Skip to main content
ആറന്മുളയില്‍ സപ്ലൈകോ മാവേലി സൂപ്പര്‍ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു മന്ത്രി പി.തിലോത്തമന്‍ സംസാരിക്കുന്നു. 

ആറന്മുളയില്‍ സപ്ലൈകോ മാവേലി സൂപ്പര്‍ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു സപ്ലൈകോ വഴി നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍  നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി. തിലോത്തമന്‍

നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍ നല്‍കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം നടപ്പിലാക്കുകയാണ് സപ്ലൈകോ വഴി ചെയ്യുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.  ആറന്മുളയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പൂര്‍ണമായും നശിച്ചുപോയ മാവേലി സ്‌റ്റോറിന് പകരമായി അനുവദിച്ച സപ്ലൈകോയുടെ നൂതന സംരംഭമായ സപ്ലൈകോ മാവേലി സൂപ്പര്‍ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

കേരളത്തിലുടനീളം സപ്ലൈകോ വില്‍പന നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട വില്‍പന കേന്ദ്രമാണ് സപ്ലൈകോ. 13 സബ്‌സിഡി ഉല്‍പന്നങ്ങള്‍ക്കൊപ്പം ജയ അരിയും കൂടി  ഉള്‍പ്പെടുത്തി 14 അവശ്യ സാധനങ്ങള്‍ക്ക് സബ്‌സിഡി നടപ്പാക്കി. വിലവര്‍ധന ഉണ്ടാകുന്ന സാഹചര്യത്തിലും സപ്ലൈകോയില്‍ ഉത്പന്നങ്ങളുടെ നിരക്കില്‍ മാറ്റമുണ്ടാകില്ല. പയറു വര്‍ഗങ്ങളുടെയും പരിപ്പു വര്‍ഗങ്ങളുടെയും കടലയുടെയും വില കുറച്ചു. എല്ലാ സാധനങ്ങളും 45 ശതമാനം ഡിസ്‌കൗണ്ടില്‍ സപ്ലൈക്കോയില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

റേഷന്‍ കടകളില്‍ ഉപയോഗിക്കുന്ന ഇ-പോസ് മെഷീനുമായി ത്രാസ് ഘടിപ്പിക്കുന്നതിന് നടപടി കൊണ്ടുവരാനായി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇതിലൂടെ തൂക്കത്തില്‍ വ്യത്യാസമില്ലാതെ സാധനം ലഭ്യമാകും. ഗൃഹോപകരണങ്ങളിലൂടെയും കെട്ടിട നിര്‍മാണത്തിലൂടെയും സപ്ലൈകോ പുതിയ നിലയിലേക്ക് ഉയരുമെന്നും അദ്ദേഹം പറഞ്ഞു. 

വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആദ്യ വില്‍പന ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ഐഷാ പുരുഷോത്തമന്‍ നിര്‍വഹിച്ചു. സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ.എന്‍ സതീഷ്, ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സുജാ സുരേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പി ജയന്‍, ആര്‍. അജയകുമാര്‍, വിക്ടര്‍ ടി. തോമസ്, തോമസ് വെണ്‍മേലി, മാത്യൂസ് ജോര്‍ജ്, അലക്‌സ് കണ്ണമല, മെഹബൂബ്ഖാന്‍, ടി.എം നാസറുദ്ദീന്‍ റാവുത്തര്‍, പ്രസാദ് പേരുങ്കല്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ് ബീന തുടങ്ങിയര്‍ പങ്കെടുത്തു.

 

 

 

 

 

date