Skip to main content

പരിസ്ഥിതി മിത്രം അവാര്‍ഡ് പ്രഖ്യാപിച്ചു

പരിസ്ഥിതി സംരക്ഷണ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന വ്യക്തികളെയും സംഘടനകളെയും മാധ്യമ പ്രവര്‍ത്തകരേയും ആദരിക്കുന്നതിനായി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള പരിസ്ഥിതി മിത്രം അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. എന്‍.കെ. സുകുമാരന്‍ നായര്‍ (പരിസ്ഥിതി സംരക്ഷകന്‍), വര്‍ഗ്ഗീസ് സി തോമസ്, ചീഫ് സബ് എഡിറ്റര്‍ മലയാള മനോരമ (പരിസ്ഥിതി പത്ര പ്രവര്‍ത്തകന്‍), ബിജു പങ്കജ്, റീജിയണല്‍ എഡിറ്റര്‍, മാതൃഭൂമി, (പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍), പമ്പ പരിരക്ഷണ സമിതി (പരിസ്ഥിതി സംരക്ഷണ സംഘടന) എന്നിവര്‍ക്കാണ് പുരസ്‌കാരം. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.  ലോക തണ്ണീര്‍ത്തട ദിനാചരണത്തോടനുബന്ധിച്ച് ഫെബ്രുവരി രണ്ടിന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. സംസ്ഥാന ടൂറിസം ദേവസ്വം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. വി.എസ്. ശിവകുമാര്‍ എം.എല്‍.എ വിശിഷ്ടാതിഥിയാകും. മേയര്‍ അഡ്വ. വി.കെ പ്രശാന്ത് മുഖ്യ സന്ദേശം നല്‍കും. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, വനം മേധാവി ഡോ. അനില്‍കുമാര്‍ ഭരദ്വാജ്, കേരള ശാസ്ത്രസാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. സുരേഷ് ദാസ്, റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, പത്മ മഹന്തി എന്നിവര്‍ സംബന്ധിക്കും.

പി.എന്‍.എക്‌സ്.395/18

date