Skip to main content

പൊതുമേഖലാ സംരക്ഷണം സർക്കാർ ബാധ്യതയായി ഏറ്റെടുക്കും - മുഖ്യമന്ത്രി പിണറായി വിജയൻ

 

* സഹകരണ ബാങ്കുകൾ വഴി കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണോദ്ഘാടനം നിർവഹിച്ചു

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പ്രതിസന്ധി നേരിടുമ്പോൾ സംരക്ഷിക്കേണ്ടത് സർക്കാർ ബാധ്യതയായി ഏറ്റെടുക്കുന്നതിന്റെ ഉദാഹരണമാണ് കെ.എസ്.ആർ.ടി.സി പെൻഷൻ കുടിശ്ശിക തീർക്കാൻ കൈക്കൊണ്ട നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി പുനരുദ്ധാരണം പൂർത്തിയാകുമ്പോൾ പ്രശ്‌നങ്ങൾ പൂർണമായി പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സി പെൻഷൻ സഹകരണ ബാങ്കുകൾ വഴി നൽകുന്നതിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ അധികാരമേറ്റതുമുതൽ കെ.എസ്.ആർ.ടി.സി പ്രതിസന്ധി പരിഹരിക്കാൻ മാർഗങ്ങൾ ആലോചിച്ചതിന്റെ ഭാഗമായാണ് സുശീൽ ഖന്ന കമ്മിറ്റിയെ പഠനത്തിന് നിയോഗിച്ചത്. പ്രാഥമിക റിപ്പോർട്ട് പ്രകാരം കെ.എസ്.ആർ.ടി.സിയെ മാതൃകാ സ്ഥാപനമായി മാറ്റിയെടുക്കാൻ കഴിയുമെന്നാണ് മനസിലാകുന്നത്. സ്ഥാപനത്തിന്റെ നല്ല ഭാവിക്കായി ഇതിനുള്ള പരിഷ്‌കരണ നടപടികളുമായി സഹകരിക്കാൻ ജീവനക്കാരും തയാറായി. നടപടികൾ പൂർത്തിയായി വരുന്നതുവരെ പെൻഷൻ വൈകുന്നത് പെൻഷൻകാരെ വിഷമത്തിലാക്കുന്നതായി സർക്കാർ മനസിലാക്കിയതിനാലാണ് കുടിശ്ശിക വിതരണത്തിന് മറ്റൊരുവഴി കണ്ടെത്തിയത്. 

ബുദ്ധിമുട്ടുകളുണ്ടായെങ്കിലും സർക്കാരിനെ കുറ്റപ്പെടുത്താൻ പെൻഷൻകാർ തയാറാകാത്തത് തങ്ങളെ കൈയൊഴിയാത്ത സർക്കാരാണ് ഇവിടെയുള്ളത് എന്ന ബോധ്യമുള്ളതിനാലാണ്. സഹകരണ മേഖലയുടെ ശേഷിയും കരുത്തും സാമൂഹ്യ പ്രതിബദ്ധതയും വെളിപ്പെടുത്തുന്നതാണ് ഈ നടപടി. കെ.എസ്.ആർ.ടി.സിയെ നിലനിർത്തേണ്ടത് നാടിന്റെ ആവശ്യവും തങ്ങളുടെകൂടി ബാധ്യതയുമാണെന്ന് സഹകരണമേഖലയും തിരിച്ചറിഞ്ഞു.

പൊതുമേഖല തകർന്നുപോകാൻ സർക്കാർ അനുവദിക്കില്ല. അങ്ങനെ ആരും മനപ്പായസം ഉണ്ണണ്ട. കെ.എസ്.ആർ.ടി.സിയും സഹകരണമേഖലയും ജനകീയ അടിത്തറയോടെ ഇനിയും വളരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പേരൂർക്കട, വട്ടിയൂർക്കാവ്, മുട്ടത്തറ സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണം ചെയ്യുന്നവരുടെ പാസ് ബുക്കും ചെക്കുമാണ് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽ വിതരണം ചെയ്തത്. വി. മോഹനകുമാരൻ നായർ ആദ്യ ചെക്ക് ഏറ്റുവാങ്ങി. 

കെ.എസ്.ആർ.ടി.സിയുടെ തിരിച്ചുവരവിലെ ചരിത്രപരമായ നടപടിയാണ് സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. നിയമസഭയിൽ നൽകിയ ഉറപ്പിനേക്കാളും നേരത്തെ വിതരണത്തിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

പെൻഷൻ വിതരണത്തിന് മുഖ്യമന്ത്രി നിർദേശിച്ച അന്നുതന്നെ പദ്ധതി സഹകരണ വകുപ്പ് തയാറാക്കി നൽകിയതായും ജനങ്ങളുടെ സ്വത്തായ കെ.എസ്.ആർ.ടി.സി പുനഃസംഘടനയിലൂടെ പ്രതിസന്ധികൾ അതിജീവിക്കുമെന്നും ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

കൗൺസിലർമാരായ എം.വി. ജയലക്ഷ്മി, ഐഷാ ബേക്കർ, സഹകരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ, കെ.എസ്.ആർ.ടി.ഇ.എ ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ എ. ഹേമചന്ദ്രൻ സ്വാഗതവും തിരുവനന്തപുരം മേഖലാ ഓഫീസർ ഡി. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

പി.എൻ.എക്‌സ്.634/18

date