Skip to main content

സൂര്യനെപ്പോലെ കേരളമാകെ വെളിച്ചമെത്തിക്കാൻ സഭ ടിവിയ്ക്കാവും: ഗവർണർ

*സഭ ടിവിയുടെ ലോഗോയും തീം മ്യൂസിക്കും പ്രകാശനം ചെയ്തു
സൂര്യനെപ്പോലെ കേരളത്തിലെല്ലായിടത്തും വെളിച്ചമെത്തിക്കാൻ കേരള നിയമസഭയുടെ സഭാ ടിവിയ്ക്കാവുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേരള നിയമസഭ ആരംഭിക്കുന്ന സഭ ടിവിയുടെ ലോഗോയുടെയും തീം മ്യൂസിക്കിന്റേയും പ്രകാശനവും നിയമസഭാ മാധ്യമ പുരസ്‌കാര വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. സഭാ ടിവിയിലൂടെ ജനങ്ങൾക്ക് സഭാ നടപടികളെക്കുറിച്ചും ക്രമങ്ങളെക്കുറിച്ചും കൃത്യമായ വിവരം നൽകാനാവും. അറിവുള്ള ജനങ്ങളെയാണ് സത്പുരുഷൻമാർ എന്ന് വിളിക്കുന്നത്. ശരിയായ വിവരം നൽകി ജനങ്ങളെ സത്പുരുഷൻമാരാക്കാനാവുമെന്ന് ഗവർണർ പറഞ്ഞു.
ജനാധിപത്യ സംവിധാനങ്ങളെ ചിലർ മുൻവിധിയോടെ കാണാറുണ്ട്. ശരിയായ വിവരം അവരിലേക്ക് എത്തിക്കാനായാൽ ഇതിന് മാറ്റമുണ്ടാവും. രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കേരള നിയമസഭയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ജനക്ഷേമത്തിനായി നിരവധി നടപടികൾ കേരള നിയമസഭ സ്വീകരിച്ചിട്ടുണ്ട്. പലതും പിന്നീട് മറ്റു സംസ്ഥാനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. കേരള ഭൂപരിഷ്‌കരണ നിയമം, തൊഴിലാളി ക്ഷേമം, വിദ്യാഭ്യാസ പുരോഗതി തുടങ്ങി നിരവധ സുപ്രധാന തീരുമാനങ്ങൾ കേരള നിയമസഭ കൈക്കൊണ്ടു. കേരള നിയമസഭ മറ്റു നിയമസഭകൾക്ക് പല കാര്യങ്ങളിലും റോൾ മോഡലാണെന്നും ഗവർണർ പറഞ്ഞു. ഡിജിറ്റൽ മാധ്യമ സാധ്യതകൾ പ്രയോജനപ്പെടുത്തി സഭാ നടപടികൾ ജനങ്ങളിൽ എത്തിക്കാൻ നടപടി സ്വീകരിച്ച നിയമസഭാ സ്പീക്കറെ ഗവർണർ അഭിനന്ദിച്ചു. സഭാ ടിവി ഒരു മുഴുവൻ സമയ ചാനലായി മാറട്ടെയെന്നും ആശംസിച്ചു. മാധ്യമ അവാർഡ് ജേതാക്കൾക്ക് ഗവർണർ പുരസ്‌കാരം വിതരണം ചെയ്തു.
നിയമസഭയിലെ നല്ല കാര്യങ്ങൾ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കുകയാണ് സഭാ ടിവിയുടെ ഉദ്ദേശ്യമെന്ന് മുഖ്യാതിഥിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ തുടർ പ്രവർത്തനം അനുസരിച്ചാവും മാറ്റങ്ങൾ തീരുമാനിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഭാ ടിവി നിഷ്പക്ഷമായി പ്രവർത്തിക്കുമെന്ന് അധ്യക്ഷത വഹിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ജനുവരി ഒന്നിന് സഭാ ടിവിയ്ക്ക് തുടക്കം കുറിക്കാനാണ് ശ്രമിക്കുന്നത്. കൃത്യമായി നടക്കുന്ന സഭയാണ് കേരളത്തിലേത്. യാന്ത്രികമായോ ലാഘവത്തോടെയോ ഒരു നിയമവും ഈ സഭയിൽ പാസായി പോകാറില്ല. അംഗങ്ങൾ കൃത്യമായി പഠിച്ചെത്തിയാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. വിമർശനങ്ങൾക്കൊപ്പം മാധ്യമങ്ങൾ പോസിറ്റീവായ കാര്യങ്ങൾ കൂടി ജനങ്ങളിലെത്തിക്കണമെന്നും സ്പീക്കർ പറഞ്ഞു.
പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി എ. കെ. ബാലൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി സ്വാഗതവും നിയമസഭ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.
പി.എൻ.എക്‌സ്.4092/19

date