Skip to main content

പുല്ലൂര്‍ വിത്തുല്‍പ്പാദന കേന്ദ്രം ജില്ലാ പഞ്ചായത്ത്  പ്രത്യേക യോഗം  ചേരും

 

    ജില്ലാപഞ്ചായത്ത് ഫിനാന്‍സ് ഓഫീസറുടെ   നേതൃത്വത്തില്‍നടത്തിയ പരിശോധന റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഴുവന്‍ ഭരണസമിതി അംഗങ്ങളുടെയും പ്രത്യേക യോഗം ചേരുന്നതിന് ജില്ലാപഞ്ചായത്ത് യോഗം തീരുമാനിച്ചു. ഭരണസമി്തിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്. 
    ജില്ലാപഞ്ചായത്ത് ഹാളില്‍ ചേര്‍ന്നയോഗത്തില്‍  പ്രസിഡന്റ് എജിസി ബഷീര്‍ അധ്യക്ഷത വഹിച്ചു.  പരിശോധന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം തുടര്‍ നടപടിക്കുളള നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കും. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  വിത്തുല്‍പ്പാദന കേന്ദ്രം ഉദ്യോഗസ്ഥര്‍  സ്വീകരിച്ച നടപടികളുടെ വിശദമായ  റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ നിന്നും വിതരണം  ചെയ്ത വിത്തുകളുടെയും  ചെടികളുടെയും  കൃത്യമായ വരവ്‌ചെലവ് കണക്കുകള്‍  സൂക്ഷിക്കുന്നത് സംബന്ധിച്ചും  വിളവെടുപ്പ് വിവരങ്ങള്‍  കൃത്യമായി  സാക്ഷ്യപ്പെടുത്തി  സൂക്ഷിക്കുന്നില്ലെന്നാണ്  പരിശോധന റിപ്പോര്‍ട്ട്.  ഫാം ക്വാട്ടേഴ്‌സ്   ജീവനക്കാര്‍ ഉപയോഗിക്കുന്നില്ല. നാടന്‍ പശു ഫാം മോണിറററിംഗ് നടക്കുന്നില്ല. സീഡ്ഫാം അതിര്‍ത്തി നിര്‍ണയം നടത്തിയിട്ടില്ല തുടങ്ങിയ പരിശോധന റിപ്പോര്‍ട്ടും യോഗത്തില്‍  അവതരിപ്പിച്ചു. ജലക്ഷാമംമൂലം രണ്ടാംവിളകൃഷി ആരംഭിക്കാത്തതും ട്രില്ലറുകള്‍ തുരുമ്പെടുത്ത്  നശിക്കുന്നതും  വൈക്കോല്‍ നശിക്കുന്നതും  റിപ്പോര്‍ട്ടില്‍  വിശദമാക്കിയിട്ടുണ്ട്. 
    പുല്ലൂര്‍ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ 2015-16 വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്ത്   നടപ്പാക്കിയ ജൈവവള ഉല്‍പ്പാദനവും വിതരണവും ജൈവശ്രീ പദ്ധതിയ്ക്ക് ഉപയോഗിക്കുന്നതിന്  ഡമോണ്‍സ്‌ട്രേഷന്‍ നടത്തിയ  മെഷീന്‍ ഈ പദ്ധതിയ്ക്ക്  പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയതിനാല്‍ തുക തിരിച്ചടക്കുന്നതിന്   നിര്‍വ്വഹണ ഉദ്യോഗസ്ഥന് ഭരണസമിതി അനുമതി നല്‍കി.
    കാസര്‍കോട്  വികസന പാക്കേജില്‍  ഉള്‍പ്പെടുത്തി  ജില്ലാ പഞ്ചായത്തിന്റെ  ഘടകസ്ഥാപനങ്ങളില്‍  ഗ്രിഡ് അധിഷ്ഠിത സോളാര്‍  പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയില്‍  കെ എസ് ഇ ബി യുടെ  റിന്യൂവബിള്‍  എനര്‍ജി ആന്റ് എനര്‍ജി  സേവിംഗ്‌സ് വിഭാഗം ജില്ലാ ആശുപത്രി,  കാഞ്ഞങ്ങാട്  ജില്ലാ ആയുര്‍വ്വേദ ആശുപത്രി, ചന്ദ്രഗിരി ജി വി എച്ച് എസ് എസ്,  മൊഗ്രാല്‍ പുത്തൂര്‍  ജി വി എച്ച് എസ് എസ്,  കുമ്പള ജി വി എച്ച് എസ് എസ് എന്നിവിടങ്ങളില്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന്  സമര്‍പ്പിച്ച 2,50,00,000 രൂപയുടെ വിശദ  പദ്ധതി റിപ്പോര്‍ട്ടിന് സമിതി  അംഗീകാരം നല്‍കി.  പി കരുണാകരന്‍ എം പി യുടെ   പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി പിലിക്കോട് ജി വി എച്ച് എസ് എസിന് അഞ്ച് കിലോ വാട്ട്   ഓഫ് ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുളള ടെണ്ടറും യോഗം അംഗീകരിച്ചു.
    തിരുവനന്തപുരം   ജില്ലാ പഞ്ചായത്തിനെ മാതൃകയാക്കി ജില്ലാ വെറ്ററിനറി കേന്ദ്രത്തോട് ചേര്‍ന്ന് വെറ്ററിനറി മെഡിക്കല്‍  സ്റ്റോര്‍  സ്ഥാപിക്കുന്നതിന്  ഡിപിആര്‍ സമര്‍പ്പിക്കുന്നതിന്  ചീഫ്  വെറ്ററിനറി ഓഫീസറെ ചുമതലപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതിയുടെ  ശുപാര്‍ശ പ്രകാരമുളള  വിവിധ പ്രവൃത്തികളുടെ  ദര്‍ഘാസ് അംഗീകരിച്ചു.  പട്ടികവര്‍ഗ വികസന വര്‍ക്കിംഗ് ഗ്രൂപ്പ് പുന:സംഘടിപ്പിക്കുന്നതിനും  പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍  കോളേജില്‍ പഠിക്കുന്നതിനുളള ധനസഹായത്തിനുളള  ഗുണഭോക്തൃ പട്ടിക അംഗീകരിക്കുന്നതിനും  തീരുമാനിച്ചു. 
    യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശാന്തമ്മ ഫിലിപ്പ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷാനവാസ് പാദൂര്‍, ഫരീദ സക്കീര്‍ അഹമ്മദ്,  അംഗങ്ങളായ വി പി പി മുസ്തഫ, മുംതാസ് സമീറ, സുഫൈജ ടീച്ചര്‍, പി സി സുബൈദ, എം നാരായണന്‍, ജോസ് പതാലില്‍, എം കേളുപ്പണിക്കര്‍, പി വി പുഷ്പജ, അഡ്വ. കെ  ശ്രീകാന്ത്, പുഷ്പ അമേക്കള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ  എ കെ എം അഷ്‌റഫ്, എം ഗൗരി,  വി പി ജാനകി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി  പി നന്ദകുമാര്‍ സംസാരിച്ചു
 

date