Skip to main content

റിപ്പബ്ലിക് ദിനാഘോഷം : ഗവര്‍ണര്‍ അഭിവാദ്യം സ്വീകരിച്ചു

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢമായ റിപ്പബ്ലിക് ദിന പരേഡില്‍ ഗവര്‍ണര്‍ പി. സദാശിവം അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, വനം മന്ത്രി കെ. രാജു,  സി.പി. നാരായണന്‍ എം.പി., എം.എല്‍.എ മാരായ കെ. മുരളീധരന്‍, ഒ. രാജഗോപാല്‍, ഗവര്‍ണറുടെ പത്‌നി സരസ്വതി, മുഖ്യമന്ത്രിയുടെ പത്‌നി കമല, കുടുംബാംഗങ്ങള്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ, ജനപ്രതിനിധികള്‍, മറ്റ് ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. രാവിലെ 8.30 ന് ഗവര്‍ണര്‍ പതാക ഉയര്‍ത്തിയപ്പോള്‍ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തി. വിവിധ സായുധസേനാ വിഭാഗങ്ങളും സായുധരല്ലാത്ത വിഭാഗങ്ങളും അണിനിരന്ന പരേഡില്‍ വ്യോമസേന സ്‌ക്വാഡ്രന്‍ ലീഡര്‍ കന്‍വാര്‍ തപന്‍ ജംവാല്‍ പരേഡ് കമാന്‍ഡറായി. സെക്കന്റ് ഇന്‍ കമാന്‍ഡ് കരസേനയുടെ ബീഹാര്‍ റെജിമെന്റ് നാലാം ബറ്റാലിയനിലെ ക്യാപ്റ്റന്‍ പ്രത്യുഷ് പുഷ്പമായിരുന്നു. കരസേന, വ്യോമസേനാ വിഭാഗങ്ങള്‍ക്കു പുറമെ അതിര്‍ത്തി രക്ഷാസേന, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്, റെയില്‍വേ സുരക്ഷാസേന, ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍, പുതുച്ചേരി പോലീസ്, സ്‌പെഷ്യല്‍ ആംഡ് പോലീസ്, ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ (സ്‌കോര്‍പിയോണ്‍), തിരുവനന്തപുരം സിറ്റി പോലീസ്, ജയില്‍,  എക്‌സൈസ് സേനകള്‍, അഗ്നിരക്ഷാസേന, വനം വകുപ്പ്, എന്‍.സി.സി. സീനിയര്‍ ഡിവിഷന്‍ (ആണ്‍കുട്ടികള്‍), എന്‍.സി.സി. സീനിയര്‍ വിംഗ് (പെണ്‍കുട്ടികള്‍), എന്‍.സി.സി. സീനിയര്‍ ഡിവിഷന്‍ എയര്‍ സ്‌ക്വാഡ്രണ്‍, എന്‍.സി.സി. നേവല്‍ യൂണിറ്റ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് (ആണ്‍കുട്ടികളും, പെണ്‍കുട്ടികളും), ഭാരത് സ്‌കൗട്ട്‌സ്, ഭാരത് ഗൈഡ്‌സ്, അശ്വാരൂഢ പോലീസ് എന്നിവയുടെ ഓരോ പ്ലാറ്റൂണുകള്‍ പരേഡില്‍ പങ്കെടുത്തു. സ്‌കൂള്‍ കുട്ടികള്‍ ദേശഭക്തിഗാനം ആലപിച്ചു

പി.എന്‍.എക്‌സ്.337/18

date