Skip to main content

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എന്‍.ഒ.സി ലഭിച്ച വാഹനങ്ങള്‍ക്ക് നമ്പര്‍  നല്‍കുന്നതിന് പുതിയ മാര്‍ഗ നിര്‍ദ്ദേശം

 

ഇതര സംസ്ഥാനങ്ങളില്‍ നിന്നും എന്‍.ഒ.സി എടുത്തുവരുന്ന വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലറിറക്കി.  അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണിത്.  

ഇതര സംസ്ഥാനത്ത് നിന്നും എന്‍.ഒ.സി എടുത്ത് കേരളത്തില്‍ പുതിയ നമ്പറിന് വേണ്ടി സമര്‍പ്പിക്കുന്ന ഫോം 27 ലെ അപേക്ഷകളോടെപ്പം അനക്‌സ്ച്വര്‍ ഒന്നില്‍ പ്രതിപാദിച്ചിട്ടുള്ള രേഖകളും സമര്‍പ്പിക്കണം.  

രേഖകള്‍ ഓഫീസ് പി.ആര്‍.ഒ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം അപേക്ഷകനെ റീജിയണല്‍/ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ മുന്‍പാകെ ഹിയറിംഗിന് വിളിക്കണം.  

വാഹനത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍ എന്ന സോഫ്റ്റ്‌വെയറുമായി ഒത്തുനോക്കണം.  വാഹനത്തെ സംബന്ധിച്ച് കേസുകളുണ്ടോയെന്ന് എന്‍.സി.ആര്‍.ബി (NCRB) യുടെ വെബ്‌സൈറ്റില്‍ പരിശോധിക്കണം.

കൗണ്ടര്‍ ക്ലാര്‍ക്ക് വാഹനത്തിന്റെ ഫീസും ടാക്‌സും സ്വീകരിച്ച് വാഹനം പരിശോധനയ്ക്ക് ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കണം.  പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയില്ലെങ്കില്‍ വാഹനത്തിന് അതേ ദിവസം നമ്പര്‍ അനുവദിക്കണം.  അപാകതകള്‍ ഇല്ലാത്ത അപേക്ഷകള്‍ നമ്പരിടാതെ മാറ്റിവയ്ക്കുകയോ സെക്ഷനില്‍ ഏല്‍പ്പിക്കുകയോ ചെയ്യരുത്.

പുതിയ നമ്പര്‍ ലഭിച്ച ഇത്തരം അപേക്ഷകള്‍ക്ക് പുതിയ വാഹനങ്ങള്‍ക്ക് നല്‍കുന്ന ആര്‍.സിയോടൊപ്പം തന്നെ ആര്‍.സി. ബുക്കുകള്‍ നല്‍കണം.  എന്‍.ഒ.സിയുടെ ആധികാരികത രജിസ്റ്ററിംഗ് അതോറിറ്റിയോട് ആവശ്യപ്പെടുകയും സര്‍ട്ടിഫിക്കറ്റ് ഫയലിനോടൊപ്പം ഉള്‍ക്കൊള്ളിക്കുകയും ചെയ്യണം.  

വാഹന പരിശോധനയില്‍ അപേക്ഷയിലെ വിവരങ്ങളും വാഹനത്തിന്റെ വിശദാംശങ്ങളും യോജിക്കുന്നില്ലെങ്കില്‍ വിശദമായി രേഖപ്പെടുത്തി ഫയല്‍ സെക്ഷനില്‍ നല്‍കണം.  ഓഫീസില്‍ നിന്നും നടപടിക്രമം വഴി അപേക്ഷ നിരസിക്കാം.  നിസാരകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷകള്‍ നിരസിക്കരുത്.

അപേക്ഷകന് പുതിയ രജിസ്‌ട്രേഷന്‍ നമ്പര്‍ റിസര്‍വ് ചെയ്യുവാന്‍ താത്പര്യമുണ്ടെങ്കില്‍ ഹിയറിംഗ് സമയത്ത് വിവരം വെള്ളപേപ്പറില്‍ എഴുതി റീജിയണല്‍/ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ അറിയിക്കണം.  വാഹന പരിശോധനയ്ക്ക് ശേഷം ഉദേ്യാഗസ്ഥന്‍ വാഹനത്തിന് പുതിയ നമ്പര്‍ ഇടാതെ അപേക്ഷ ബന്ധപ്പെട്ട സെക്ഷനില്‍ ഏല്‍പ്പിക്കണം.  ഹിയറിംഗ് കഴിഞ്ഞ് ഏഴ് ദിവസം വരെ അപേക്ഷകന് നമ്പര്‍ റിസര്‍വ് ചെയ്യാന്‍ അവസരം നല്‍കണം.  നമ്പര്‍ ബുക്ക് ചെയ്യുന്നതിനും അനുവദിക്കുന്നതിനും സര്‍ക്കുലര്‍ 23/2015 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കണം.  

പി.എന്‍.എക്‌സ്.497/18

date