Skip to main content

എ.ബി.സി പ്രോഗ്രാം  ജില്ലയില്‍ 25ന് പുനരാരംഭിക്കും സിവില്‍ സ്റ്റേഷന്‍ പരിസരത്തെ തെരുവ്‌നായകളെ വന്ധീകരിക്കാന്‍ നടപടി

തെരുവ് നായ ശല്യം ഫലപ്രദമായി പരിഹരിക്കാന്‍ ജില്ലാപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന എ.ബി.സി. (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പ്രോഗ്രാം പ്രവര്‍ത്തനങ്ങള്‍ ഒക്‌ടോബര്‍ 25 മുതല്‍ പുനരാരംഭിക്കും. പദ്ധതിയുടെ പുനരാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്തെ മുഴുവന്‍ നായകളെയും കുടുംബശ്രീ മുഖേന ഏറ്റെടുത്ത് വന്ധീകരിക്കാന്‍ തീരുമാനിച്ചു. എ.ബി.സി പദ്ധതിയുടെ പുനരാരംഭ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.  

കുടുംബശ്രീയുടെ കീഴില്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ് സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള നായകളെ പിടികൂടുക. തുടര്‍ന്ന്  പ്രത്യേക വാഹനത്തില്‍ വന്ധീകരണത്തിനായി ചുങ്കത്തറയിലെ  മൃഗാശുപത്രിയുടെ സബ്‌സെന്ററില്‍ എത്തിക്കും. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഏകദേശം 25 ലധികം തെരുവുനായകള്‍ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. പൊതുജനങ്ങളുടെ വ്യാപകമായ പരാതിയെ തുടര്‍ന്ന് പെരിന്തല്‍മണ്ണ, വണ്ടൂര്‍ പ്രദേശങ്ങളിലെ തെരുവ് നായകളെ  പിടികൂടാനും വന്ധീകരിക്കുന്നതിനായി മഞ്ചേരി വെറ്റിനറി പോളിക്ലിനിക്കിലേക്ക് മാറ്റാനും യോഗം തീരുമാനിച്ചു. തെരുവ് നായ്ക്കളുടെ ശല്യം കൂടുതലുള്ള പ്രദേശങ്ങള്‍ക്ക് അതത് പഞ്ചായത്ത്/മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ബില്‍ഡിങ് കണ്ടെത്തി വന്ധീകരിക്കുന്നതിനായി ഓപ്പറേഷന്‍ തിയേറ്ററുകള്‍ ഒരുക്കാമെന്ന് കലക്ടര്‍ അറിയിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 21,44,826 രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

2017 ജനുവരിയില്‍ പൊന്നാനിയിലാണ് പദ്ധതി ആരംഭിച്ചത്. ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍ നാഷനല്‍ ഇന്ത്യയുടെ കീഴിലായിരുന്നു ജില്ലയില്‍ പ്രവര്‍ത്തനം നടപ്പാക്കിയത്. മെയ് ഒന്നു വരെയായിരുന്നു സംഘത്തിന്റെ ചുമതല. തുടര്‍ന്ന് 2018 ല്‍ സൊസൈറ്റിമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന്  പദ്ധതി കുടുംബശ്രീ ഏറ്റെടുക്കുകയും ജില്ലയില്‍ അഞ്ചു സെന്ററുകളിലായി പ്രവര്‍ത്തനം തുടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.

ജില്ലയില്‍ മഞ്ചേരി, പരപ്പനങ്ങാടി, തിരൂര്‍, ചുങ്കത്തറ എന്നിവിടങ്ങളിലായി ഇതുവരെ 2698 നായകളെയാണ് വന്ധീകരിച്ചിട്ടുള്ളത്. തെരുവില്‍ നിന്നും പിടികൂടുന്ന നായകളെ ശസ്ത്രക്രിയയിലൂടെ വന്ധീകരിച്ചതിന് ശേഷം അടയാളപ്പെടുത്തുകയും തുടര്‍ന്ന് പരിചരണം നല്‍കി മുറിവ് മാറിയതിന് ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തുറന്ന് വിടുകയും ചെയ്യുന്നതാണ് പദ്ധതി.

യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, വികസന സമിതി ചെയര്‍മാന്‍ ഉമ്മര്‍ അറയ്ക്കല്‍, എ.എച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എ അയൂബ്, എസ്.പി.ഇ.എം പ്രൊജക്ട് ഓഫീസര്‍ ഡോ. നികേഷ് കിരണ്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ ഹേമലത, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.ജഗല്‍കുമാര്‍, ഡോ.കെ ബിനേഷ്, ഡോ.ഷൗക്കത്തലി, ഡോ. നിതിന്‍ പീറ്റര്‍, ഡോ.വിജയ് തുടങ്ങി വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
 

date