Skip to main content

ജില്ലയില്‍ ശിശുദിനം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു

ജില്ലാ ശിശുക്ഷേമ  സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം,ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, വനിതാ വികസന വകുപ്പ്  എന്നിവയുടെ സഹകരണത്തോടെ  ശിശുദിനാഘോഷം സംഘടിപ്പിച്ചു.  ശിശുദിന റാലി  കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് പരിസരത്ത് കാസര്‍കോട് മുനിസിപാലിറ്റി ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹീം ഫ്‌ലാഗ്ഓഫ് ചെയ്തു. റാലിയില്‍നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.  തുടര്‍ന്ന് ടി.ഐ.എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച പരിപാടി കുട്ടികളുടെ പ്രസിഡന്റ് കെ.പ്രജ്ഞ ഉദ്ഘാടനം ചെയ്തു. ഭാരതത്തില്‍ കുട്ടികള്‍ സുരക്ഷിതരല്ല. മറ്റ് സംസ്ഥാനങ്ങളെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍, കേരളത്തിന് ആശ്വസിക്കാമെങ്കിലും കുട്ടികളുടെ സുരക്ഷ ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്ന് പ്രജ്ഞ പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലകളില്‍ രാജ്യം കുതിക്കുമ്പോഴും നമ്മുടെ നാട്ടില്‍ ബാലവേല വര്‍ധിക്കുകയാണ്. നാളെയുടെ ഭാവി നിശ്ചയിക്കേണ്ട കുട്ടികള്‍ക്ക് ലഭിക്കേണ്ടുന്ന അവകാശങ്ങള്‍ അവരിലേക്കെത്തിക്കാന്‍ പലപ്പോഴും സാധിക്കാതെ പോകുന്നു. ഇതിനെതിരെ ഓരോരുത്തരും ശബ്ദമുയര്‍ത്തണമെന്ന് പ്രജ്ഞ പറഞ്ഞു. പരിപാടിയില്‍ കുട്ടികളുടെ സ്പീക്കര്‍ കെ. സ്വരൂപ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി  ശിശുദിന സന്ദേശം അറിയിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ശിശുദിന സ്റ്റാമ്പ്  പ്രകാശനം ചെയ്തു.
കുട്ടികളുടെ നേതാക്കളായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളെ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം അനുമോദിച്ചു. തുടര്‍ന്ന് ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ സമ്മാനാര്‍ഹരായവര്‍ക്ക് ഡി.ഡി.ഇ കെ.വി പുഷ്പ ഉപഹാരങ്ങള്‍ നല്‍കി. ശിശുദിനറാലിയില്‍ മികച്ച പ്രകടനം നടത്തിയ ജി.എച്ച്.എസ്.എസ്. ചെമ്മനാടിന് ചെങ്കള ഗ്രാമപഞ്ചായത്ത് മെമ്പര്‍ താഹിര്‍ ഉപഹാരം നല്‍കി.

ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി.എ ബിന്ദു, കാസര്‍കോട് എ.ഡി.സി (ജനറല്‍) ബെവിന്‍ ജോണ്‍, ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് എം.പി.വി ജാനകി, ശിശുക്ഷേമ സമിതി സെക്രട്ടറി മധു മുതിയക്കാല്‍, ഡി.ഇ.ഒ എന്‍. നന്ദികേശന്‍,  ടി.ഐ.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ടി.പി മുഹമ്മദലി, സ്‌കൂള്‍  ഹെഡ്മിസ്ട്രസ് കുസുമം ജോണ്‍, പി.ടി.എ പ്രസിഡന്റ് സി.എച്ച് ഹസൈനാര്‍ എന്നിവര്‍ സന്നിഹിതരായി. കുട്ടികളുടെ പ്രധാനമന്ത്രി അഞ്ജിത ബിജോയ് സ്വാഗതവും ഉപരാഷ്ട്രപതി എ.എസ് അബാന്‍ നന്ദിയും പറഞ്ഞു.

date