Skip to main content

വിവരാവകാശ നിയമത്തിന്റെ നടപ്പാക്കലിന് സാങ്കേതികവിദ്യാസേവനങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തണം -ഗവർണർ

വിവരാവകാശ നിയമത്തിന്റെ നടപ്പാക്കലിലും വിവരങ്ങളും വെളിപ്പെടുത്തലിലും വിവരസാങ്കേതികവിദ്യാസേവനങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.  സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ 'വിവരാവകാശനിയമം: തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്തങ്ങളും കടമകളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശനിയമത്തിന്റെ നടപ്പാക്കലിന് ഇലക്‌ട്രോണിക് ആശയവിനിമയ സാധ്യതകളും ഇ-പേയ്‌മെൻറും ഉൾപ്പെടെ പ്രോത്സാഹിപ്പിക്കപ്പെടണം. വിവരങ്ങൾ തേടിയുള്ള ചോദ്യങ്ങൾക്ക് മുന്നിൽ നീരസം പ്രകടിപ്പിക്കരുത്, അവയാണ് സംവാദങ്ങൾക്ക് വഴിമരുന്നിടുന്നത്. ജനങ്ങളുടെ ചോദ്യങ്ങളിലൂടെയാണ് ലോകമാകെ ജനാധിപത്യം ശക്തിപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
പൗരൻമാർക്ക് അവകാശങ്ങൾക്കൊപ്പം കടമകളും ഉണ്ട്. മികച്ചതും സുതാര്യവുമായതുമായ സർക്കാർ പൊതുസമൂഹത്തിന്റെ സജീവ ഇടപെടലിലൂടെയേ സാധ്യമാകൂ. വിവരാവകാശ നിയമം നടപ്പാക്കിയത് സുതാര്യത ഉറപ്പാക്കാനും ജനങ്ങളെ വിലപ്പെട്ട വിവരങ്ങളിലൂടെ ശാക്തീകരിക്കാനുമാണ്. ഈ പ്രക്രിയയിൽ ഉദ്യോഗസ്ഥരുടെ സഹകരണം വേണം. നിരന്തരമായി വിവരങ്ങൾ പുതുക്കാനും ആവശ്യത്തിന് ലഭ്യമാക്കാനും സംവിധാനം വേണം. ആവശ്യപ്പെടുന്ന വിവരങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്കും കൃത്യമായ ധാരണയുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൺ എം. പോൾ അധ്യക്ഷത വഹിച്ചു. വിവരാവകാശ കമ്മീഷണർമാരായ പി.ആർ. ശ്രീലത, കെ.വി. സുധാകരൻ എന്നിവർ സംബന്ധിച്ചു. വിവരാവകാശ കമ്മീഷണർമാരായ സോമനാഥൻ പിള്ള സ്വാഗതവും ഡോ. കെ.എൽ. വിവേകാനന്ദൻ നന്ദിയും പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കായാണ് ശിൽപശാല സംഘടിപ്പിച്ചത്.
പി.എൻ.എക്‌സ്.4067/19

date