Skip to main content

യുവ സംരംഭകര്‍ക്ക് സര്‍ക്കാര്‍ മികച്ച സൗകര്യങ്ങളൊരുക്കും: വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ *യുവജനക്ഷേമ ബോര്‍ഡ് യുവ സംരംഭക സമ്മേളനം സംഘടിപ്പിച്ചു

പുതിയ വ്യസായ സംരംഭങ്ങളുമായി മുന്നോട്ടു വരുന്ന യുവസംരംഭകര്‍ക്ക് സര്‍ക്കാര്‍ മികച്ച സൗകര്യങ്ങളൊരുക്കി പിന്തുണ നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കേരളത്തിന്റെ ഭാവിവളര്‍ച്ച ലക്ഷ്യമാക്കി പുതിയ സംരംഭങ്ങളിലൂടെ പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനെക്കുറിച്ച് സംസ്ഥാനം ചര്‍ച്ച ചെയ്യുകയാണ്. തൊഴിലന്വേഷകരാവുന്നതിനു പകരം ധാരാളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭകരാവാന്‍ കഴിവുള്ളവരാണ് നമ്മുടെ യുവാക്കള്‍. സന്നദ്ധരായി വരുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാരിന്റെ പക്ഷത്തുനിന്നുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവസംരംഭകര്‍ക്കായി സംഘടിപ്പിച്ച യുവ സംരംഭക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ സംഗമവേദിയായ ലോക കേരള സഭയിലും നൈപുണ്യമുള്ള യുവാക്കളുടെ സേവനം സ്വന്തം രാജ്യത്തിനു പ്രയോജനപ്പെടുത്തണമെന്ന അഭിപ്രായമുയര്‍ന്നതായി അദ്ദേഹം ഓര്‍മ്മിച്ചു. രാജ്യത്തിന്റെ യുവജനസമ്പത്ത് വിദേശങ്ങളില്‍ തൊഴില്‍ തേടിപ്പോകുന്ന ഇപ്പോഴത്തെ സാഹചര്യത്തിനു മാറ്റമുണ്ടാകണം. അതിനനുകൂലമായ സാഹചര്യം കേരളത്തിലുണ്ട്. മനുഷ്യ വിഭവ വികസന സൂചികയില്‍ വികസിത രാജ്യങ്ങളോടൊപ്പമാണ് കേരളം. ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ താത്പര്യപ്പെടുന്നത്. വിവര സാങ്കേതിക രംഗത്തിനു പുറമേ, ഭക്ഷ്യ സംസ്‌കരണം, സുഗന്ധവ്യഞ്ജനം, റബ്ബര്‍, കരകൗശലം, കയര്‍ തുടങ്ങിയ സംസ്ഥാനത്തിന്റെ പരമ്പരാഗത മേഖലകളിലെ സാധ്യതകളെല്ലാം നവ സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയണം. ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ അഞ്ച് വ്യവസായ പാര്‍ക്കുകള്‍ ആരംഭിച്ചുകഴിഞ്ഞു. ഇടുക്കി ജില്ലയില്‍ സുഗന്ധ വ്യഞ്ജന പാര്‍ക്ക് ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പുതുതായി വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് അയ്യായിരം ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഈ പാര്‍ക്കുകളില്‍ പുതിയ സംരംഭകര്‍ക്ക് മുന്‍ഗണന ലഭിക്കും. അടിസ്ഥാന സൗകര്യ മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ മേഖല സുശക്തമാക്കും. സാമൂഹ്യ വികാസത്തിന് സാധ്യതയൊരുക്കിയ കേരള മോഡല്‍ ഇനിയും നവീകരിക്കും. സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷത്തിന് സര്‍ക്കാര്‍ സാഹചര്യമൊരുക്കും. ഇതിനായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരും. ഗവേഷണ സ്ഥാപനങ്ങളും സര്‍വകലാശാലകളുമായി കൈകോര്‍ത്ത് സംരംഭകര്‍ക്ക് ആവശ്യമായ പ്രായോഗിക പരിശീലനം നല്‍കാനുള്ള പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. സംരംഭങ്ങള്‍ വിജയിക്കാന്‍ മികച്ച ആസൂത്രണമാവശ്യമാണ്. വിജയത്തിലേക്കുള്ള വഴികള്‍ പൂ വിരിച്ചതായിരിക്കില്ല. നിരന്തര പരിശ്രമവും പ്രതികൂല സാഹചര്യങ്ങളെ കരുതലോടെ നേരിടാനുള്ള സന്നദ്ധതയും യുവ സംരംഭകര്‍ക്കുണ്ടാവണം. ഒരുമിച്ചുനിന്ന് കേരളത്തിന്റെ വ്യവസായ രംഗം ശക്തിപ്പെടുത്താന്‍ യുവത്വത്തിനാവണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ യുവജന ക്ഷേമ ബോര്‍ഡിന്റെ ഉപഹാരം വൈസ് ചെയര്‍മാന്‍ പി. ബിജു മന്ത്രിക്കു സമ്മാനിച്ചു. യുവജന ക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ആര്‍.എസ്. കണ്ണന്‍, കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ സജി ഗോപിനാഥ്, സംരംഭകരായ നവാസ് മീരാന്‍, രാജേഷ് നായര്‍, നാഗരാജ പ്രകാശം, ജെയിംസ് ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. പി.എന്‍.എക്‌സ്.199/18

date