Skip to main content

കെ. എസ്. ആര്‍. ടി. സി പെന്‍ഷന്‍ കുടിശിക സഹകരണ ബാങ്കുകള്‍ വഴി  20 മുതല്‍ വിതരണം ചെയ്യും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കെ. എസ്. ആര്‍. ടി. സി പെന്‍ഷന്‍ കുടിശിക പ്രാഥമിക സഹകരണ ബാങ്കുകള്‍ മുഖേന ഈ മാസം 20 മുതല്‍ വിതരണം ചെയ്യാന്‍ ആലോചിക്കുന്നതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ഡര്‍ബാര്‍ ഹാളില്‍ നടന്ന സഹകരണ ബാങ്ക് പ്രതിനിധികളുടെ യോഗത്തിനു ശേഷം മാദ്ധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുഴുവന്‍ കുടിശികയും ഈ മാസം തന്നെ വിതരണം ചെയ്യാനാണ് തീരുമാനം. പെന്‍ഷന്‍ വിതരണത്തിനുള്ള സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാകാന്‍ 223 സംഘങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 732 കോടി രൂപയാണ് നല്‍കാന്‍ തയ്യാറായിരിക്കുന്നത്. എന്നാല്‍ പെന്‍ഷന്‍ കുടിശിക നല്‍കാന്‍ 219 കോടി രൂപ മതി. 701 സഹകരണ സംഘങ്ങളെയാണ് വിതരണത്തിനായി നിശ്ചയിച്ചിരിക്കുന്നത്. 39,045 പെന്‍ഷന്‍കാരാണുള്ളത്. കൂടുതല്‍ പേര്‍ തിരുവനന്തപുരത്താണ്, 12266 പേര്‍. 70.31 കോടി രൂപയാണ് തിരുവനന്തപുരം ജില്ലയില്‍ പെന്‍ഷന്‍ കുടിശിക നല്‍കാനുള്ളത്. 

പെന്‍ഷന്‍ കുടിശിക ഏറ്റെടുത്തതിനാല്‍ കെ. എസ്. ആര്‍. ടി. സിക്കൊപ്പം സഹകരണ ബാങ്കുകളും തകരുമെന്ന തരത്തിലെ പരാമര്‍ശങ്ങള്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് അടിസ്ഥാനമില്ല. സഹകരണ ബാങ്കുകളെ സംബന്ധിച്ച് കെ. എസ്. ആര്‍.ടി. സി നല്ല ഇടപാടുകാരനാണ്. നിലവില്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് കെ. എസ്. ആര്‍. ടി. സി 600 കോടി രൂപ വായ്പ എടുത്തിട്ടുണ്ട്. ഇത് കൃത്യമായി തിരിച്ചടയ്ക്കുന്നുമുണ്ട്. കെ. എസ്. ആര്‍. ടി. സിയെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. പെന്‍ഷന്‍ വിതരണത്തിന് മുന്നോടിയായി പെന്‍ഷന്‍കാര്‍ സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുറക്കണം. ആറു മാസത്തിനുള്ളില്‍ തുക ബാങ്കുകള്‍ക്ക് തിരികെ നല്‍കും. പത്തു ശതമാനം പലിശ ലഭിക്കുന്നതിനാല്‍ സഹകരണ ബാങ്കുകളെ സംബന്ധിച്ച് ഇത് ലാഭകരമായ ബിസിനസാണെന്ന് മന്ത്രി പറഞ്ഞു. 198 സംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. 

പി.എന്‍.എക്‌സ്.564/18

date