Skip to main content

സ്മാര്‍ട്ടാവാനൊരുങ്ങി പേരാമ്പ്ര മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍;

 

 

 

 

15 വില്ലേജ് ഓഫീസുകളില്‍ മന്ത്രി സന്ദര്‍ശനം നടത്തി

പേരാമ്പ്ര മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളെ കൂടുതല്‍ സ്മാര്‍ട്ടാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി തൊഴില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ 15 വില്ലേജ് ഓഫീസുകളില്‍ മന്ത്രി സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മേഞ്ഞാണ്യം, എരവട്ടൂര്‍, ചെറുവണ്ണൂര്‍, മേപ്പയ്യൂര്‍, കൊഴുക്കല്ലൂര്‍, തുറയൂര്‍, കീഴരിയൂര്‍, അരിക്കുളം വില്ലേജ് ഓഫീസുകളിലാണ് ചൊവ്വാഴ്ച സന്ദര്‍ശനം നടത്തിയത്. സ്മാര്‍ട്ട് വില്ലേജ് പദ്ധതിയുടെ ഭാഗമായി കീഴരിയൂര്‍ വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിനായി 44 ലക്ഷം രൂപ അനുവദിച്ചിരുന്നു. ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസിനും അനുബന്ധ ക്വാര്‍ട്ടേഴ്സിനുമായി 60 ലക്ഷം രൂപ, മേപ്പയ്യൂര്‍ വില്ലേജ് ഓഫീസിനായി ഏഴര ലക്ഷം, എരവട്ടൂര്‍ വില്ലേജ് ഓഫീസിനായി ഏഴര ലക്ഷം എന്നിങ്ങനെയും തുക അനുവദിച്ചിട്ടുണ്ട്. ചക്കിട്ടപാറ, ചെമ്പനോട്, പേരാമ്പ്ര, ചങ്ങരോത്ത്, പാലേരി, കൂത്താളി, നൊച്ചാട് വില്ലേജ് ഓഫീസുകളില്‍ കഴിഞ്ഞ ദിവസം മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു.

വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായി എല്ലാ വില്ലേജ് ഓഫീസുകളിലെയും അടിസ്ഥാന സൗകര്യം വികസിപ്പിക്കുക, മറ്റ് ഓഫീസുകള്‍ക്കും മാതൃകയാവുന്ന വിധത്തില്‍ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം മാറ്റുക, സ്ഥലസൗകര്യമുള്ള വില്ലേജ് ഓഫീസുകളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, സേവനങ്ങള്‍ കാലതാമസം കൂടാതെ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നിവയാണ് പ്രധാനമായും ലക്ഷ്യമാക്കുന്നത്. ഇതിന്റെ ഭാഗമായാണ് 15 വില്ലേജ് ഓഫീസുകളിലും മന്ത്രി സന്ദര്‍ശനം നടത്തിയത്. വില്ലേജ് ഓഫീസുകളുടെ നിലവിലെ പോരായ്മകളും ജീവനക്കാരുടെ കുറവും വിവിധ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനാവശ്യമായ നിര്‍ദേശങ്ങള്‍ മന്ത്രി നല്‍കി. കൊയിലാണ്ടി തഹസില്‍ദാര്‍ ഗോകുല്‍ ദാസ്, ഡെ.തഹസില്‍ദാര്‍ ലതീഷ് കുമാര്‍ തുടങ്ങി വിവിധ ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

date