Skip to main content

പ്രമേഹം ശ്രദ്ധപുലർത്തേണ്ട രോഗം -മന്ത്രി കെ.കെ. ശൈലജടീച്ചർ

 

* ലോക പ്രമേഹദിനാചരണം സംഘടിപ്പിച്ചു
വിവിധ ശരീരഭാഗങ്ങളെ ബാധിക്കുന്നതിനാൽ ഒരുപാട് ശ്രദ്ധപുലർത്തേണ്ട രോഗമാണ് പ്രമേഹമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ലോക പ്രമേഹദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അയ്യങ്കാളി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നേരത്തെ കണ്ടെത്തിയാൽ നിയന്ത്രിക്കാൻ കഴിയുന്ന രോഗമാണ് പ്രമേഹം. കഴിക്കുന്ന ഭക്ഷണത്തിന്, പോഷകാഹാരത്തിന്, കഴിക്കുന്ന സമയത്തിന് ഒക്കെ പ്രാധാന്യമുണ്ട്. വ്യായാമവും അത്യന്താപേക്ഷിതമാണ്. പകർച്ചവ്യാധികളും ജീവിതശൈലിരോഗങ്ങളുമൊക്കെ വരുമ്പോൾ ഇടപെടലും കൂട്ടായ പ്രവർത്തനവും നടത്തുന്നു എന്നതാണ് പ്രത്യേകത.
ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമെന്ന പേര് മാറ്റാൻ വിവിധ കോണുകളിൽനിന്നുള്ള ഇടപെടൽ വേണം. എത്ര തിരക്കാണെങ്കിലും ശീലങ്ങളിൽ മാറ്റമുണ്ടാക്കാൻ ശ്രമം വേണമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിന്റെ നേതൃത്വത്തിൽ കൂടുതൽ വിശാലമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ടി.ബി. രോഗികൾക്കായുള്ള സൗജന്യ ഇൻസുലിൻ കിറ്റ് വിതരണം മന്ത്രി നിർവഹിച്ചു. ഇതോടൊപ്പം ക്ഷയരോഗികൾക്കുള്ള കൈപുസ്തകം, ജീവിതശൈലീ രോഗനിയന്ത്രണം ഭക്ഷണത്തിലൂടെ, പാദസ്പർശം, പഞ്ചാരിക്കൂട്ടം തുടങ്ങിയവയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
മേയർ കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, അഡീ. ഡയറക്ടർമാരായ ഡോ. ബിപിൻ ഗോപാൽ, ഡോ. ശ്രീകുമാരി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് ഡയറക്ടർ ഡോ. പി.കെ ജബ്ബാർ തുടങ്ങിയവർ സംബന്ധിച്ചു.
മ്യൂസിയം മുതൽ അയ്യൻകാളി ഹാൾ വരെ കൂട്ട നടത്തം, ഉച്ചയ്ക്ക് ഒരുമണിവരെ മെഗാ ക്യാമ്പ്, പ്രമേഹ രോഗ ചികിത്സാ രംഗത്തെ പ്രമുഖ ഡോക്ടർമാരുടെ ബോധവത്ക്കരണ ക്ലാസുകൾ എന്നിവ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. 'പ്രമേഹം നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക' എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ സംഘടനയുടെ മുഖ്യ പ്രമേയം. ആരോഗ്യവകുപ്പിന്റെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.  
പി.എൻ.എക്‌സ്.4091/19

date