Skip to main content

പച്ചതുരുത്ത്: കളക്ടറേറ്റ് അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു

ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന പച്ചതുരുത്ത്-അതിജീവനത്തിന്റെ ചെറുമരങ്ങൾ പദ്ധതിയുടെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവുമായി ചേർന്ന് കളക്ടറേറ്റ് അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കലിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ് ഷാനവാസ് നിർവഹിച്ചു. കളക്ടറേറ്റിലെ ഉദ്യാനത്തിൽ വീട്ടിത്തൈ നട്ടുകൊണ്ടാണ് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തത്. മരങ്ങളും കാടും മനുഷ്യന്റെ നിലനിൽപ്പിന് അനിവാര്യമാണെന്ന് കളക്ടർ പറഞ്ഞു. വികസനം പ്രകൃതിയെ മറന്നുകൊണ്ടാകരുത്. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം നമ്മുടെ സംസ്‌ക്കാരത്തിൽ ഉൾക്കൊണ്ടിട്ടുളളതാണ്. കാവുകൾ ഉൾപ്പെടെയുളളവർ ഈ ആശയത്തിന്റെ അടിസ്ഥാനത്തിലുളളവയാണ്. ഇവ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഒപ്പം പരമാവധി ചെടികളും മരത്തൈകളും നട്ടുവളർത്താൻ നാം ശ്രദ്ധിക്കണം. മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനൊപ്പം അവ കൃത്യമായി പരിപാലിക്കേണ്ടതും നമ്മുടെ ഉത്തരാവാദിത്ത്വമാണ്. ചെറിയ വനങ്ങളുടെ പ്രാധാന്യം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. തേക്ക്, ചന്ദനം, വീട്ടി എന്നീ മൂന്ന് തരം വൃക്ഷങ്ങളുടെ 25 തൈകളാണ് നട്ടത്. സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെയും ലയൺസ് ക്ലബിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ജൂൺ അഞ്ചിന് ആരംഭിച്ച പച്ചതുരുത്ത്-ചെറുമരങ്ങളുടെ നടീൽ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 43 പഞ്ചായത്തുകളിൽ മരത്തൈ നട്ടു കഴിഞ്ഞു. ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി എസ് ജയകുമാർ, ഐആൻഡ്പിആർഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ വി പി സുലഭകുമാരി, അസിസ്റ്റന്റ് എഡിറ്റർ പി പി വിനീഷ്, ഹരിതകേരളം മിഷൻ-ഐആൻഡ്പിആർഡി ജീവനക്കാർ, ലയൺസ് ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

date