Skip to main content

കേന്ദ്ര സിലബസ് സ്‌കൂളുകളിലെ കുട്ടികള്‍ക്കായി  സ്‌പോര്‍ട്‌സ് മീറ്റ്; ജില്ലാതല മല്‍സരം 20ന്

കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര സിലബസ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി കായിക മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ-ഐ.സി.എസ്.ഇ സ്‌കൂളുകള്‍, നവോദയ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കായാണ് സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിക്കുന്നത്. 
ഇതാദ്യമായാണ് കേന്ദ്ര സിലബസ് വിദ്യാര്‍ഥികള്‍ക്ക് ഇങ്ങനെയൊരു മല്‍സരം സംഘടിപ്പിക്കുന്നതെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഒ.കെ വിനീഷ് പറഞ്ഞു. ആദ്യവര്‍ഷമെന്ന നിലയില്‍ അത്‌ലറ്റിക് മല്‍സരങ്ങള്‍ മാത്രമാണ് ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അണ്ടര്‍ 14, അണ്ടര്‍ 17 എന്നീ വിഭാഗങ്ങളില്‍ ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മല്‍സരങ്ങള്‍ നടക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനുവരി 20ന് രാവിലെ 9.30ന് കണ്ണൂര്‍ പോലിസ് പരേഡ് ഗ്രൗണ്ടില്‍ ആരംഭിക്കുന്ന ജില്ലാതല മല്‍സരം തുറമുഖ വകുപ്പ് മന്ത്രി രാചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ തലങ്ങളില്‍ നേരത്തേ നടന്ന മല്‍സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ച താരങ്ങള്‍ക്ക് റിലേ ഉള്‍പ്പെടെ മൂന്ന് ഇനങ്ങളില്‍ പങ്കെടുക്കാം. 
അണ്ടര്‍ 14 വിഭാഗങ്ങള്‍ക്ക് 100, 200, 400, 800 മീറ്റര്‍ ഓട്ടം, ലോംഗ് ജംപ്, ഹൈജംപ്, ഷോട്ട് പുട്ട് (നാല് കിലോ), 4X100 മീറ്റര്‍ റിലേ, അണ്ടര്‍ 17 വിഭാഗങ്ങള്‍ക്ക് 100, 200, 400, 800, 1500, 3000 മീറ്റര്‍ ഓട്ടം, ലോംഗ് ജംപ്, ഹൈജംപ്, ഷോട്ട് പുട്ട് (5 കിലോ), 4X400 മീറ്റര്‍ റിലേ എന്നീ ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുക. 
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന തല മല്‍സരം ജനുവരി 30, 31 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര സിലബസുകാര്‍ക്കുള്ള മല്‍സരങ്ങള്‍ ദേശീയ തലത്തില്‍ നടത്തുന്നതിനാവശ്യമായ ശ്രമങ്ങള്‍ ആരംഭിച്ചതായും ഒ.കെ വിനീഷ് പറഞ്ഞു. 
പി.ആര്‍.ഡി ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഒ.കെ വിനീഷ്, സംസ്ഥാന അംഗം വി.ടി പവിത്രന്‍, സി.ബി.എസ്.ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.കെ ഖാലിദ്, വൈസ് പ്രസിഡന്റ് എ.ടി അബ്ദുസ്സലാം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍ എസ് തുടങ്ങിയവര്‍ സംസാരിച്ചു.
പി.എന്‍.സി/211/2018

date