Skip to main content

പോസ്‌റ്റോഫീസിനും ലൈബ്രറിക്കും കെട്ടിടം നിര്‍മിച്ച്  കുടുംബശ്രീ അംഗങ്ങളുടെ മഹനീയ മാതൃക

 

 ചിറ്റാര്‍ പഞ്ചായത്തിലെ നീലിപിലാവില്‍ കുടുംബശ്രീ അംഗങ്ങള്‍ പോസ്‌റ്റോഫീസിനും ലൈബ്രറിക്കും കെട്ടിടം നിര്‍മിച്ചു മാതൃകയായി. മഴക്കെടുതിയില്‍ നശിച്ച ജയ് ഭാരത് ലൈബ്രറി ആന്റ് റീഡിംഗ്‌റൂമിന്റെ സ്ഥലത്താണ് ലൈബ്രറിക്കും പോസ്റ്റ്ഓഫീസിനും കെട്ടിടം നിര്‍മിച്ചത്. പോസ്‌റ്റോഫീസ് പ്രവര്‍ത്തിച്ചിരുന്ന വാടക കെട്ടിടം ഒഴിയണമെന്ന് പോസ്റ്റ്മാസ്റ്ററില്‍ നിന്നുമറിഞ്ഞ കുടുംബശ്രീ അംഗങ്ങള്‍ നീലിപിലാവിന്റെ വിലാസം നഷ്ടമാവാതിരിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് എഡിഎസ് കമ്മിറ്റി വിളിച്ചു ചേര്‍ത്തിന്റെ അടിസ്ഥാനത്തില്‍ നീലിപിലാവിലെ 11 കുടുംബശ്രീകളും, 10-ാം വാര്‍ഡിലെ 92 തൊഴിലുറപ്പ് തൊഴിലാളികളും, ആറ് മേസ്തിരിമാരും നാടിന്റെ പൊതുആവശ്യത്തിനായി ഒന്നിച്ചു. 
    കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ് തലങ്ങളില്‍ നടന്ന ബോധവല്‍ക്കരണ പരിപാടികളുടെയും സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിച്ച പ്രചോദനവും ഉള്‍ക്കൊണ്ടാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ പോസ്റ്റോഫീസിനും ലൈബ്രറിക്കും കെട്ടിടം നിര്‍മിക്കുകയെന്ന ഉദ്യമം ഏറ്റെടുത്തത്. ഇതിനായി അവരാല്‍ കഴിയുന്ന പിരിവും ഓരോ തൊഴിലാളിയുടേയും ഒരുദിവസത്തെ വേതനവും ശ്രമദാനവും നല്‍കി. പതിനൊന്ന് കുടുംബശ്രീകളില്‍ നിന്നുമായി18400- രൂപയും തൊഴിലുറപ്പ് മേസ്തിരിമാരില്‍ നിന്നും 4500- രൂപയും തൊഴിലാളികളില്‍ നിന്ന് 22,500 രൂപയും സ്വരൂപിച്ചു. 
    കുറഞ്ഞ വിലയില്‍ കട്ട ലഭ്യമായി. പാറപ്പൊടിയും മെറ്റലും സ്വകാര്യ കമ്പനി സൗജന്യമായി നല്‍കി. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും മെമ്പറുടെയും സഹായത്തോടെ പിരിവുകള്‍ നടത്തി പണി പൂര്‍ത്തീകരിച്ചു. കെട്ടിടം പണിക്കായി1,21,400 രൂപ ചെലവായി. തൊഴിലുറപ്പ്, മേസ്തിരിമാരുടെ ആറ് തൊഴില്‍ ദിനങ്ങളും, തൊഴിലാളികളുടെ 142 തൊഴില്‍ ദിനങ്ങളും കെട്ടിടം പണിക്കായി വിനിയോഗിച്ചു. കുടുംബശ്രീ അംഗങ്ങള്‍ തന്നെ വയറിംഗ് പണികള്‍ക്കും നേതൃത്വം നല്‍കി. സി.ഡി.എസ് മെമ്പറുടെയും എ.ഡി.എസ് പ്രസിഡന്റിന്റെയും മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണം. ഗ്രാമസഭയോ എഡിഎസോ ചേരുന്നതിന്  യാതൊരു സൗകര്യവും നീലിപിലാവിലുണ്ടായിരുന്നില്ല. ഇതിനായി പഞ്ചായത്ത് ശിശുമന്ദിരത്തിന്റെ മുകള്‍ഭാഗം റൂഫ് ചെയ്ത് ഇരുമ്പ് ഗേറ്റ്‌വച്ചു. ഇവിടെ 64 കസേരകളും, 100 സ്റ്റീല്‍ ഗ്ലാസും പരിപാടി നടത്തുന്നതിന് ആവശ്യമായഎല്ലാസൗകര്യവും സജ്ജമാക്കി. 

date