Skip to main content

പ്രതിഭകളുടെ അനുഭവങ്ങൾ കേട്ടറിയാനും ആദരവ് അറിയിക്കാനും വിദ്യാർഥികളെത്തി

* 'വിദ്യാലയം പ്രതിഭകളിലേക്ക്' പദ്ധതിക്ക് തുടക്കമായി
വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച 'വിദ്യാലയം പ്രതിഭകളിലേക്ക്' പരിപാടിക്ക് തുടക്കമായി.  ചരിത്രകാരൻ ഡോ: കെ.എൻ. പണിക്കരുടെ വീട്ടിൽ പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥും പേരൂർക്കട ഗവ: ഗേൾസ് എച്ച്.എസ്.എസിലെ വിദ്യാർഥിനികളും സന്ദർശിച്ചാണ് സംസ്ഥാനതലത്തിൽ പദ്ധതി തുടങ്ങിയത്.
നാം നമ്മെ തന്നെ മനസിലാക്കുന്നതാണ് യഥാർഥ വിദ്യാഭ്യാസമെന്ന് ഡോ: കെ.എൻ. പണിക്കർ വിദ്യാർഥികളോട് പറഞ്ഞു. തന്റെ ബാല്യത്തിൽ കണ്ട ഇന്ത്യയും കേരളവുമല്ല  ഇന്ന്. ആകെ മാറി. അതുകൊണ്ടുതന്നെ പുതുതലയ്ക്ക് മുന്നിലുള്ള വെല്ലുവിളികളും വ്യത്യസ്തമാണ്. സമൂഹത്തിന്റെ ശക്തികളെ തിരിച്ചറിയാനുള്ളതാണ് ചരിത്രപഠനം. അതല്ലാതെ കുറേ വർഷങ്ങളും എണ്ണവും പഠിക്കുന്നതല്ല. ചരിത്രപഠനവും വായനയും ഈ ബോധ്യത്തോടെ വേണം വിദ്യാർഥികൾ സമീപിക്കാനെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം ചരിത്രപരമായ ഒരു മാറ്റമാണ്. എല്ലാവർക്കും ഇത്തരത്തിൽ നല്ല വിദ്യാഭ്യാസമെന്ന സൗകര്യം ലഭ്യമാക്കാൻ ഇത്തരം ഇടപെടലുകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ്, വിക്‌ടേഴ്‌സ് ഹെഡ് മുരുകൻ കാട്ടാക്കട തുടങ്ങിയവർ സംബന്ധിച്ചു.
ഉച്ചക്ക് 12.30 ഓടെ മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥിെനാപ്പം കവിയത്രി സുഗതകുമാരി ടീച്ചറിന്റെ വീട്ടിലെത്തി പട്ടം ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനികൾ ആദരവ് അർപ്പിച്ചു. ടീച്ചർക്ക് ആദരവായി മന്ത്രി കവിത ചൊല്ലിയപ്പോൾ കുട്ടികളും ഏറ്റുപാടി. സ്വാതന്ത്ര്യം, സമാധാനം, ദാരിദ്ര്യനിർമ്മാർജനം, മതാതീതത്വം എന്നിവയാണ് നെഹ്റു പഠിപ്പിച്ച പാഠങ്ങളെന്ന് സുഗതകുമാരി ടീച്ചർ കുട്ടികളെ ഓർമ്മിപ്പിച്ചു. സ്‌കൂളുകളിൽ കവിത ചൊല്ലിത്തന്നെ പഠിപ്പിക്കണെന്നും അതിനുള്ള നടപടികൾ വിദ്യാഭ്യാസ മന്ത്രി കൈക്കൊള്ളണമെന്നും ടീച്ചർ പറഞ്ഞു. കുട്ടികൾ പഠനത്തോടൊപ്പം പൊതുവിജ്ഞാനവും വളർത്തിയെടുക്കണം. വായന ശീലമാക്കണം. സുഹൃത്തുക്കളായ കുട്ടികളുടെ മുഖത്ത് ദു:ഖമുണ്ടായാൽ അതിന്റെ കാരണം അന്വേഷിക്കാൻ വിദ്യാർത്ഥികൾക്കാകണമെന്നും കുട്ടികളോട് പറഞ്ഞു. കുട്ടികളുടെ കവിത ചൊല്ലലിനു പുറമെ ആറ•ുളയിൽ നിന്നെത്തിയ സംഘം വഞ്ചിപ്പാട്ടും അവതരിപ്പിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻബാബു, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൺസൾട്ടന്റ് രതീഷ് കാളിയാടൻ, രത്നകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
സംസ്ഥാനത്തൊട്ടാകെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾ പ്രതിഭകളെ സന്ദർശിക്കുന്നുണ്ട്. സ്‌കൂളുകളിൽ നിന്നു വിദ്യാർത്ഥികളുടെ ചെറുസംഘം അധ്യാപകരോടൊന്നിച്ച് സ്‌കൂളിന്റെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്ന ശാസ്ത്ര-കലാ-കായിക-സാഹിത്യരംഗത്തെ പ്രതിഭകളെ സന്ദർശിച്ച് ആദരവർപ്പിക്കുന്ന പദ്ധതിയാണ് 'വിദ്യാലയം പ്രതിഭകളിലേക്ക്'. ഭവനസന്ദർശന പരിപാടി നവംബർ 28 വരെ തുടരും.
പി.എൻ.എക്‌സ്.4082/19
 

date