Skip to main content

63 ഭിന്നശേഷിക്കാർക്കു കൂടി ജില്ലാ പഞ്ചായത്തിന്റെ സ്‌കൂട്ടർ 

 

-

 

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലൂടെ 63 ഭിന്നശേഷിക്കാർക്കുകൂടി സൈഡ്‌വീൽ ഘടിപ്പിച്ച സ്‌കൂട്ടർ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ രണ്ടാംഘട്ട വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ നിർവഹിച്ചു. 

ഈ വർഷം 283 ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാംഘട്ടത്തിൽ 122 പേർക്കും രണ്ടാംഘട്ടത്തിൽ 63 പേർക്കും വാഹനം നൽകി. ഗുണഭോക്തൃ പട്ടികയിലുള്ള ബാക്കിയുള്ളവർക്ക് ഒരു മാസത്തിനകം സ്‌കൂട്ടർ നൽകും. ഇതിനായി 1.5 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് ചെലവഴിക്കുന്നത്. കഴിഞ്ഞസാമ്പത്തിക വർഷം 232 പേർക്ക് സ്‌കൂട്ടർ നൽകിയിരുന്നു. ഭിന്നശേഷിക്കാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും ജീവിതോപാധി കണ്ടെത്താനുമായി ജില്ലാ പഞ്ചായത്ത് സൗജന്യമായി നൽകുന്ന സ്‌കൂട്ടർ അനുവദിപ്പിച്ചു നൽകാമെന്ന പേരിൽ ചിലർ പണപ്പിരിവു നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം കപടവാഗ്ദാനങ്ങളിൽപ്പെട്ട് വഞ്ചിതരാകരുതെന്നും പദ്ധതി നിർവഹണത്തിന് ദല്ലാളുകളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 69,500 രൂപ വിപണിവിലയുള്ള സ്‌കൂട്ടറാണ് നൽകുന്നത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസർ അനീറ്റ എസ്. ലിൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. സുമ, അഡ്വ. കെ.റ്റി. മാത്യു, ജില്ലാ പഞ്ചായത്തംഗങ്ങളായ മണി വിശ്വനാഥ്, വിശ്വൻ പടനിലം, സിന്ധു വിനു, പി.എ. ജുമൈലത്ത്, ജമീല പുരുഷോത്തമൻ, സെക്രട്ടറി കെ.ആർ. ദേവദാസ് എന്നിവർ പങ്കെടുത്തു.

                                                                                 

(പി.എൻ.എ. 52/2018)(പി.എൻ.എ. 59/2018)

 

 

date