Skip to main content

സരസകവി മൂലൂരിന്റെ 150-ാം ജയന്തി ആഘോഷത്തിന് നിയമസഭാ സ്പീക്കര്‍ തുടക്കം കുറിക്കും മൂലൂര്‍ സ്മാരക വാര്‍ഷികവും അവാര്‍ഡ് ദാനവും  ഒന്‍പതു മുതല്‍ 13 വരെ ഇലവുംതിട്ടയില്‍

    സരസകവി മൂലൂര്‍ എസ്.പത്മനാഭ പണിക്കരുടെ 149-ാംമത് ജയന്തിയും സ്മാരകത്തിന്റെ 29-ാമത് വാര്‍ഷികവും അവാര്‍ഡ്ദാനവും ഈമാസം ഒന്‍പതു മുതല്‍ 13 വരെ ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ വിപുലമായ പരിപാടികളോടെ നടക്കും. 2019 മാര്‍ച്ച് വരെ നീണ്ടു നില്‍ക്കുന്ന മൂലൂരിന്റെ 150-ാം ജയന്തി ആഘോഷത്തിനും ഇതോടനുബന്ധിച്ച് തുടക്കമാകും. 
    മൂലൂരിന്റെ149-ാംമത് ജയന്തി ആഘോഷവും സ്മാരകത്തിന്റെ 29-ാംമത് വാര്‍ഷികവും പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകള്‍ ചേര്‍ന്നു നടത്തുന്ന നവോത്ഥാന ചരിത്ര പ്രദര്‍ശനവും ഒന്‍പതിന് ഉച്ചകഴിഞ്ഞ് 2.30ന് തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.  വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കും. 
    10ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന കേരള നവോത്ഥാന സ്മൃതി പിഎസ് സി അംഗം അഡ്വ. റോഷന്‍ റോയ് മാത്യു ഉദ്ഘാടനം ചെയ്യും. യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം അധ്യക്ഷത വഹിക്കും.കേരള നവോത്ഥാനവും വര്‍ത്തമാനകാല യുവതയും എന്ന വിഷയം കെ.വി. സുധാകരന്‍ അവതരിപ്പിക്കും. 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സെമിനാര്‍ മുന്‍ എംപി സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും. സ്ത്രീ സങ്കല്‍പ്പവും യാഥാര്‍ഥ്യവും -അന്നും ഇന്നും എന്ന വിഷയം വി.എസ്. ബിന്ദു അവതരിപ്പിക്കും. തുടര്‍ന്ന് മൂലൂര്‍ വിപഞ്ചിക അവതരിപ്പിക്കുന്ന കലാപരിപാടികള്‍ നടക്കും. 
    12ന് ഉച്ചകഴിഞ്ഞ് രണ്ടിന് നാടന്‍ പാട്ട് മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. തങ്കമ്മ ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ 10ന് കവി സമ്മേളനം ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് മൂലൂരിന്റെ150-ാം ജയന്തി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും 32-ാംമത് മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണവും നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കും. 150-ാം ജന്മ വാര്‍ഷിക പരിപാടികളുടെ രൂപരേഖ മൂലൂര്‍ സ്മാരക കമ്മിറ്റി പ്രസിഡന്റ് കെ.സി. രാജഗോപാലന്‍ അവതരിപ്പിക്കും. സംസ്‌കൃതഭാഷയില്‍ ഡോക്ടറേറ്റ് നേടിയ കെ.കെ. അജയകുമാറിനെ സ്പീക്കര്‍ ആദരിക്കും. 
 

date