Skip to main content

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സമാപിച്ചു

ജില്ലാ പട്ടികജാതി-പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ജില്ലയില്‍ സമാപിച്ചു. ആസൂത്രണ സമിതി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജനങ്ങള്‍ക്കിടയില്‍ ജാതിയുടേയോ വിശ്വാസത്തിന്റെയോ പേരില്‍ വേര്‍തിരിവുകള്‍ ഉണ്ടാകരുതെന്ന് കെ വി സുമേഷ് പറഞ്ഞു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എല്ലാ വിഭാഗം ജനങ്ങളെയും എത്തിക്കുന്നതിന് ശക്തമായ പരിശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പാക്കണം. സ്വാതന്ത്യം ലഭിച്ച് ഇത്രയേറെ വര്‍ഷം കഴിഞ്ഞിട്ടും ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ രാജ്യത്ത് ഉണ്ടാകുന്നു എന്നത് യാഥാര്‍ഥ്യമാണ്. വിദ്യാഭ്യാസത്തിലൂടെയാണ് സാമൂഹ്യ പുരോഗതി നേടിയെടുക്കാന്‍ കഴിയുക. അതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കേണ്ടതുണ്ട്. അന്ധവിശ്വാസത്തെയും അനാചാരത്തെയും അതിജീവിക്കാന്‍ നമുക്ക് സാധിച്ചത് സമഗ്രമായ വിദ്യാഭ്യാസത്തിലൂടെയാണെന്നും ജീവിത പ്രയാസങ്ങള്‍ ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തെ ബാധിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജില്ലാ ആസൂത്രണ സമിതി അംഗം അജിത്ത് മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ ശ്യാമള, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ കെ ഷാജു, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ജാക്വലിന്‍ ഷൈനി ഫെര്‍ണാണ്ടസ്, സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗം ഇ ഗംഗാധരന്‍, ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ ഗോപാലകൃഷ്ണന്‍, താണ ഗവ. പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ സീനിയര്‍ സൂപ്രണ്ട് ഒ പി രാധാകൃഷ്ണന്‍, അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ മനോഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികള്‍, ഐക്യത്തിലൂടെ അതിജീവനം എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസും നടന്നു. സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കുകയും കോളനികള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

date