Skip to main content

തദ്ദേശസ്ഥാപനങ്ങള്‍ ലൈഫ്മിഷന്‍ പദ്ധതിക്ക് പ്രാധാന്യം നല്‍കണം

   സംസ്ഥാനസര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക്  പ്രാമുഖ്യം നല്‍കി ജനക്ഷേമത്തിന് മുന്‍തൂക്കം നല്‍കിയുളള പ്രവര്‍ത്തനം തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുണ്ടാകണമെന്ന് ജില്ലാ ആസൂത്രണസമിതി യോഗം ആവശ്യപ്പെട്ടു.  ലൈഫ്മിഷന്‍ പദ്ധതിയില്‍  ജില്ലയിലെ പണിതീരാത്ത വീടുകളുടെ  പൂര്‍ത്തീകരണത്തിന് ഏറ്റവും പ്രാധാന്യം നല്‍കണം.  2017-18 വര്‍ഷത്തെ  നിര്‍ദ്ദേശിക്കപ്പെട്ട  പദ്ധതികളില്‍ അപ്രായോഗികമായവ ഒഴിവാക്കി അവയ്ക്കായുളള  പണം വീടുകളുടെ  പൂര്‍ത്തീകരണത്തിന്  വിനിയോഗിക്കാവുന്നതാണ്, ഇനി മുന്നോട്ടുളള രണ്ടുമാസം  ഏറ്റവും പ്രധാനപ്പെട്ടതായി കരുതണം.  വനിതാഘടക പദ്ധതി ഒഴികെയുളളവ ലൈഫ് പദ്ധതിക്ക് പ്രയോജനപ്പെടുത്താമെന്ന്  ഡിപിസി ചെയര്‍മാന്‍ കൂടിയായ  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ നിര്‍ദ്ദേശിച്ചു. 
    ജില്ലയെ ബാലസൗഹൃദ ജില്ലയായി പ്രഖ്യാപിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങള്‍ കിലയില്‍ നിന്നു ലഭ്യമായ പരിശീലനം ഉപയോഗപ്പെടുത്തണമെന്നും  യോഗം ആവശ്യപ്പെട്ടു.  കുട്ടികളുടെ അവകാശസംരക്ഷണവും അവര്‍ക്കായുളള സുരക്ഷാനടപടികളും ഓരോ തദ്ദേശസ്ഥാപനവും വിലയിരുത്തി ഡിപിസിക്ക് റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശം നല്‍കി.
വിവിധ തദ്ദേശസ്ഥാപനങ്ങളില്‍  ആവശ്യത്തിന്  ഉദ്യോഗസ്ഥരില്ലാത്തതു വഴി  പ്രവൃത്തികള്‍ക്കുണ്ടാകുന്ന തടസ്സങ്ങളും വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍  യോഗത്തില്‍ ഉന്നയിച്ചു.  ഇവ എഴുതി നല്‍കാനും  പരിഹാരത്തിന് ശ്രമിക്കാമെന്നും ചെയര്‍മാന്‍ പറഞ്ഞു.  മഴവെളള സംഭരണം, കുടിവെളള പ്രശ്‌നങ്ങള്‍ എന്നിവയും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു. 
ഡിപിസി ചെയര്‍മാന്‍ എജിസി ബഷീറിന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന യോഗത്തില്‍  വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ  ഫരീദസക്കീര്‍ അഹമ്മദ്, മുംതാസ് സമീറ, പുത്തിഗെ ഡിവിഷന്‍ അംഗം പുഷ്പ അമേക്കള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി  പി നന്ദകുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍  കെ എന്‍ സുരേഷ്, വിവിധ പഞ്ചായത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

date