Skip to main content
ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം: ജില്ലാതല വിവരശേഖരണത്തിന് മന്ത്രി ഇ.ചന്ദ്രശേഖരന്റെ വസതിയില്‍ തുടക്കം

ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം: ജില്ലാതല വിവരശേഖരണത്തിന് മന്ത്രി ഇ.ചന്ദ്രശേഖരന്റെ വസതിയില്‍ തുടക്കം

  ക്ഷയരോഗം ബാധിക്കുവാന്‍ സാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് വാര്‍ഡ്തലത്തില്‍ നടത്തുന്ന വിവരശേഖരണത്തിന്റെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ വീട്ടില്‍ നടന്നു. മന്ത്രിയുടെയും ഭാര്യ സാവിത്രി, മകള്‍ നീലി ചന്ദ്രന്‍ എന്നിവരുടെയും വിവരങ്ങള്‍ ചെമ്മനാട് പഞ്ചായത്ത് ചെട്ടുംകുഴിയിലെ വസതിയായ പാര്‍വതിയിലെത്തി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി ദിനേശ്കുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ശേഖരിച്ചതോടെയാണ് പരിപാടിക്ക് ജില്ലയില്‍ തുടക്കമായത്. വാളണ്ടിയര്‍മാരായ എന്‍.ബേബി, കെ.സാവിത്രി, കെ.സിന്ധു,ഇ.മാലിനി,എം.പി ജോയി തുടങ്ങിയ വാളണ്ടിയര്‍മാരാണ് മന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ചത്. ജില്ലാ ടിബി ഓഫീസര്‍ ഡോ.ടി.പി ആമിന, ഡോ.സി.എം കായിഞ്ഞി തുടങ്ങിയവര്‍ മന്ത്രിക്ക് പദ്ധതിയുടെ ലക്ഷ്യത്തെക്കുറിച്ച് വിശദീകരിച്ചു. 
    ക്ഷയരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിലൂടെ വ്യക്തമായ ബോധവല്‍ക്കരണം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിലുള്ളവര്‍ ബോധവല്‍ക്കരണത്തിലൂടെ ജനങ്ങളില്‍ ആവശ്യമായ അവബോധമുണ്ടാക്കി കൂട്ടായി പ്രവര്‍ത്തിച്ചാല്‍ ക്ഷയരോഗത്തെ നമ്മുടെ നാട്ടില്‍നിന്നും സമീപഭാവിയില്‍തന്ന ഇല്ലായ്മ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
    ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്തംഗം ആയിഷ ഷഹദുള്ള, ചെമ്മനാട് പഞ്ചായത്ത് ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സി.എം ഷാസിയ, പഞ്ചായത്ത് അംഗങ്ങളായ രേണുക ഭാസ്‌ക്കര്‍, മായ കരുണാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

    സംസ്ഥാന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായി ജില്ലാ ടിബി സെന്ററിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മൂന്നു ലക്ഷത്തോളം വീടുകളില്‍ 3066 വാളണ്ടിയര്‍മാര്‍ വഴിയാണ് വിവരം ശേഖരിക്കുന്നത്. രണ്ടുപേര്‍ ഉള്‍പ്പെട്ടെ സംഘം എല്ലാ ഞായറാഴ്ചകളിലും വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും. വിവരശേഖരത്തിലൂടെ രോഗലക്ഷണമുള്ളവരെ കണ്ടെത്തിയാല്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രികളിലും ലാബുകളിലും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. തുടര്‍ന്ന് ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കി സൗജന്യമരുന്നും നല്‍കും. ആറു മുതല്‍ എട്ടു മാസം വരെ മരുന്ന് കഴിച്ചാല്‍ ക്ഷയരോഗം പൂര്‍ണ്ണമായി ഭേദമാകും. ജില്ലയില്‍ സ്വകാര്യ മേഖലയടക്കം 17 കേന്ദ്രങ്ങളില്‍ സൗജന്യ കഫ പരിശോനയ്ക്ക് സൗകര്യമുണ്ട്. 

റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ വസതിയിലെത്തി വിവരങ്ങള്‍ശേഖരിച്ച്  ക്ഷയരോഗ ബാധിതരെ കണ്ടെത്തുന്നതിനായി നടത്തുന്ന ജില്ലാതല വാര്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചപ്പോള്‍.

date