Skip to main content

ജില്ലയില്‍ 18 ബസുകള്‍ക്ക് റൂട്ട് പെര്‍മിറ്റ് അനുവദിച്ചു

ജില്ലയിലെ 18 ബസുകള്‍ക്ക് റൂട്ട് പെര്‍മിറ്റ് അനുവദിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാകലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ നടന്ന റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോററ്റിയുടെ യോഗത്തിലാണ് പെര്‍മിറ്റ് അനുവദിച്ചത്.  നിലമ്പൂരില്‍ ആദിവാസി മേഖലകളെ ബന്ധിപ്പിച്ച് മൂന്ന് പുതിയ സര്‍വീസുകള്‍ക്ക്  ഉള്‍പ്പെടെയാണ് അനുമതി നല്‍കിയത്. 
  ബസ് റൂട്ട് മാറ്റങ്ങളുമായി ബന്ധപ്പെട്ടുള്ള 17 അപേക്ഷകളും യോഗത്തില്‍ പരിഗണിച്ചു. പെരിന്തല്‍മണ്ണയിലെ  ട്രാഫിക് പരിഷ്‌കാരവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം ട്രാഫിക് പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ യോഗത്തില്‍ അറിയിച്ചു. മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ മേലാറ്റൂര്‍, പെരിന്തല്‍മണ്ണ നഗരസഭയുടെ  തറയില്‍, ജെ.എന്‍ റോഡ് ബസ് സ്റ്റാന്‍ഡ് തുടങ്ങിയവയുടെ അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്തു.  ജെ.എന്‍ റോഡ് ബസ് സ്റ്റാന്‍ഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ജനുവരി ഒന്നോടു കൂടി പൂര്‍ത്തിയാകുമെന്ന് നഗരസഭ ചെയര്‍മാന്‍ അറിയിച്ചു. മേലാറ്റൂര്‍, പെരിന്തല്‍മണ്ണ തറയില്‍ ബസ് സ്റ്റാന്‍ഡ് എന്നിവയുടെ  അനുമതി തുടര്‍ന്നു വരുന്ന യോഗങ്ങളില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും. 
മങ്കട നിയോജകമണ്ഡലത്തിലെ എട്ടു ബസ് സ്റ്റോപ്പുകളുടെ അനുമതിയ്ക്കായുള്ള അപേക്ഷകളും യോഗം പരിഗണിച്ചു.  പാലക്കാത്തടം, കാഞ്ഞിരപ്പടി, കടന്നമണ്ണ പഞ്ചായത്ത് പടി, ഉള്ളാട്ടില്‍പ്പടി, വള്ളിക്കാപ്പറ്റ, പൂഴിക്കുന്ന്, തിരൂര്‍ക്കാട് ജംങ്ഷന്‍,  രാമപുരത്ത്  ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്  മുന്‍വശം, ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം  തുടങ്ങിയ സ്ഥലങ്ങളിലെ എട്ടു ബസ് സ്റ്റോപ്പുകളുടെ അനുമതിക്കായുള്ള അപേക്ഷകളാണ് യോഗത്തില്‍ പരിഗണിച്ചത്.
ബസ് സര്‍വീസുകളുടെ പെര്‍മിറ്റിന്റെ കാലാവധി പുതുക്കാനുള്ള  അപേക്ഷകളും ബസ് സര്‍വീസ് പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. സര്‍വീസ് നിര്‍ത്താലാക്കിയ ഒന്‍പത് ബസുകള്‍ക്കെതിരെ പൊതുജനങ്ങള്‍ നല്‍കിയ പരാതികളും യോഗം പരിഗണിച്ചു.
യോഗത്തില്‍  ജില്ലാ പൊലീസ് മേധാവി  യു.അബ്ദുല്‍ കരീം, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം.സുരേഷ്, ആര്‍.ടി.ഒ അനൂപ് വര്‍ക്കി തുടങ്ങിയവര്‍ പങ്കെടുത്തു.
 

date