Skip to main content

അക്ഷയ റേഡിയോ പ്രക്ഷേപണത്തിന് ഇന്ന് ജില്ലയില്‍ തുടക്കം

ജില്ലാ ഭരണകൂടവും അക്ഷയ ജില്ലാ പ്രൊജക്ടും സംയുക്തമായി  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയുമായി  സഹകരിച്ച്  നടത്തുന്ന അക്ഷയ റേഡിയോ പ്രക്ഷേപണത്തിന് ഇന്ന് (ജനുവരി 26)  തുടക്കം കുറിക്കും. രാവിലെ എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പരേഡിന് ശേഷം എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍   അക്ഷയ റേഡിയോ തുടക്കം പ്രഖ്യാപനം ചെയ്യും. തുടര്‍ന്ന അക്ഷയയുടെ ലോഗോ പ്രകാശനവും നിര്‍വഹിക്കും.
കേന്ദ്ര-സംസ്ഥാന പ്രാദേശിക ഭരണകൂടങ്ങളുടെ വിവിധ അറിയിപ്പുകളും പദ്ധതികളും പൊതുജനങ്ങളിലേക്ക്  സമയബന്ധിതമായി  ലഭ്യമാക്കുന്ന ഒരു ഇന്റര്‍നെറ്റ് അധിഷ്ഠിത റേഡിയോ പ്രക്ഷേപണമാണ് അക്ഷയ റേഡിയോയിലൂടെ പൊതുജനങ്ങള്‍ക്ക് നല്‍കുക. പ്രക്ഷേപണം മുഴുവന്‍ ആളുകളിലും എത്തിക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളിലും സ്പീക്കര്‍ ബോക്‌സ്  സജ്ജീകരിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസവും രാവിലെ 10 ന് ആരംഭിക്കുന്ന സംപ്രേഷണം ഓരോ മണിക്കൂര്‍ ഇടവിട്ട് വൈകിട്ട് നാലുവരെ ഉണ്ടായിരിക്കുന്നതാണ്.  www.akshayaradio.com എന്ന വെബ്‌സൈറ്റ് വഴി ഇന്ത്യക്കകത്തും പുറത്തുമുളള എതൊരു മലയാളിക്കും ഈ സൗകര്യം ലഭ്യമാവുന്നതാണ്.

 

date