Skip to main content

സുരക്ഷിതം - 2018 ഇന്ന് (ജനുവരി 13)

കാക്കനാട്: വ്യവസായശാലകളിലെയും കെട്ടിട നിര്‍മ്മാണ മേഖലയിലെയും തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും ആരോഗ്യത്തിനും ഭീഷണിയാകുന്ന വിഷയങ്ങളില്‍ തൊഴിലാളികളിലും മാനേജ്‌മെന്റിലും അവബോധം സൃഷ്ടിക്കുന്നതിനായി ഓക്കുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് 2018 - വിഷന്‍ സീറോ പ്രാക്ടിക്കല്‍ സൊല്യൂഷന്‍ എന്ന വിഷയത്തില്‍ സുരക്ഷിതം 2018 എന്ന പേരില്‍ അന്താരാഷ്ട്ര സെമിനാറും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ജര്‍മനിയിലെ തൊഴില്‍ സുരക്ഷിതത്വ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാറ്റിയൂട്ടറി ജര്‍മ്മന്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഏജന്‍സി ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് (ജനുവരി 13) രാവിലെ രാവിലെ 10 ന് കൊച്ചി റമദ റിസോര്‍ട്ടില്‍ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷത വഹിക്കും. ഇന്റര്‍നാഷണല്‍ സോഷ്യല്‍ സെക്യൂരിറ്റി അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. കാള്‍ ഗെയ്ന്‍സ് നോട്ടല്‍ മുഖ്യപ്രഭാഷണം നടത്തും. ജര്‍മനിയില്‍ നിന്നുള്ള ഡോ. ജെന്‍സ് ജൂളിംഗ്, ഡോ. ക്രിസ്റ്റിയന്‍ ഫെല്‍ട്ടന്‍, ബര്‍നാഡ് മെര്‍സ്, ഇന്‍ഡോ-ജര്‍മ്മന്‍ ഫോക്കല്‍ പോയിന്റ്-പ്രിവന്‍ഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി പ്രതിനിധി ബി.കെ. സാഹു തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. സംസ്ഥാനത്തെ കെട്ടിട നിര്‍മ്മാണ, ഫാക്ടറി തൊഴിലാളി, മാനേജ്‌മെന്റ് രംഗത്തെ 400 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. തൊഴിലാളികള്‍ക്കാവശ്യമായ ആധുനിക ജര്‍മ്മന്‍ നിര്‍മ്മിത സ്വയരക്ഷ ഉപകരണങ്ങള്‍, ശ്വാസകോശ രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കുന്ന യൂറോപ്യന്‍ ഉപകരണങ്ങള്‍, കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാല, റിഫൈനറി, പെട്രോനെറ്റ് എല്‍എന്‍ജി എന്നിവിടങ്ങളിലെ സുരക്ഷിതത്വ ആരോഗ്യ ഉപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും നടക്കും. കൂടാതെ കൊച്ചി പെട്രോനെറ്റ് എല്‍എന്‍ജി ഫാക്ടറിയുടെ ആധുനിക സുരക്ഷിതത്വ ക്രമീകരണങ്ങളുടെ തത്സമയ പ്രദര്‍ശനവുമുണ്ടാകും. ലേബര്‍ കമ്മീഷണര്‍ കെ. ബിജു, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഡയറക്ടര്‍ പി. പ്രമോദ് തുടങ്ങിയവര്‍ പങ്കെടുക്കും.
date