Skip to main content

മനോരോഗിയായ സ്ത്രീക്ക് സംരക്ഷണം ഒരുക്കി കയ്പമംഗലം പോലീസ്

മനോനില തകരാറിലായി തനിച്ച് താമസിച്ചിരുന്ന മധ്യവയസ്‌കയ്ക്ക് സംരക്ഷണമൊരുക്കി കയ്പമംഗലം പോലീസ്. ചളിങ്ങാട് പള്ളിനട പേടിക്കാട്ട് പറമ്പിൽ രാജൻ ഭാര്യ അംബിക(50)യെയാണ് കയ്പമംഗലം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ചാലക്കുടി ഡീ പോൾ സ്‌മൈൽ വില്ലേജ് എന്ന സ്ഥാപനത്തിൽ പ്രവേശിപ്പിച്ചത്. ആരേയും വീട്ടിലേക്ക് അടുപ്പിക്കാതെയാണ് ഇവർ കഴിഞ്ഞിരുന്നത്. രണ്ടു ദിവസമായി വീട് അകത്ത് നിന്നും പൂട്ടിയനിലയിലായിരുന്നു. വീടിനകത്തുനിന്ന് അനക്കം കേൾക്കാത്തതിനെത്തുടർന്ന് അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
വാതിലുകളെല്ലാം അകത്ത് നിന്നും പൂട്ടിയിരുന്നതിനാൽ ഏറെ പ്രയാസപ്പെട്ടാണ് പോലീസ് വീടിനകത്ത് കയറിയത്.
അടുക്കളയിൽ കോണി വെച്ച് ബർത്തിന് മുകളിൽ കയറിക്കിടക്കുകയായിരുന്നു അംബിക. താഴെ ഇറങ്ങാൻ സമ്മതിക്കാതിരുന്ന ഇവരെ ഏറെ സമയത്തെ പ്രയത്‌നത്തിന് ശേഷമാണ് അനുനയിപ്പിച്ച് താഴെയിറക്കിയത്. ദിവസങ്ങളായി ഭക്ഷണമൊന്നും കഴിക്കാതിരുന്ന ഇവർ വളരെ ക്ഷീണിതയായിരുന്നു. അയൽവാസികൾ നൽകിയ ഭക്ഷണം കഴിപ്പിച്ച ശേഷമാണ് ചെന്ത്രാപ്പിന്നി നന്മയുടെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. കയ്പ്പമംഗലം എസ്.ഐ ജയേഷ് ബാലൻ, എ.എസ് ഐ അബ്ദുൾ സലാം, പഞ്ചായത്ത് അംഗങ്ങളായ കെ.എസ് സിന്ധു, സൈനുദ്ധീൻ, ജനമൈത്രി അംഗം ഷെമീർ എളേടത്ത്, സി പി ഒ മാരായ ലാൽജി, കെ.വി ഗോപകുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് സി പി ഒ നിഫാദ്, അയൽവാസികളായ ടി.എം ഹുസൈൻ, പി.എ അബൂബക്കർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംരക്ഷണ പദ്ധതി ഒരുക്കിയത്.

date