Skip to main content

ചിന്താവിഷ്ടയായ സീത നൂറാം വാർഷികാഘോഷിച്ചു

അധികാരത്തിന്റെയും ആണധികാരത്തിന്റെയും ഊക്കിനെ തകർത്തതാണ് കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതാകാവ്യം എന്ന് എഴുത്തുകാരി ഡോ. മ്യൂസ് മേരി ജോർജ്ജ.് ചിന്താവിഷ്ടയായ സീത ഖണ്ഡകാവ്യം പ്രസിദ്ധീകരിച്ചത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് തൃശൂർ ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സംവാദ സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അവർ. സീത രാമായണത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. സ്ത്രീത്വത്തിന്റ ശക്തി കേന്ദ്രമാണ്. പ്രണയവും ദാമ്പത്യവും ഏകതയുടെ ഇടമായി സീതയിലൂടെ ആശാൻ ആവിഷ്‌ക്കരിച്ചു. വർത്തമാനകാല സ്ത്രീത്വത്തിന്റെ മുഖത്ത് സവർണ്ണാധിപത്യം മൂടിയ പർദ്ദയെ കീറിപ്പറിച്ചെറിയുന്ന കഥാപാത്രമാണ് സീത. ചിന്താവിഷ്ടയായ സീത എന്ന കാവ്യം കാലാതീതമാണ് എന്നും അവർ പറഞ്ഞു. ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് വി കെ ഹാരിഫാബി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ഡോ. എൻ ആർ ഗ്രാമപ്രകാശ് , പി എൻ ഗോപീകൃഷ്ണൻ, ഡോ. ടി കെ കലമോൾ, ജൂലിയ ഡേവിഡ് എന്നിവർ സംസാരിച്ചു. തൃശൂർ താലൂക്ക് പ്രസിഡന്റ് പ്രൊഫ. എം ഹരിദാസ് സ്വാഗതവും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എൻ ഹരി നന്ദിയും പറഞ്ഞു. തൃശൂർ ജില്ലാ ലൈബ്രറി കൗൺസിൽ വനിത വായനക്കാർക്കായി സംഘടിപ്പിച്ച ജില്ലാതല വായനാമത്സരത്തിന്റെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

date