Skip to main content

പ്രളയനഷ്ടം കണക്കാക്കാന്‍ കേന്ദ്രസംഘമെത്തി പറവൂരിലും ആലുവയിലും സന്ദര്‍ശനം

 

കൊച്ചി: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും തീവ്രമഴയും പ്രളയവും ജില്ലയ്ക്കേല്‍പ്പിച്ച ആഘാതം നേരില്‍ ബോധ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സംഘത്തിന്‍റെ സന്ദര്‍ശനം. പറവൂര്‍, ആലുവ താലൂക്കുകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സംഘം മുമ്പാകെ വിവിധ മേഖലകളില്‍ ജില്ല നേരിട്ട നാശനഷ്ടത്തിന്‍റെ കണക്കുകള്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് അവതരിപ്പിച്ചു. വിവിധ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരും വിവരങ്ങള്‍ നല്‍കാന്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു. വിവിധ സ്ഥലങ്ങളില്‍ എം.എല്‍.എമാരടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരും കേന്ദ്രസംഘത്തെ നാശനഷ്ടം ബോധ്യപ്പെടുത്താനെത്തി. തകര്‍ന്ന വീടുകളും റോഡുകളും കൃഷിനാശവും നേരില്‍ കണ്ട സംഘം ഇവ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നറിയിച്ചു.

 

രാവിലെ നെടുമ്പാശ്ശേരിയില്‍ നടന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ ജില്ലയിലെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ എസ്. സുഹാസ് കേന്ദ്ര സംഘം മുമ്പാകെ വിശദമായ അവതരണം നടത്തി. ഓഗസ്റ്റ് ഒന്നിനും 30നുമിടയില്‍ 140 ശതമാനം അധികമഴയാണ് ജില്ലയില്‍ പെയ്തിറങ്ങിയത്. ഇതില്‍ തന്നെ ആറു മുതല്‍ 14 വരെയുള്ള തീയതികളില്‍ 443 ശതമാനത്തിന്‍റെ അതിവര്‍ഷമാണ് രേഖപ്പെടുത്തിയത്. ജില്ലയിലെ രണ്ട് പ്രധാന നദികളായ പെരിയാറും മൂവാറ്റുപുഴയും ഇവയുടെ കൈവഴികളും കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഈ മേഖലകളിലെ വീടുകളും സ്ഥാപനങ്ങളും ഒഴിപ്പിക്കേണ്ടി വന്നു. ആലുവ താലൂക്കിൽ പന്ത്രണ്ടും കണയന്നൂരിൽ ഏഴും കൊച്ചിയിൽ നാലും കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിൽ ഒമ്പതും മൂവാറ്റുപുഴയിൽ പത്തും പറവൂരിൽ പതിനൊന്നും വീതം വില്ലേജുകളെ പ്രളയം ബാധിച്ചു.  ആകെ 62 വില്ലേജുകളിലാണ് പ്രളയം നാശം വിതച്ചത്.  ജില്ലയിൽ 169 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.  13,768  കുടുംബങ്ങളിലെ 43,618 പേരെ വിവിധ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചു.  

 

27 വീടുകൾ പൂർണമായും 350 വീടുകൾ 75 ശതമാനവും തകർന്നു.  358.527 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.  നഗരപ്രദേശത്ത് 3,278 വീടുകൾക്ക് ഭാഗികമായി കേടുപാടുണ്ടായി.  819.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.  ഗ്രാമപ്രദേശത്ത് 10,786 വീടുകൾ ഭാഗികമായി നശിച്ചു.  3,516 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.  

പൊതുസ്ഥലങ്ങൾ ശുചീകരിക്കുന്നതിന്റെ ഭാഗമായി നഗരപ്രദേശത്തെ 96, ഗ്രാമപ്രദേശത്തെ 308 വീതം വാർഡുകൾ ഉൾപ്പെടെ 404 വാർഡുകളിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്തയിനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 250 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായി.  3,122 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു.  14,134 കർഷകരെ പ്രളയം നേരിട്ട് ബാധിച്ചു.  214.353 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയിലുണ്ടായത്.  106 കന്നുകാലികളും 13,311 വളർത്തു കോഴികളും ചത്തു. വ്യവസായ മേഖലയിൽ 81.14 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.  തോടുകളിലെയും കനാലുകളിലെയും നീരൊഴുക്ക് സുഗമമാക്കാൻ യന്ത്രങ്ങള്‍ ഉപയോഗിച്ചു. കെഎസ്ഇബിയുടെ 32 ട്രാൻസ്ഫോമറുകളും  1,985  വൈദ്യുത പോസ്റ്റുകളും നശിച്ചു.  853 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 

 

കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം കൈക്കൊണ്ട ശക്തമായ മുന്‍കരുതലും കൃത്യമായി നല്‍കിയ മുന്നറിയിപ്പുകളും നാശനഷ്ടം കുറയ്ക്കാന്‍ സഹായകമായി. കളക്ടറേറ്റിലെ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ചാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ക്യാമ്പുകളില്‍ എല്ലാ സൗകര്യവുമൊരുക്കി. ദുരിതാശ്വാസ സാമഗ്രികളും വിതരണം ചെയ്തു. മെഡിക്കല്‍ ക്യാമ്പുകള്‍ തുറന്ന് പകര്‍ച്ചവ്യാധികള്‍ തടഞ്ഞു. ശുചീകരണപ്രവര്‍ത്തനങ്ങളും മാതൃകാപരമായി നടത്താന്‍ കഴിഞ്ഞു.

 

നെടുമ്പാശ്ശേരിയിലെ അവതരണത്തിന് ശേഷം കേന്ദ്രസംഘം ആലുവ മണപ്പുറം സന്ദര്‍ശിച്ചു. ക്ഷേത്രത്തിലും പരിസരത്തും ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്നുണ്ടായ അടയാളങ്ങള്‍ സംഘം വീക്ഷിച്ചു. മണപ്പുറത്തേക്കുള്ള നടപ്പാലവും സന്ദര്‍ശിച്ചു. തുടര്‍ന്ന് കുന്നുകരയിലെത്തിയ സംഘം മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ വീടുകളും വയല്‍ക്കരയിലെ കൃഷിനാശവും സന്ദര്‍ശിച്ച് തെളിവെടുത്തു. തകര്‍ന്ന റോഡുകളുടെ അവസ്ഥയും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സംഘത്തെ ധരിപ്പിച്ചു. കുന്നുകരയില്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഫ്രാന്‍സിസ് തറയില്‍ എന്നിവരും സംഘത്തെ കാണാനെത്തി. തുടര്‍ന്ന് പുത്തന്‍വേലിക്കരയില്‍ തേലത്തുരുത്തിലെത്തിയ സംഘത്തെ വി.ഡി. സതീശന്‍ എം.എല്‍.എ, പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് എന്നിവര്‍ സ്വീകരിച്ചു. ഇവിടെയും കൃഷിനാശവും വീടുകളുടെ തകര്‍ച്ചയും സംഘം നേരില്‍ കണ്ട് ബോധ്യപ്പെട്ടു. തുടര്‍ന്ന് പറവൂര്‍ മാര്‍ക്കറ്റ് ജെട്ടിയില്‍ നിന്നും ബോട്ടില്‍ സഞ്ചരിച്ചും കേന്ദ്രസംഘം പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചു.

 

ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ്, ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടര്‍ സന്ധ്യാദേവി എന്നിവരും വിവിധ വകുപ്പുകളിലെ ജില്ലാതല മേധാവികളും സംഘത്തോടൊപ്പമുണ്ടായിരുന്നു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ സന്ദർശനം പൂർത്തിയാക്കിയ സംഘം ഇന്ന് (സെപ്റ്റംബർ 20) തിരുവനന്തപുരത്ത് മുഖ്യ മന്ത്രിയേയും റവന്യൂ വകുപ്പ്മന്ത്രിയേയും സന്ദർശിക്കും.

date