Skip to main content

തിരുപ്പതി മാതൃക ശബരിമലയില്‍ നടപ്പാക്കാനാവുമോയെന്ന് പരിശോധിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുപ്പതി ക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങളില്‍ ശബരിമലയ്ക്ക് അനുയോജ്യമായവ പരിശോധിച്ച് നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇതിനായി ഒരു വിദഗ്ധ സമിതി ഉടന്‍ തിരുപ്പതിക്ക് പോകും. ശബരിമല ഉപദേശക സമിതിയുടെ ഏറ്റവും അടുത്ത ചുമതല ഇതു പരിശോധിക്കുകയെന്നതാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരുപ്പതി മോഡല്‍ പഠിക്കുന്നതിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ശബരിമലയില്‍ സ്ഥലപരിമിതിയാണ് പ്രധാന പ്രശ്‌നം. കാനനക്ഷേത്രം എന്ന പരിഗണന നല്‍കിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ മാത്രമേ ഇവിടെ സാധ്യമാകൂ. ശബരിമലയിലെ ചില അശാസ്ത്രീയ കെട്ടിടങ്ങള്‍ നീക്കം ചെയ്യാന്‍ ആലോചിക്കുകയാണ്. ഇത്തവണത്തെ മണ്ഡല മകരവിളക്കു തീര്‍ത്ഥാടനം മെച്ചപ്പെട്ട രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും സാധിച്ചു. നിരവധി കുപ്രചാരണങ്ങള്‍ ഇത്തവണ ഉണ്ടായെങ്കിലും തീര്‍ത്ഥാടകര്‍ അവ തള്ളി. മകരവിളക്ക് ദിനം വരെ ഈ സീസണില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 45 കോടി രൂപയുടെ വരുമാന വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം 210 കോടി രൂപയാണ് ലഭിച്ചതെങ്കില്‍ ഇത്തവണ 255 കോടി രൂപ ലഭിച്ചു. ഈ സീസണില്‍ ശബരിമലയില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 38 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറു കോടി രൂപ കൂടുതലായി ചെലവാക്കി. ശബരിമലയിലേക്കുള്ള റോഡു നിര്‍മ്മാണത്തിന് ഇതിനു പുറമെ തുക ചെലവഴിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ ഇടത്താവളം നവീകരണ പദ്ധതി പുരോഗമിക്കുന്നു. 37 ഇടത്താവളങ്ങളില്‍ ഒന്‍പതെണ്ണത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കാവുന്ന സ്ഥിതിയാണ്. ഇതിനായി 145 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഐ.ഒ.സി.യ്ക്കാണ് ഇതിന്റെ ചുമതല. ഇടത്താവള വികസന പദ്ധതിയില്‍ ബി.പി.സി.എ ലും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് നിലവില്‍ 99 കോടി രൂപയുടെ വികസന പ്രവര്‍ത്തനം നടത്തി. പത്തു ദശലക്ഷം ശേഷിയുള്ള പുതിയ മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് പമ്പയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ പമ്പാ നദി മലിനമാകുന്നത് തടയാനാവും. ഇത്തവണ ശുചിത്വത്തിന് പ്രാധാന്യം നല്‍കിയ തീര്‍ത്ഥാടനകാലമായിരുന്നു. പമ്പയില്‍ തുണിയും മാലയും ഭക്ഷണാവശിഷ്ടവും ഒഴുക്കുന്ന പ്രവണത ഉണ്ടായിരുന്നു. അത് പൂര്‍ണമായി ഒഴിവാക്കാനായി. ഹരിതചട്ടം പാലിച്ച് സീസണ്‍ പൂര്‍ത്തിയാക്കാനായത് നേട്ടമാണ്. ശബരിമലയെ മാലിന്യ മുക്തമാക്കുകയാണ് ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും ലക്ഷ്യം. ഇത്തവണ മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഭാഗമായി. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും മികച്ച രീതിയില്‍ ശബരിമലയില്‍ പ്രവര്‍ത്തിച്ചു. ആഭ്യന്തരവകുപ്പിന്റേയും ജലവിഭവ വകുപ്പിന്റേയും പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണ്. ആരോഗ്യവകുപ്പും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയതായി മന്ത്രി പറഞ്ഞു. പി.എന്‍.എക്‌സ്.184/18

date