Skip to main content

സ്വയംതൊഴിൽ സംരംഭകർക്ക് കടമുറിയ്ക്ക് അപേക്ഷിക്കാം

തൃശ്ശൂരിലെ കൈരളി-ശ്രീ തീയറ്റർ കോപ്ലക്‌സിൽ സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള സ്വാശ്രയ വിപണന കേന്ദ്രത്തിൽ ഒഴിയാൻ സാധ്യതയുള്ള കടമുറികൾ, സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നിശ്ചിതകാലത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുന്നതിന് പരിഗണിക്കാൻ തൊഴിൽരഹിത സംരഭകത്വ ഗുണമുള്ള യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ പട്ടികജാതിയിൽപ്പെട്ടവരും 18നും 45നും മധ്യേ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാർഷിക വരുമാനം 1,50,000 രൂപയിൽ കവിയരുത്. തൃശൂർ ജില്ലയിൽ നിന്നുമുള്ള അപേക്ഷകർക്ക് മുൻഗണന. തിരഞ്ഞെടുക്കപ്പെടുന്നവർ കോർപ്പറേഷൻ നിഷ്‌ക്കർഷിക്കുന്ന പ്രതിമാസ വാടക യഥാസമയം നൽകുകയും ആറ് മാസത്തെ വാടക മുൻകൂറായി മുറികൾ അനുവദിക്കുന്ന മുറയ്ക്ക് അടയ്ക്കുകയും ചെയ്യണം. വസ്തു സംബന്ധമായി കോർപ്പറേഷനുമായി ലീസ് എഗ്രിമെന്റ് ഒപ്പു വയ്ക്കണം.
അപേക്ഷകർ ജാതി, കുടുംബ വാർഷിക വരുമാനം എന്നിവ തെളിയിക്കുന്ന നിയമസാധുതയുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി ഇവ സഹിതം പൂർണ്ണമായ മേൽവിലാസവും ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ടെലഫോൺ കോഡും ഉൾപ്പെടെ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ 23നു വൈകിട്ട് അഞ്ചിനു മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ടൗൺഹാൾ റോഡ്, തൃശൂർ-20 (ഫോൺ: 0487 2331064) എന്ന വിലാസത്തിൽ ലഭ്യമാക്കണം.
പി.എൻ.എക്‌സ്.3659/19

date