Skip to main content

ജില്ലയിലെ ഉപതെരഞ്ഞടുപ്പുകള്‍; വോട്ടര്‍പട്ടികയിലെ  അപേക്ഷകളും ആക്ഷേപങ്ങളും 30 വരെ സമര്‍പ്പിക്കാം

ജില്ലയിലെ ഉപതെരഞ്ഞടുപ്പുകള്‍; വോട്ടര്‍പട്ടികയിലെ 

അപേക്ഷകളും ആക്ഷേപങ്ങളും 30 വരെ സമര്‍പ്പിക്കാം

 

ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ പഞ്ചായത്തുകളിലെ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് സംബന്ധിച്ച് ഇലക്ഷന്‍  ഡെപ്യൂട്ടി കലക്ടര്‍ ടി ജനില്‍കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 2019 ജനുവരി ഒന്നിന് 18 വയസു തികഞ്ഞവരെ ഉള്‍പ്പെടുത്തിയാണ് അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കിയത്. ഇതിന്റെ കരട് വോട്ടര്‍ പട്ടിക ഒക്‌ടോബര്‍ 16-ന് പ്രസിദ്ധീകരിച്ചു. കരട് പട്ടികയിന്മേലുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഒക്ടോബര്‍ 30 വരെ സമര്‍പ്പിക്കാം.

 

വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള അവകാശവാദ അപേക്ഷകളും (ഫോറം 4), വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും (ഫോറം 6), ഒരു പോളിങ് സ്റ്റേഷനില്‍ നിന്ന് മറ്റൊരു പോളിങ് സ്റ്റേഷനിലേക്കോ ഒരു വാര്‍ഡില്‍ നിന്ന് മറ്റൊരു വാര്‍ഡിലേക്കോ ഉള്ള സ്ഥാനമാറ്റം സംബന്ധിച്ച ആക്ഷേപങ്ങളും (ഫോറം 7) ഓണ്‍ലൈനായി നല്‍കാം. എന്നാല്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫോറം 5) നേരിട്ടോ രജിസ്റ്റേഡ് തപാല്‍ മുഖേനയോ സ്വീകരിക്കുകയുള്ളു.

 

 

ജില്ലയിലെ ജി-02 ചോറോട് ഗ്രാമപഞ്ചായത്തിലെ 03-കൊളങ്ങാട്ട് താഴം, ജി - 20  വില്യാപ്പളളി ഗ്രാമപഞ്ചായത്തിലെ 19-കൂട്ടങ്ങാരം, ജി-21 മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ 05-എടത്തുംകര, 01-പതിയാരക്കര നോര്‍ത്ത്, ജി-39 ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ 16-നെരോത്ത് എന്നീ വാര്‍ഡുകളിലുണ്ടായ  ഒഴിവുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

 

ജി - 02 ചോറോട് ഗ്രാമപഞ്ചായത്തിലെ 03-കൊളങ്ങാട്ട് താഴം വാര്‍ഡിലെ കരട് വോട്ടര്‍ പട്ടിക വടകര താലൂക്ക് ഓഫീസ്, വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ചോറോട് ഗ്രാമപഞ്ചായത്ത് ഓഫീസ്, ചോറോട് വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലും, ജി - 20 വില്ല്യാപ്പളളി ഗ്രാമപഞ്ചായത്തിലെ 19-കൂട്ടങ്ങാരം വാര്‍ഡിലെ കരട് വോട്ടര്‍ പട്ടിക വടകര താലൂക്ക് ഓഫീസ്, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വില്യാപ്പളളി ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്യാപ്പളളി വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലും ജി-21 മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ 05-എടുത്തുംകര, 01- പതിയാരക്കര നോര്‍ത്ത് എന്നീ വാര്‍ഡുകളിലെ കരട് വോട്ടര്‍ പട്ടിക വടകര താലൂക്ക് ഓഫീസ്, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായാത്ത് ഓഫീസ്, മണിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, മണിയൂര്‍ വില്ലേജ് ഓഫീസ്, പാലയാട് വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലും, ജി - 39 ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിലെ 16-നെരോത്ത് വാര്‍ഡിലെ കരട് വോട്ടര്‍ പട്ടിക താമരശ്ശേരി താലൂക്ക് ഓഫീസ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസ്, ഉണ്ണിക്കുളം വില്ലേജ് ഓഫീസ്, ശിവപുരം വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.  ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ മുമ്പാകെ ആക്ഷേപമോ അവകാശവാദമോ സമര്‍പ്പിക്കാനുളള അവസാന തീയതി  ഒക്‌ടോബര്‍ 30ഉം അപേക്ഷയില്‍ തുടര്‍ നടപടി സ്വീകരിച്ച് അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കേണ്ടത്  നവംബര്‍ 11നുമാണ്. അന്തിമ വോട്ടര്‍ പട്ടിക  നവംബര്‍ 13 ന് പ്രസിദ്ധീകരിക്കുന്നതാണെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു. 

 

 

 

ഉപതെരഞ്ഞടുപ്പ് നടക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

 

 

താമരശേരി മുന്‍സിഫ്-മജിസ്‌ട്രേറ്റ് 

കോടതി ഉദ്ഘാടനം ഇന്ന്

 

താമരശേരി: പുതുതായി അനുവദിച്ച താമരശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 19-ശനിയാഴ്ച) രാവിലെ 9.30ന് താമരശേരി കോര്‍ട്ട് കോംപ്ലക്‌സില്‍ ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷ് നിര്‍വഹിക്കും. കാരാട്ട് റസാക്ക് എംഎല്‍എ അധ്യക്ഷത വഹിക്കും.

 

താമരശേരിയില്‍ രണ്ട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ആണ് മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതിയായി മാറ്റുന്നത്. മുക്കം, കോടഞ്ചേരി, തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെയും താമരശേരി, കോഴിക്കോട് താലൂക്കുകളിലെ 15 ഓളം വില്ലേജുകളിലെ സിവില്‍ കേസുകളാണ് പുതിയ കോടതിയുടെ പരിധിയില്‍ വരിക. 

 

എം കെ രാഘവന്‍ എംപി, ജോര്‍ജ് എം തോമസ് എംഎല്‍എ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. മുന്‍ എംഎല്‍എമാരായ സി മോയിന്‍കുട്ടി, വി എം ഉമ്മര്‍ മാസ്റ്റര്‍, കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ ജി സതീഷ്‌കുമാര്‍,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, ജില്ലാ സെഷന്‍സ് ജഡ്ജ് എം ആര്‍ അനിത തുടങ്ങിയവര്‍ പങ്കെടുക്കും.

 

 

സൗജന്യ മത്സരപരീക്ഷാ പരിശീലനക്ലാസ്സുകള്‍ 22 ന് ആരംഭിക്കുന്നു

ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തില്‍പെട്ട യുവജനങ്ങള്‍ക്കായുള്ള സൗജന്യമത്സരപരീക്ഷാ പരിശീലനക്ലാസ്സുകള്‍ ഒക്‌ടോബര്‍ 22 ന് ആരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവര്‍ അന്നേ ദിവസം 10 മണിക്ക് സിവില്‍സ്റ്റേഷനിലുള്ള സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ ഹാജരാകണം. ഇതുവരെ തെരഞ്ഞെടുക്കപ്പെടാത്തവര്‍ക്ക് ഗ്രാമസഭാ അംഗീകാരം, കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, പത്താംതരം സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്. പ്രായപരിധി 18 നും 40 നും ഇടയില്‍. ഫോണ്‍ - 2370026.

 

ഗതാഗത നിയന്ത്രണം

സംസ്ഥാന പാത 38 ല്‍ പേരാമ്പ്ര ടൗണ്‍ പരിഷ്‌ക്കരണ പ്രവൃത്തിയുടെ ഭാഗമായി പേരാമ്പ്ര-എടവരാട് - ആവള റോഡ് ആരംഭ ഭാഗത്ത് റോഡിന് കുറുകെ ഓവുചാല്‍ നിര്‍മ്മിക്കാനായി റോഡ് മുറിക്കുന്നു. റോഡ് മുറിക്കുന്നത്  തീരുന്നതുവരെ ഈ റോഡ് വഴിയുളള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

 

ഗതാഗത നിയന്ത്രണം

സംസ്ഥാന പാത 38 പിയുകെസി റോഡില്‍ സൈഫണ്‍ പ്രവൃത്തി നടത്തുന്നതിനാല്‍ ഗതാഗതം നിയന്ത്രിക്കുന്നു. ഉളളിയേരി ഭാഗത്തുനിന്നും അരിക്കുളം മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോകുന്ന ടിപ്പര്‍ ലോറി/ഭാരം കയറ്റിയ വാഹനങ്ങള്‍ മന്നങ്കാവ് വഴി കേരഫെഡ് ജംഗ്ഷനിലൂടെ കാവുന്തറ സ്‌കൂള്‍ വഴി അരിക്കുളം കുരുടിവീട് ജംഗ്ഷനിലേക്ക് പോകണമെന്ന്  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

കാവുന്തറയില്‍ നിന്നും പേരാമ്പ്ര ഭാഗത്തേക്ക് വരുന്ന ടിപ്പര്‍ ലോറി/ഭാരം കയറ്റിയ വാഹനങ്ങള്‍ പിഎച്ച്‌സി ജംഗ്ഷനില്‍ കാഞ്ഞുകണ്ടി താഴെ വഴി കരുവണ്ണൂര്‍ ടൗണില്‍ കയറി വടക്കോട്ട് പോകണം.  ഉളളിയേരി ഭാഗത്തുനിന്നും പേരാമ്പ്ര ഭാഗത്തേക്ക് പോകുന്ന ടിപ്പര്‍ ലോറി/ഭാരം കയറ്റിയ വാഹനങ്ങള്‍ നടുവണ്ണൂര്‍ ടൗണില്‍ പ്രവേശിക്കാതെ മന്നങ്കാവ് റോഡ് വഴി പോകണം. പേരാമ്പ്ര ഭാഗത്തുനിന്നും വരുന്ന ടിപ്പര്‍ ലോറി/ഭാരം കയറ്റിയ വാഹനങ്ങള്‍ ചാലിക്കരയില്‍ നിന്നും പുളിയോട്ട്മുക്ക് വഴി കൂട്ടാലിടയിലൂടെ പോകണം.

 

 

പി.എസ്.സി പരീക്ഷാ പരിശീലന ക്ലാസ് 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒരു മാസത്തെ മുഴുവന്‍ സമയ പി.എസ്.സി പരീക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. 2019 നവംബറില്‍ നടത്തുന്ന ക്ലാസില്‍ 50 പേര്‍ക്ക് പ്രവേശനം നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിതമാതൃകയിലുളള അപേക്ഷ ഒക്‌ടോബര്‍ 23 നകം വടകര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോറം ഒക്‌ടോബര്‍ 21 വരെ വിതരണം ചെയ്യുമെന്ന് വടകര എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0496 2523039. 

 

സി-ഡിറ്റ് : വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍  വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.  ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ് - ദൈര്‍ഘ്യം ആറ് മാസം.  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ് (റഗുലര്‍/ഈവനിംഗ്) -  ദൈര്‍ഘ്യം മൂന്ന് മാസം.  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി (റഗുലര്‍/ഈവനിംഗ്) -  ദൈര്‍ഘ്യം അഞ്ച് ആഴ്ച. 

കോഴ്‌സിന് അപേക്ഷിക്കാനുളള അവസാന തീയതി ഒക്‌ടോബര്‍ 26. താല്‍പര്യമുളളവര്‍ തിരുവനന്തപും കവടിയാര്‍ ടെന്നീസ് ക്ലബിനു സമീപമുളള സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോണ്‍ : 0471- 2721917, 8547720167/9388942802. വെബ്‌സൈറ്റ് : www.ccdcdit.org.

 

 

പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു

2019-20 വര്‍ഷത്തെ പ്രൊഫഷണല്‍ ഡിഗ്രിക്ക് ആദ്യ വര്‍ഷം ചേര്‍ന്ന് പഠിക്കുന്ന വിമുക്തഭടന്‍മാരുടെ മക്കളില്‍ നിന്നും ഓണ്‍ലൈന്‍ ആയി പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പണത്തിനും വിശദവിവരങ്ങള്‍ക്കും www.ksb.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15. ഫോണ്‍ -0495 2771881.

 

അസിസ്റ്റന്റ് കാറ്ററിംഗ് മാനേജര്‍ : പരിശീലനവും ജോലിയും

കേന്ദ്ര സര്‍ക്കാറിന്റെ  ഷിപ്പിംഗ് മന്ത്രാലയം പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന സാഗര്‍മാല പദ്ധതിയില്‍ അസിസ്റ്റന്റ് കാറ്ററിംഗ് മാനേജര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. പൂര്‍ണ്ണമായും സൗജന്യമായി നടപ്പിലാക്കുന്ന ഈ കോഴ്‌സിലെ ഒഴിവുളള 20 സീറ്റിലേക്ക് എറണാകുളം, കോഴിക്കോട് ജില്ലയിലെ തീരദേശ മേഖലയില്‍ താമസിക്കുന്ന 18 നും 35 നും ഇടയില്‍ പ്രായമുളള യുവതീയുവാക്കളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത.  അഡ്മിഷന്‍ ബന്ധപ്പെടുക : 8075705992, 9746938700. 

 

നെഹ്‌റു യുവ കേന്ദ്ര പ്രസംഗ മല്‍സരം

കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം നെഹ്‌റു യുവ കേന്ദ്ര  മുഖേന യുവജനങ്ങളില്‍ ദേശീയബോധം വളര്‍ത്തുന്നതിനും രാഷ്ട്രപുനര്‍ നിര്‍മ്മാണത്തില്‍ യുവജന പങ്കാളിത്തം ഉറപ്പാക്കുന്നതിനും റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച്   ''രാജ്യസ്‌നേഹവും രാഷ്ട്രപുനര്‍നിര്‍മ്മാണവും ' എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ തലത്തില്‍ നടത്തുന്ന പ്രസംഗ മത്സരം ഒക്ടോബര്‍ 19 ന്  കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.  മത്സരത്തില്‍ 18 നും 29 നും ഇടക്ക് പ്രായമുള്ള,  പേര് രജിസ്റ്റര്‍ ചെയ്തവര്‍ കാലത്ത് 9.30 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ എത്തിച്ചേരേണ്ടതാനെന്ന്  ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.   ജില്ലാതലത്തില്‍ വിജയിക്കുന്നവര്‍ക്ക് യഥാക്രമം 5000, 2000, 1000 രൂപയും, സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ലഭിക്കും.   വയസ്സ് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന്റെ  പകര്‍പ്പ്, ഐ. ഡി. കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഹാജരാക്കണം.  ജില്ലാതല മത്സര വിജയികള്‍ക്ക്  സംസ്ഥാനത്തും സംസ്ഥാനതല വിജയികള്‍ക്ക് ദേശീയതലത്തിലും മത്സരിക്കാന്‍ അവസരം ലഭിക്കും.  രാജ്യ സ്‌നേഹവും രാഷ്ട്ര പുനര്‍നിര്‍മാണവും  (PATRIOTISM & NATION BUILDING) എന്ന വിഷയത്തില്‍ ഇംഗ്ലീഷ് / ഹിന്ദി ഭാഷകളില്‍ 8-10 മിനുട്ട് നേരം പ്രസംഗിക്കാം.   

date