Skip to main content

മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൈവളികെ നഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പോളിങ് സാമഗ്രികളുടെ വിതരണം. സംഭരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ തന്നെയാണ് വോട്ടെണ്ണല്‍ കേന്ദ്രവും. 20 ബൂത്തുകളില്‍ നിന്നുള്ള വെബ്കാസ്റ്റിംഗ്  നിരീക്ഷണ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്  വോട്ടെണ്ണല്‍ ദിവസം മീഡിയ സെന്റര്‍ ഇവിടെ പ്രവര്‍ത്തിക്കും. ജില്ലാ കളക്ടറും തെരഞ്ഞെടുപ്പ് നിരീക്ഷകരും മഞ്ചേശ്വരം മണ്ഡലം വരണാധികാരിയും ഉപ വരണാധികാരിയും ഇവിടെ ഉണ്ടാകും.    പ്രശ്‌ന സാധ്യത ബൂത്തുകളില്‍ സുരക്ഷ കര്‍ശനമാക്കും. 53 ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട് ഈ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ തലങ്ങളിലുള്ള പരിശീലനവും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി പോളിംഗ് ഏജന്റുമാര്‍ക്കു പരിശീലനം നല്‍കി കള്ളവോട്ടു തടയാനുള്ള സംവിധാനമൊരുക്കിയത് മഞ്ചേശ്വരം മണ്ഡലത്തിലാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. 198 ബൂത്തുകളിലും മുഖാവരണം ധരിച്ച വനിതാ വോട്ടര്‍മാരെ തിരിച്ചറിയുന്നതിനായി നിയോഗിച്ച വനിതാ ജീവനക്കാര്‍ക്കുള്ള ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പോസ്റ്റല്‍ വോട്ടിനുള്ള  ഒരു അപേക്ഷയാണ് ലഭിച്ചിട്ടുള്ളതെന്ന്  വരണാധികാരിയായ എന്‍. പ്രേമചന്ദ്രന്‍ അറിയിച്ചു. 33 സര്‍വീസ് വോട്ടര്‍മാരാണുള്ളത.് പൈവളികെ നഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 4 സ്‌ട്രോങ് റൂമുകളിലായി 258 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.   ഈ മാസം 20ന് രാവിലെ 9.30 മുതല്‍ വിതരണ കേന്ദ്രത്തില്‍ നിന്നും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക്  വിതരണ സംഭരണ കേന്ദ്രത്തിലേക്ക് എത്തുന്നതിന് ദേശീയ പാതയില്‍  നിന്നും കെ.എസ.്ആര്‍.ടി.സി  ചെയിന്‍ സര്‍വീസ് നടത്തും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കുടുംബശ്രീ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യും. വോട്ടെടുപ്പ് ദിവസം രാവിലെ 5.30 ന് മോക്ക് പോളിങ് ആരംഭിക്കും. വോട്ടെടുപ്പിന്റെ 90 മിനിറ്റ് മുമ്പാണ്  മോക്ക് പോളിംഗ് നടത്തേണ്ടതെന്നതിനാല്‍ കൃത്യം 5.30 ന് തന്നെ പോളിങ് ഏജന്റുമാര്‍ എത്തണമെന്ന് വരണാധികാരി  അറിയിച്ചു.

date