Skip to main content

യുവതിയുടെ മരണം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവിട്ടു.

    എടവണ്ണപ്പാറ സ്വദേശിയായ യുവതി പാണ്ടിക്കാട് ഭര്‍ത്യവീട്ടില്‍ മരണപ്പെട്ട കേസില്‍ ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി മറ്റൊരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ ഉത്തവിട്ടു.  മകളെ ഭര്‍ത്താവും ജേഷ്ഠനും ഭര്‍ത്താവിന്റെ ഉമ്മയും ഭര്‍ത്താവിന്റെ അനുജന്റെ ഭാര്യയും ചേര്‍ന്ന് ശാരീരികമായും മാനസികമായും നിരന്തരം പീഢിപ്പിച്ചിരുന്നെന്നും ഇവര്‍ ചേര്‍ന്ന് മകളെ കൊലപ്പെടുത്തിയതാണെന്നും കാണിച്ച് എടവണ്ണപ്പാറ സ്വദേശിയായ പിതാവ് പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.  ഈ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് ഐ.പി.സി 498 (എ), 306, 34 വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണം നടത്തിയിട്ടുണ്ട്.  എന്നാല്‍ മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തിയ ശേഷം 306 (ആത്മഹത്യ പ്രേരണ കുറ്റം) ഒഴിവാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ്.  പരാതിക്കാരന്‍ ഉന്നയിച്ച പ്രസക്തമായ ആരോപണങ്ങളിലും സംഭവങ്ങളിലും അന്വേഷണം നടന്നിട്ടില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി.   സ്ത്രീധനമായി 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പലപ്പോഴായി മൂന്ന് ലക്ഷം രൂപയും ഗൃഹപ്രവേശത്തിന് 1.16 ലക്ഷം രൂപയുടെ ഗൃഹോപകരണങ്ങളും ഭര്‍തൃവീട്ടുക്കാര്‍ നിര്‍ബന്ധിച്ച് വാങ്ങിയിട്ടുണ്ട്.  ഇതിന് പുറമെ വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.   
    ഒഴൂര് സി.പി.പി.എച്ച്.എം.എച്ച്.എസില്‍ നിന്ന് 2013 മെയ് 31ന് വിരമിച്ച പ്രധാന അധ്യാപകന്റെ പെന്‍ഷന്‍ ഗ്രാറ്റുവിറ്റി തുക പൂര്‍ണ്ണമായും അനുവദിക്കാത്ത നടപടി കമ്മീഷന്‍ റദ്ദാക്കി. 2009-10 ല്‍ ഈ സ്‌കൂളില്‍ പ്രത്യേക പരിശോധനാ വിഭാഗം നടത്തിയ പരിശോധനയില്‍ കുട്ടികളുടെ എണ്ണത്തില്‍ കൃത്രിമം കാട്ടിയതായി കണ്ടെത്തിയിരുന്നു.  കുട്ടികളുടെ യഥാര്‍ത്ഥ എണ്ണം അനുസരിച്ച് തസ്തിക നിര്‍ണ്ണയിച്ചപ്പോള്‍ മറ്റൊരു ടീച്ചര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു.  ഈ ടീച്ചര്‍ കൈപ്പറ്റിയ ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചു പിടിക്കുന്നതിനാണ് വിരമിച്ച പ്രധാന അധ്യാപകന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞ് വെച്ചത്.  എയ്ഡഡ് സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നത് പ്രധാന അധ്യാപകരല്ല  മാനേജ്‌മെന്റാണ്.  കൂടാതെ ഇത്തരം സാഹചര്യങ്ങളില്‍ പ്രധാന അധ്യാപകരില്‍ നിന്ന് തുക തിരിച്ച് പിടിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവും നിലവിലില്ല.  ഇതെല്ലാം പരിഗണിച്ചാണ് വിരമിച്ച അധ്യാപകന്റെ തടഞ്ഞുവെച്ച ഡി.സി.ആര്‍.ജി തുകയായ 1,05,000 രൂപ പരാതിക്കാരന് നല്‍കാന്‍ ഉത്തരവായത്.  ഇത് സംബന്ധിച്ച് കൈകൊണ്ട നടപടികള്‍ ഒരു മാസത്തിനകം കമ്മീഷന്‍ മുമ്പാകെ അറിയിക്കണം.  
    ഭിന്നശേഷിയുള്ള സ്ത്രീക്ക് വികലാംഗര്‍ക്കുള്ള പ്രത്യേക റേഷന്‍ കാര്‍ഡ് അനുവദിച്ചില്ലെന്ന പരാതിയില്‍ ഒരു മാസത്തിനകം അന്വേഷിച്ച് നടപടി എടുക്കാന്‍ ജില്ലാ സപ്ലൈ ഓഫീസറോട് ആവശ്യപ്പെട്ടു.  വികലാംഗ പെന്‍ഷനു പകരം സര്‍വ്വീസ് പെന്‍ഷന്‍ എന്ന് തെറ്റായി രേഖപ്പെടുത്തിയതിനു തുടര്‍ന്ന് മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലായെന്ന പരാതിയില്‍ തെറ്റ് തിരുത്തി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പെടുത്താന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.  
    ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ 57 കേസുകള്‍ കമ്മീഷന്‍ പരിഗണിച്ചു.  19 കേസുകള്‍ ഉത്തരവിനായി മാറ്റി.  പുതിയ ഒമ്പത് പരാതികള്‍ കൂടി കമ്മീഷന് ലഭിച്ചു. 

date