Skip to main content

ജനാധിപത്യത്തിലെ ഗുണപരമായ സാമൂഹ്യമാറ്റങ്ങള്‍  മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദിത്തം യുവതലമുറയ്ക്ക്  - ഡെപ്യൂട്ടി സ്പീക്കര്‍ * മാതൃകാ നിയമസഭ സംഘടിപ്പിച്ചു 

ജനാധിപത്യസമ്പ്രദായത്തിലെ ഗുണപരമായ സാമൂഹ്യമാറ്റങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്തം യുവതലമുറയ്ക്കുണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി പറഞ്ഞു. കേരള നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രത്തിലെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പഠിതാക്കളുടെ മാതൃകാ നിയമസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്ററി പഠനത്തില്‍ നിന്നാര്‍ജിക്കുന്ന അറിവ് സമൂഹത്തില്‍ പ്രചരിപ്പിക്കാനും പൊതുസമൂഹത്തെയാകെ ജനാധിപത്യത്തോടു ചേര്‍ത്തു നിര്‍ത്താനും കഴിയണം. എല്ലാ ജനാധിപത്യ സമ്പ്രദായങ്ങളും സാമൂഹ്യ, സാമ്പത്തിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ഉപാധികളാണെന്നാണ് ഡോ. ബി.ആര്‍. അംബേദ്കര്‍ നിര്‍വചിച്ചിട്ടുള്ളത്. അത്തരം ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ണതയിലെത്തിക്കാന്‍ യുവാക്കള്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് അധ്യക്ഷത വഹിച്ചു. നിയമസഭാ ജോയന്റ് സെക്രട്ടറി എസ്. ബിന്ദു സ്വാഗതവും ഡെപ്യൂട്ടി സെക്രട്ടറി സക്കറിയ പി. സാമുവല്‍ നന്ദിയും പറഞ്ഞു. 

ചോദ്യോത്തരവേള, അടിയന്തരപ്രമേയം, ശ്രദ്ധക്ഷണിക്കല്‍, സബ്മിഷന്‍, ബില്ലവതരണം എന്നിങ്ങനെ സഭാനടപടികള്‍ ഉള്‍ക്കൊള്ളിച്ച് പഴയ നിയമസഭാ ഹാളിലാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പഠിതാക്കള്‍ക്കായി മാതൃകാ നിയമസഭ സംഘടിപ്പിച്ചത്. 

പി.എന്‍.എക്‌സ്.563/18

date