Skip to main content

ലൈഫ് മിഷനില്‍ കുടിയേറ്റക്കാരെയും ഉള്‍പ്പെടുത്തണം -താലൂക്ക് വികസന സമിതി

പാലക്കാട് താലൂക്കിന് കീഴില്‍ വരുന്ന കുടിയേറ്റക്കാരേയും ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ പെരുവെമ്പ് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാലക്കാട് താലൂക്ക് വികസനസമിതി യോഗം തീരുമാനിച്ചു. ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.

താണാവ് മുതല്‍  മുണ്ടൂര്‍ വരെയുള്ള ദേശീയ പാതയില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ട്രാഫിക് പൊലീസ് വിഭാഗത്തിന് കത്ത് നല്‍കുവാനും യോഗം തീരുമാനിച്ചു. പെരുവെമ്പ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍  ഒരു ഡോക്ടറുടെ ഒഴിവ് നികത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടു. പാലക്കാട് താലൂക്കിന് കീഴില്‍ നിലം നികത്തുന്നത് വ്യാപകമായ സാഹചര്യത്തില്‍ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ശക്തമായി ഉപയോഗിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. 

യോഗത്തില്‍ എല്‍.ആര്‍.ഡെപ്യൂട്ടി കലക്ടര്‍ അനില്‍കുമാര്‍, പാലക്കാട് തഹസില്‍ദാര്‍ വി.വിശാലാക്ഷി, തഹസില്‍ദാര്‍(ഭൂരേഖ) പി.ജി.രാജേന്ദ്രബാബു, താലൂക്ക് തല ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പ് മേധാവികള്‍ പങ്കെടുത്തു. കണ്ണാടി , മലമ്പുഴ, പറളി, മങ്കര, പെരുവെമ്പ് ഗ്രാമപഞ്ചായത്തുകളിലെ പ്രതിനിധികള്‍ വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു. 
    
 

date