Skip to main content

വര്‍ണോത്സവം-2019 ശിശുദിനാഘോഷം  ഇന്ന് (14) പത്തനംതിട്ടയില്‍

ജില്ലാ ശിശുക്ഷേമ സമിതി ജില്ലയിലെ വിദ്യാലയങ്ങളുടെയും എന്‍സിസി, എസ്പിസി കേഡറ്റുമാരുടെയും സഹകരണത്തോടെ നടത്തുന്ന ജില്ലാതല ശിശുദിനാഘോഷം വര്‍ണോത്സവം-2019 പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് (14) നടക്കും. ജില്ലാ പോലീസ് മേധാവി ജി.ജയദേവ് പതാക ഉയര്‍ത്തും. കുട്ടികളുടെ സ്പീക്കര്‍ പി.ബി.അരവിന്ദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കുട്ടികളുടെ പ്രധാനമന്ത്രി ജിയാ സാറാ റെജി പൊതസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ശിശുദിന സന്ദേശം നല്‍കും. ദേവപ്രിയ ലളിതഗാതവും ഭദ്രയും സംഘവും ദേശഭക്തിഗാനവും ആലപിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ.ടി.കെ.ജി.നായര്‍ സ്റ്റാമ്പ് പ്രകാശനം ചെയ്യും. അലീന ജോണ്‍സണ്‍, അനന്യ എസ്.ലാല്‍, സ്‌നേഹ എസ്.നായര്‍ എന്നിവര്‍ സംസാരിക്കും. എഡിസി (ജനറല്‍) കെ.കെ.വിമല്‍രാജ്, ശിശുക്ഷേമ സമിതി വൈസ്പ്രസിഡന്റ് പ്രൊഫ.കെ.മോഹന്‍കുമാര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ശിശുദിനാഘോഷത്തോടനുബന്ധിച്ച് രാവിലെ എട്ടിന് കളക്ടറേറ്റില്‍ നിന്നും ആരംഭിക്കുന്ന കുട്ടികളുടെ ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഫ്‌ളാഗ് ഓഫ് ചെയ്യും. 

date