Skip to main content

മലബാര്‍ മേഖലയില്‍ ഫാബ്രിക്കേഷന്‍ ലാബ് സ്റ്റാര്‍ട്ട് അപ്പ് മിഷനും സര്‍വ്വകലാശാലയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ കോടികള്‍ ചെലവു വരുന്ന ഫാബ്രിക്കേഷന്‍ ലാബ് സ്ഥാപിക്കാന്‍  കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനും കാലിക്കറ്റ് സര്‍വ്വകലാശാലയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സര്‍വ്വകലാശാലാ സെനറ്റ് ഹൗസില്‍ ചേര്‍ന്ന ഇന്‍ഡസ്ട്രി യൂനിവേഴ്‌സിറ്റി കോണ്‍ഫറന്‍സില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ സജി ഗോപിനാഥും കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷിയുമാണ് ഇക്കാര്യത്തില്‍  ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. സര്‍വ്വകലാശാലയിലെ സയന്‍സ് ബ്ലോക്കില്‍ അടുത്ത രണ്ടു മാസത്തിനകം സംവിധാനമൊരുക്കാനാണ് ധാരണ. നിലവില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ഫാബ് ലാബ് സംവിധാനമുള്ളളത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ തുടങ്ങുന്നത് സംസ്ഥാനത്തെ മൂന്നാമത്തേതും മലബാറിലെ ആദ്യത്തേതുമാണ്. 
    ഉല്‍പാദന മേഖലയിലുള്ള സര്‍ക്കാര്‍  സര്‍ക്കാര്‍ ഇതര കമ്പനികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫാബ് ലാബില്‍ നിന്ന്  ചെയ്യാനാകും. ഇതിന് പുറമെ ചെരുപ്പ് നിര്‍മ്മാണത്തിന് ശേഷമുണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്‌കരിച്ച് ഉപയോഗിക്കുന്നതിനായുള്ള മികച്ച സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്ന ഗവേഷക സംഘത്തിന് രണ്ട് ലക്ഷം രൂൂപയുടെ പാരിതോഷികവും  ഇന്‍ഡസ്ട്രി യൂനിവേഴ്‌സിറ്റി കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
    കാലിക്കറ്റ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, കാലിക്കറ്റ് മാനേജ്‌മെന്റ്  അസോസിയേഷന്‍, വി.കെ.സി, ഊരാളുങ്കല്‍ സൊസൈറ്റി തുടങ്ങിയ വ്യവസായങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. വിവിധ പഠനവകുപ്പുകളിലെ അധ്യാപകരും വ്യവസായ സംരംഭകരും പദ്ധതികള്‍ അവതരിപ്പിച്ചു. പ്രോവൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി, ഐ.ക്യു.എ.സി ഡയറക്ടര്‍ ഡോ.എം.മനോഹരന്‍, രവീന്ദ്രന്‍ കസ്തൂരി, ഡോ.ഇ.കെ.സതീഷ്, ഡോ.മുഹമ്മദ് ഷാഹിന്‍ തയ്യില്‍, ഡോ.യഹ്‌യ  തുടങ്ങിയവര്‍ സംസാരിച്ചു. 
    സര്‍വകലാശാലയിലെ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ നപടികള്‍ക്കായി ഇന്‍ഡസ്ട്രി യൂനിവേഴ്‌സിറ്റി അഡൈ്വസറി കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാര്‍, ഡീന്‍മാര്‍, തെരഞ്ഞെടുക്കപ്പെട്ട ഫാക്കല്‍റ്റി അംഗങ്ങള്‍, വ്യവസായ സംരംഭങ്ങളുടെയും സംഘടനകളുടെയും ജില്ലാ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവര്‍ കമ്മറ്റിയില്‍ അംഗങ്ങളാണ്. രണ്ട് മാസത്തിലൊരിക്കല്‍  സമിതി യോഗം ചേരും.
 

date