Skip to main content

ഓരുവെളള ഭീഷണി: സംയുക്തയോഗം ചേരും

 

തണ്ണീര്‍മുക്കം ബണ്ടിലെ ഷട്ടറുകള്‍ അനധികൃതമായി ഉയര്‍ത്തുന്നത് മൂലം ഓരുവെളളം കയറി കൃഷി നാശം ഉണ്ടാകുന്നതിനാല്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് സംയുക്തയോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി അറിയിച്ചു. കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണമെന്ന് വൈക്കം കരിനില വികസന സമിതി പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ ആലപ്പുഴ ജില്ലാ കളക്ടറുമായി ചേര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. മത്സ്യബന്ധനത്തിന് സൗകര്യാര്‍ത്ഥം ഷട്ടറുകള്‍ കല്ലു വച്ച്  ഉയര്‍ത്തുന്നത് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനും മുന്‍വര്‍ഷങ്ങളില്‍ സ്വീകരിച്ചത് പോലെ നേവിയുടെ മുങ്ങല്‍ വിദഗ്ധരെ കൊണ്ട് കല്ലു നീക്കം ചെയ്ത് പ്രദേശത്ത് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുന്നതിനും വേണ്ട നടപടി സ്വീകരിക്കാമെന്ന് കളക്ടര്‍ സമിതിക്ക് ഉറപ്പ് നല്‍കി. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച് രാജ്, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശകുന്തള, ആര്‍ ഡി ഒ രാംദാസ്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജയലളിത, വൈക്കം കരിനില വികസന സമിതി വൈസ് പ്രസിഡന്റ് ഇ. എന്‍. ദാസപ്പന്‍, എക്‌സിക്യുട്ടിവ് മെമ്പര്‍ എം പി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

                                                              (കെ.ഐ.ഒ.പി.ആര്‍-290/18)  

date