍.എല്‍.ബി). സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങള്‍ക്കെതിരെ  പ്രവൃത്തിച്ചുള്ള  പരിചയം, സ്ത്രീ സംരക്ഷണ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തി പരിചയം എന്നിവ അഭിലഷണീയം. പ്രവൃത്തിസമയം: ആഴ്ച്ചയില്‍ 3 ദിവസം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍

 

സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ : (സ്ത്രീകള്‍ മാത്രം) - ഹോണറേറിയം: 15000 രൂപ. പ്രായപരിധി -25-45. യോഗ്യത: സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ /അംഗീകൃതസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും      കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങള്‍ക്കെതിരെ  പ്രവൃത്തിച്ചുള്ള പരിചയം       അഭിലഷണീയം. പ്രവൃത്തിസമയം: രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ/അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍.

 

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ശാരീരിക ക്ഷമത തെളിയിക്കുന്നതിന് അസി.സര്‍ജനില്‍ കുറയാത്ത ഡോക്ടറുടെ      മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സബ് ഇന്‍സ്‌പെക്ടറുടെ റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നുളള സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണമെന്ന് വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

 

 

 

ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ ഫോം 23 വരെ

 

2020-21 അക്കാദമിക വര്‍ഷത്തെ ഓള്‍ ഇന്ത്യ സൈനിക സ്‌കൂള്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ സമര്‍പ്പിക്കേണ്ട അവസാനദിവസം സെപ്തംബര്‍ 23.  അഡ്മിഷന്‍ ഫോം സെപ്തംബര്‍ 23 വരെ വെബ്‌സൈറ്റില്‍ (www.sainikschooltvm.nic.in) ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ :0471 2781400

 

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പിന് അപേക്ഷ  ക്ഷണിച്ചു

 

ശ്രീ. അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ്  സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2018-19 വര്‍ഷം നാലാം ക്ലാസ്സിലും, ഏഴാം ക്ലാസിലും പഠിച്ച് വര്‍ഷാന്ത പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതിയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന നായാടി, വേടന്‍, ചക്ലിയന്‍, അരുദ്ധതിയാര്‍, കളളാടി എന്നീ വിഭാഗത്തില്‍പ്പെട്ട എല്ലാ വിഷയങ്ങള്‍ക്കും സി+ ഗ്രേഡ് എങ്കിലും നേടിയിട്ടുളളവര്‍ക്കും അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. 

 

അപേക്ഷയോടൊപ്പം അസ്സല്‍ ജാതി,   വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, 4/7 ക്ലാസില്‍ വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച ഗ്രേഡ് സംബന്ധിച്ച ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം,സ്‌കൂള്‍ തലത്തില്‍ കലാകായിക മത്സരങ്ങളില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ആയത് സംബന്ധിച്ച രേഖ, എന്നിവ സഹിതം ഒക്‌ടോബര്‍ 19 ന് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോമിന്റെ മാതൃക ബ്ലോക്ക്/കോര്‍പ്പറേഷന്‍/നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍ - 0495 2370379, 2370657.

 

ജില്ലാതല സംഘാടനസമിതി രൂപീകരണ യോഗം 20 ന്

 

കോഴിക്കോട് ജില്ലയില്‍ ബീച്ച് ഗെയിംസ് വിജയകരമാക്കുന്നതിന് ജില്ലാതല സംഘാടനസമിതി രൂപീകരണ യോഗം സെപ്തംബര്‍ 20 ന് രാവിലെ ഒന്‍പത് മണിക്ക് ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേരും.

 

ഫുട്‌ബോള്‍, കബഡി, വോളിബോള്‍, കമ്പവലി എന്നീ നാലിനങ്ങളിലാണ് ബീച്ച് ഗെയിംസ് നടത്തുന്നത്. കായിക യുവജനകാര്യാലയം, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കേരള ഒളിമ്പിക് അസോസിയേഷന്‍, ടൂറിസം വകുപ്പ്, ഫിഷറീസ് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കായിക സംഘടനകള്‍, മത്സ്യതൊഴിലാളി സംഘടനകള്‍, യുവജന ക്ഷേമ ബോര്‍ഡ് എന്നിവരുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. 

 

 

വന്യജീവി ഫോട്ടോഗ്രഫി മത്സരം:

എന്‍ട്രികള്‍  ഇന്നു (സെപ്റ്റം.18) മുതല്‍ സമര്‍പ്പിക്കാം

 

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം- വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.forest.kerala.gov.in ലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി കോണ്‍ടസ്റ്റ് 2019 എന്ന പ്രത്യേക ലിങ്കിലൂടെ വേണം ഫോട്ടോകള്‍ അപ് ലോഡ് ചെയ്യാന്‍.കേരളത്തിലെ വനമേഖലകളില്‍ നിന്നും ചിത്രീകരിച്ച, നീളം കൂടിയ വശത്ത്  3000 പിക്സലില്‍ കുറയാത്ത എട്ട് മെഗാബൈറ്റുള്ള ഫോട്ടോകളാണ് അപ് ലോഡ് ചെയ്യേണ്ടത്.  ഒരാള്‍ക്ക് അഞ്ച് ഫോട്ടോകള്‍ വരെ സമര്‍പ്പിക്കാം. സെപ്തംബര്‍ 30 വൈകിട്ട് അഞ്ചു മണിവരെ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ചിത്രങ്ങള്‍ക്ക്  ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. വിശദവിവരങ്ങള്‍ക്കും മല്‍സരം സംബന്ധിച്ച നിബന്ധനകള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കുക.

 

സൗദി അറേബ്യയിലെ 

ആരോഗ്യമന്ത്രാലയത്തില്‍ നഴ്‌സ് ഒഴിവ്

 സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനുകീഴിലുള്ള  ആശുപത്രികളിലേക്ക്  നോര്‍ക്ക റൂട്ട്‌സ്  മുഖേന നഴ്‌സുമാരെ തെരഞ്ഞെടുക്കും. ബി.എസ്.സി, എംഎസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ള നഴ്‌സുമാര്‍ക്കാണ് നിയമനം. കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ (മുതിര്‍ന്നവര്‍, കുട്ടികള്‍),  എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ്, മെഡിക്കല്‍ & സര്‍ജിക്കല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റ് (പൂരുഷന്‍/വനിത) എന്നി വിഭാഗങ്ങളിലാണ് നഴ്‌സുമാരുടെ ഒഴിവ്.  സൗദി  ആരോഗ്യമന്ത്രാലയത്തിന്റെ ഷെഡ്യൂള്‍ പ്രകാരം 2019 ഒക്‌ടോബര്‍ 15 മുതല്‍ 20 വരെ ന്യൂഡല്‍ഹിയില്‍ അഭിമുഖം നടക്കും. താല്‍പര്യമുള്ളവര്‍  saudimoh.norka@gmail.com ലേക്ക് വിശദമായ ബയോഡേറ്റ, വെളുത്തപശ്ചാതലത്തിലുള്ള ഫുള്‍ സൈസ് ഫോട്ടോ, ആധാര്‍, പാസ്‌പോര്‍ട്ട് പകര്‍പ്പുകള്‍ എന്നിവ ഒക്‌ടോബര്‍ 10-ന് മുമ്പായി സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org ലും നോര്‍ക്ക റൂട്ട്‌സ് ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോള്‍) 0471-2770577,2770544 നമ്പരുകളിലും ലഭിക്കും.

 

 

 

കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍ നിയമനം.

 

കോഴിക്കോട് ജില്ലയിലെ വിവിധ തീരദേശമത്സ്യഗ്രാമങ്ങളില്‍ ഫീല്‍ഡ് ജോലി ചെയ്യുന്നതിന് താത്പര്യമുള്ള മത്സ്യത്തൊഴിലാളികളുടെ ആശ്രിതരായ യുവതീ യുവാക്കളെ താത്കാലികാടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍മാരായി നിയമിക്കുന്നു. 25 പേര്‍ക്കാണ് നിയമനം. സെപ്തംബര്‍ 25 ന് രാവിലെ 11 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ ഇന്റര്‍വ്യൂ നടത്തും. പ്രതിമാസ ഹോണറേറിയം 6,000  രൂപ, യോഗ്യത - ഡിഗ്രി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, മത്സ്യത്തൊഴിലാളി കുടുംബാംഗമായിരിക്കണം. വയസ്സ് 18-35. മത്സ്യത്തൊഴിലാളി മേഖലയില്‍ ഫീല്‍ഡ് ജോലി ചെയ്യാന്‍ സന്നദ്ധതയുണ്ടായിരിക്കണം. അപേക്ഷകര്‍ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ പകര്‍പ്പും ഫോട്ടോയും സഹിതം ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. ഫോണ്‍ 0495-2383780.

  

പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

 

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ ഒരു പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്ററെ പ്രതിമാസം 25,000 രൂപ വേതനത്തില്‍ ഒരു വര്‍ഷത്തേക്ക് താത്കാലികമായി നിയമിക്കുന്നതിനായി സെപ്തംബര്‍ 26 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത-അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍വര്‍ക്ക്/സോഷ്യോളജി/സൈക്കോളജി എന്നിവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം, അധികയോഗ്യത - എം. എസ് ഓഫീസ്/ കെ. ജി. ടി. ഇ,/വേര്‍ഡ് പ്രോസസിങ്ങ് (ഇംഗ്ലീഷ് /മലയാളം)/പി.ജി.ഡി.സി.എ. പ്രായം 22 നും 45 നും മദ്ധ്യേ.

അപേക്ഷകള്‍ ബയോഡാറ്റാ, പാസ്‌പോര്‍ട്ട് സൈസ്‌ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും എന്നിവ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.  ഫോണ്‍ - 0495 - 2383780.

 

 

കാവിലുംപാറ പഞ്ചായത്ത് ഓഫീസ്

 കെട്ടിടം ഉദ്ഘാടനം ഇന്ന്

 

കാവിലുംപാറ പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടം ബുധനാഴ്ച (സെപ്തംബര്‍ 18) രാവിലെ 10ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കുറ്റ്യാടി-വയനാട് റോഡില്‍ കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കറിലധികമുള്ള സ്ഥലത്ത് 1.80 കോടി ചെലവഴിച്ച് 8400 ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മ്മിച്ചത്.

 

ഗ്രൗണ്ട ഫ്ളോറിലാണ് ആധുനിക സൗകര്യങ്ങളുള്ള, ഓഫീസ് സംബന്ധമായ എല്ലാ സെക്ഷനുകളും പ്രവര്‍ത്തിക്കുക. കൂടാതെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, സ്ഥിരം സമിതി അധ്യക്ഷന്മാര്‍ എന്നിവര്‍ക്കുള്ള കാബിനുകള്‍, മീറ്റിങ്ഹാള്‍, അടുക്കള, ഭക്ഷണശാല എന്നിവയും ഗ്രൗണ്ട്ഫ്ളോറിലാണ് സ്ജ്ജീകരിച്ചത്. വാഹന പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

 

ഉദ്ഘാടന ചടങ്ങില്‍ ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കെ മുരളീധരന്‍ എം പി മുഖ്യാതിഥിയാകും വിവിധ രാഷ്ട്രീയപാര്‍ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പഴയ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ഘോഷയാത്രയോടെ വിശിഷ്ടാതിഥികളെ സ്വീകരിക്കും.

 

 

ആട് വളര്‍ത്തലില്‍ പരിശീലനം

 

കണ്ണൂര്‍ ജില്ലാ മൃഗാശുപത്രിയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സെപ്തംബര്‍ 24, 25 തീയതികളില്‍ ആട് വളര്‍ത്തലില്‍ പരിശീലനം നല്‍കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് സെപ്തംബര്‍ 20 ന് രാവിലെ 10 മുതല്‍ പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമാണ് പ്രവേശനം. ഫോണ്‍ :  04972 763473. 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

എരഞ്ഞിപ്പാലം ശാസ്ത്രിനഗറില്‍ ഹൗസിംഗ് ഫെഡറേഷന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വഖഫ് ട്രൈബ്യൂണല്‍ അംഗങ്ങള്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അഞ്ച് വര്‍ഷത്തേക്ക് മാസവാടക വ്യവസ്ഥയില്‍ ഹോണ്ട അമേസ് ഇ.എം.ടി ഡീസല്‍ കാര്‍ വാടയ്ക്ക് നല്‍കാന്‍ താല്‍പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഒക്‌ടോബര്‍ ഒന്‍പതിന് നാല് മണികക്കം വഖഫ് ട്രൈബ്യൂണലിന്റെ ഓഫീസില്‍ എത്തിക്കണം.  വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. 

 

മിനിമം വേതന ഉപദേശക സമിതി യോഗം 19 ന് 

സംസ്ഥാനത്തെ മിനിമം വേതന ഉപദേശക സമിതി ബ്ര്യൂവറീസ്, ഇഷ്ടിക നിര്‍മ്മാണ വ്യവസായം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം സെപ്തംബര്‍ 19 ന് രാവിലെ 10.30നും 11.30 നും കോഴിക്കോട് കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. യോഗത്തില്‍ ഈ മേഖലയിലെ തൊഴിലാളി/തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

 

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

 

പട്ടികജാതി വികസന വകുപ്പും ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് സ്റ്റഡീസും സംയുക്തമായി പട്ടികജാതി യുവതീ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. ഹോട്ടല്‍ മാനേജ്‌മെന്റ് (ഫുഡ് ആന്റ് ബീവറേജസ്, ആറ് മാസം) കോഴ്‌സിലേക്ക് 17നും 35 നും വയസ്സിനും ഇടയിലുളള എസ്.എസ്.എല്‍,സി യോഗ്യത ഉളളവര്‍ക്കും, ബാക്ക് ഓഫീസ് (2 മാസം) കോഴ്‌സിലേക്ക് 20 നും  25 നും വയസ്സിനും ഇടയിലുളള ഡിഗ്രി പാസ്സ് ആയവര്‍ക്കും അപേക്ഷിക്കാം. ഒന്നര വര്‍ഷം നീളുന്ന സൗജന്യ ഏവിയേഷന്‍ പരിശീലനവും പദ്ധതിയുടെ ഭാഗമായി നല്‍കും. ഏവിയേഷന്‍ മേഖലയില്‍ പട്ടികജാതി വിദ്യാര്‍ത്ഥിനികള്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം.  ഏയര്‍ ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ അന്താരാഷ്ട്ര അംഗീകാരമുളള ഐ.എ.ടി.എ എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വ്വീസ് കോഴ്‌സ് സൗജന്യമായി നല്‍കും.  അടൂരിലെ ഇന്‍ഹൗസ് ഏവിയേഷന്‍ ട്രെയിനിംഗ് അക്കാദമിയാണ് പരിശീലനം നല്‍കുന്നത്. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഫോട്ടോയും ബയോഡാറ്റയും സഹിതം ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് സ്റ്റഡീസ്, ഗവ. ഐ,ടി.ഐക്ക്  സമീപം, പുളിയര്‍മല, കല്‍പ്പറ്റ, വയനാട് എന്ന വിലാസത്തില്‍ സെപ്തംബര്‍ 25 ന് രാവിലെ 10 മണിക്ക് എത്തിച്ചേരണം.  ഫോണ്‍ - 0495 2370379 (എസ്.സി.ഡി.ഒ, ഓഫീസ്, കോഴിക്കോട്), 0496 3206062 (ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), 7736147308 (ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് ബാക്ക് ഓഫീസ്), 8075524812 (ഏവിയേഷന്‍).

date